ജമാൽ ഖഷോഗിയുടെ കൊലപാതകം ഡോക്യുമെന്ററിയാകുന്നു
സംവിധാനം ഓസ്കാർ അവാർഡ് ജേതാവ് സീന്‍ പെന്‍

മാധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകം ഡോക്യുമെന്ററിയാകുന്നു. സംവിധാനം ചെയ്യുന്നത് മികച്ച നടനുള്ള ഓസ്കാർ അവാർഡ് ലഭിച്ച സീൻ പെൻ ആണ്. മിസ്റ്റിക്ക് റിവർ, മിൽക്ക് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു നേരത്തെ സീൻ പെന്നിന് മികച്ച നടനുള്ള ഓസ്കാർ പുരസ്കാരം ലഭിച്ചത്. ഡോക്യുമെന്ററി ചിത്രീകരണത്തിന്റെ ഭാഗമായി സീൻ പെൻ ഇന്നലെ ഇസ്തൻബുളിലെ സൗദി കോൺസുലേറ്റിന് മുന്നിൽ വന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
2017 മുതൽ അമേരിക്കയിൽ താമസമാക്കിയ ഖഷോഗി ഇക്കഴിഞ്ഞ ഒക്ടോബർ രണ്ടിന് തുർക്കിയിലെ സൗദി കോണ്‍സുലേറ്റിനകത്ത് വെച്ചാണ് കൊല്ലപ്പെട്ടത്. വാഷിംഗ്ടൺ പോസ്റ്റിന്റെ കോളമിസ്റ്റായിരുന്നു ഖഷോഗി. ജമാൽ ഖഷോഗിയുടെ മൃതദേഹം ഇത് വരെ സൗദി കോൺസുലേറ്റിനകത്ത് വെച്ച് കണ്ടെത്താൻ സാധിച്ചിട്ടില്ല. സൗദിയിലെ മുഹമ്മദ് ബിൻ സൽമാന്റെ കടുത്ത വിമർശകനായിരുന്നു ഖഷോഗി. കൊലപാതകത്തിൽ ഇക്കാരണങ്ങളെല്ലാം കാരണമായിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
വൈകാതെ തന്നെ അങ്കാറ സന്ദർശിക്കുന്ന സീൻ പെൻ അവിടെ വെച്ച് തുർക്കി ഒഫീഷ്യലുകളെ ഇൻറർവ്യൂ ചെയ്യുമെന്ന് സബാഹ് പത്രം റിപ്പോർട്ട് ചെയ്യുന്നു.
അതേ സമയം ഖഷോഗിയുടെ മൃതദേഹം കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് തുർക്കി പൊലീസും സർക്കാരും.