LiveTV

Live

Entertainment

ഓസ്കറിലെ ഇന്ത്യന്‍ പ്രതീക്ഷ മങ്ങി; വില്ലേജ് റോക്ക്സ്റ്റാര്‍സ് പുറത്ത്

ഓസ്കറിലെ ഇന്ത്യന്‍ പ്രതീക്ഷ മങ്ങി; വില്ലേജ് റോക്ക്സ്റ്റാര്‍സ് പുറത്ത്

ഇന്ത്യന്‍ ചിത്രം വില്ലേജ് റോക്ക്സ്റ്റാര്‍സ് ഓസ്കര്‍ മത്സരത്തില്‍ നിന്ന് പുറത്ത്. മികച്ച വിദേശഭാഷായിനത്തില്‍ നോമിനേഷനുള്ള പരിഗണനാ പട്ടികയില്‍ റിമാ ദാസൊരുക്കിയ വില്ലേജ് റോക്ക്സ്റ്റാര്‍സിന് ഇടംപിടിക്കാനായില്ല. 9 ചിത്രങ്ങളാണ് പരിഗണനാ പട്ടികയില്‍ ഇടംപിടിച്ചത്.

ഓസ്കര്‍ കാര്‍പ്പെറ്റിലെത്താനുള്ള ഇന്ത്യന്‍ പ്രതീക്ഷയെ സഫലമാക്കാന്‍ വില്ലേജ് റോക്ക്സ്റ്റാര്‍സിനും കഴിഞ്ഞില്ല. വിദേശഭാഷാ വിഭാഗത്തില്‍ നോമിനേഷന് പരിഗണിക്കുന്ന ചിത്രങ്ങളുടെ പട്ടികയില്‍ നിന്ന് അസമീസ് ചിത്രം വില്ലേജ് റോക്ക് സ്റ്റാര്‍ പുറത്തായി. അസമിലെ ഛാഹായ്ഗോണ്‍ ഗ്രാമത്തിലെ ധുനുവെന്ന പെണ്‍കുട്ടിയുടെ ഗിറ്റാര്‍ സ്വപ്നം പറഞ്ഞ വില്ലേജ് റോക്ക്സ്റ്റാര്‍സിന് കഴിഞ്ഞ വര്‍ഷത്തെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. ഇന്ത്യന്‍ താരങ്ങല്‍ അണിനിരന്ന നോര്‍വീജിയന്‍ ചിത്രം ‘വാട്ട് വില്‍ പീപ്പില്‍ സെ’യും പട്ടികയില്‍ ഇടംപിടിച്ചില്ല. 87 ചിത്രങ്ങളില്‍ നിന്ന് ~ഒന്‍പതെണ്ണമാണ് ഇടം പിടിച്ചത്. കാനിലെ പുരസ്കാര തിളക്കത്തോടെ ജപ്പാനീസ് ചിത്രം ഷോപ്പ് ലിഫ്റ്റേഴ്സും, ലബനാന്‍ ചിത്രം കാപ്പര്‍ നോമും പട്ടികയിലുണ്ട്. കൂടാതെ മെക്സിക്കന്‍ ചിത്രം റോമ, പോളണ്ടില്‍ നിന്നുള്ള കോള്‍ഡ് വാര്‍, ദക്ഷിണകൊറിയയില്‍ നിന്നുള്ള ബര്‍ണിങ്, കോളംബിയന്‍ ചിത്രം ബേര്‍ഡ്സ് ഓഫ് പാസേജ്, ഡെന്‍മാര്‍ക്ക് ചിത്രം ദ ഗില്‍റ്റി, കസാഖിസ്ഥാന്‍റെ അയ്ക, ജര്‍മനിയുടെ നെവര്‍ ലുക്ക് എവെ എന്നീ ചിത്രങ്ങളാണ് നോമിനേഷനായി മത്സരിക്കുന്നത്. 5 ചിത്രങ്ങളാണ് നോമിനേഷനില്‍ ഇടംപിടിക്കുക. ജനുവരി 7ന് നോമിനേഷനുള്ള വോട്ടിങ് തുടങ്ങും. 22നാണ് ഓസ്കാര്‍ നോമിനേഷന്‍ പ്രഖ്യാപനം. ഫെബ്രുവരി 24നാണ് ഓസ്കാര്‍ പുരസ്കാര ദാനച്ചടങ്ങ്.