LiveTV

Live

Entertainment

കന്നഡ സിനിമ താരവും മുന്‍ കേന്ദ്ര-സംസ്ഥാന മന്ത്രിയുമായ അംബരീഷ് അന്തരിച്ചു  

66 വയസ്സായിരുന്നു. ഹൃദയാഘാതം മൂലം ബംഗലൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

കന്നഡ സിനിമ താരവും മുന്‍ കേന്ദ്ര-സംസ്ഥാന മന്ത്രിയുമായ അംബരീഷ് അന്തരിച്ചു  

കന്നഡ സിനിമ താരവും മുന്‍ കേന്ദ്ര-സംസ്ഥാന മന്ത്രിയുമായ അംബരീഷ് അന്തരിച്ചു. 66 വയസ്സായിരുന്നു. ഹൃദയാഘാതം മൂലം ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അന്ത്യം. ഏറെ നാളായി വൃക്ക- ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അംബരീഷ്. കടുത്ത പ്രമേഹവും അദ്ദേഹത്തിനുണ്ടായിരുന്നു. എം.എല്‍.എ, എം.പി കേന്ദ്രമന്ത്രി സ്ഥാനങ്ങള്‍ വഹിച്ചിരുന്ന അദ്ദേഹം നിരവധി കന്നഡ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിലും സിനിമയിലും തന്റെതായ മികവ് പുലര്‍ത്തിയിരുന്ന മലവള്ളി ഹുച്ചേഗൌഡ അമര്‍നാഥ് എന്ന അംബരീഷ് എന്നും ആരാധകരുടെ സ്വന്തം അമ്പിയണ്ണനായിരുന്നു.

നാഗരാജാവ് എന്ന സിനിമയില്‍ ചെറിയൊരു വേഷത്തിലായിരുന്നു അദ്ദേഹത്തിന്റെ സിനിമാ പ്രവേശനം. പിന്നീട് 1980ല്‍ അന്ത എന്ന സിനിമയിലൂടെയാണ് നായകനായി ഉയര്‍ന്നത്. ശ്രീകുമാരന്‍ തമ്പി സംവിധനം ചെയ്ത ഗാനം എന്ന ചിത്രത്തിലൂടെ അംബരീഷ് മലയാളികള്‍ക്കും സുപരിചിതനായി. തുടര്‍ന്ന് രാഷ്ട്രീയത്തിലും സജീവമായി. 1994ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച അംബരീഷ്, പാര്‍ട്ടി സീറ്റ് നീഷേധിച്ചതിനെ തുടര്‍ന്ന് 96-ല്‍ ജനതാദളില്‍ ചേര്‍ന്നു. 1998-ലെ പൊതു തെരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ മാണ്ഡ്യയില്‍ മത്സരിച്ച അംബരീഷ് രണ്ട് ലക്ഷത്തിനടുത്ത് വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയത്.

പിന്നീട് കോണ്‍ഗ്രസില്‍ മടങ്ങിയെത്തിയ അദ്ദേഹം മാണ്ഡ്യയില്‍ നിന്നും രണ്ട് തവണ കൂടി ലോക്‌സഭയിലേക്ക് ജയിച്ചു. 2006-ല്‍ ഒന്നാം യു.പി.എ സര്‍ക്കാരില്‍ വാര്‍ത്താവിനിമയ വകുപ്പിന്റെ ചുമതലയുള്ള സഹമന്ത്രിയായി അദ്ദേഹം ചുമതലയേറ്റു. നാല് മാസത്തിന് ശേഷം കാവേരി ട്രിബ്യൂണലിന്റെ വിധിയില്‍ പ്രതിഷേധിച്ച് മന്ത്രിസ്ഥാനം രാജി വെക്കുകയായിരുന്നു. തെന്നിന്ത്യന്‍ താരം സുമലതയാണ് ഭാര്യ. 2016ൽ പുറത്തിറങ്ങിയ 'രാജസിംഹ'യാണ് അദ്ദേഹം അഭിനയിച്ച അവസാന ചിത്രം.