LiveTV

Live

Entertainment

‘രാഷ്ട്രീയം തന്നെയാണ് ലൂസിഫറിന്റെ പശ്ചാത്തലം, ആട് ജീവിതത്തിലെ റഹ്‌മാന്റെ സംഗീതം മനോഹരം’; പൃഥ്വിരാജ്

‘രാഷ്ട്രീയം തന്നെയാണ് ലൂസിഫറിന്റെ പശ്ചാത്തലം, ആട് ജീവിതത്തിലെ റഹ്‌മാന്റെ സംഗീതം മനോഹരം’; പൃഥ്വിരാജ്

രാഷ്ട്രീയം തന്നെയാണ് ലൂസിഫറിന്റെ പശ്ചാത്തലമെന്നും ആട് ജീവിതത്തിലെ എ.ആര്‍ റഹ്‌മാന്റെ സംഗീതം മനോഹരമാണെന്നും നടന്‍ പൃഥ്വിരാജ്. ഫേസ്ബുക്ക് ആസ്ഥാനത്ത് വെച്ച് 9 സിനിമയുടെ വിശേഷങ്ങള്‍ പങ്ക് വെക്കുന്നതിനിടയിലാണ് പൃഥ്വിരാജ് വരാനിരിക്കുന്ന സിനിമകളെ കുറിച്ച് മനസ്സ് തുറന്നത്. സച്ചി തിരക്കഥയിലുള്ള ഡ്രൈവിംഗ് ലൈസൻസ് എന്ന ചിത്രമാകും ലൂസിഫറിന് ശേഷം ചിത്രീകരണം ആരംഭിക്കുകയെന്നും പൃഥ്വിരാജ് പറഞ്ഞു. സുരാജ് വെഞ്ഞാറമൂട് ഡ്രൈവിംഗ് ലൈസൻസില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. കോമഡി മൂഡിലുള്ള സിനിമയായിരുക്കും ഡ്രൈവിംഗ് ലൈസൻസ് പ്രേക്ഷകരിലേക്ക് എത്തുകയെന്ന് പൃഥ്വിരാജ് പറഞ്ഞു. അതിന് ശേഷം കലാഭവന്‍ ഷാജോണിന്റെ സംവിധാനത്തിലുള്ള ബ്രദേയ്സ് ഡേ എന്ന ചിത്രമാകും പുറത്തിറങ്ങുക. ആട് ജീവിതം സിനിമയുടെ ആദ്യ ഷെഡ്യൂൾ പൂർത്തിയായതായും രണ്ടാം ഷെഡ്യൂൾ ജനുവരി പകുതിയില്‍ ആരംഭിക്കുമെന്നും പൃഥ്വിരാജ് പറഞ്ഞു. എസ്. മഹേഷിന്റെ സംവിധാനത്തിലുള്ള കാളിയൻ വൈകാതെ പുറത്തിറങ്ങും.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ആഗോള സിനിമ നിര്‍മ്മാണ കമ്പനിയായ സോണി പിക്ചേഴ്സും ആദ്യമായി കൈകോര്‍ക്കുന്ന ചിത്രം 9 2019 ഫെബ്രുവരി 7ന് റിലീസ് ചെയ്യും. ഫേസ്ബുക്കിന്റെ മുംബൈയിലെ ആസ്ഥാനത്ത് നിന്നും ഫേസ്ബുക്ക് ലൈവിലൂടെയാണ് പൃഥ്വിരാജ് റിലീസ് തിയ്യതി പ്രഖ്യാപിച്ചത്. നവംബർ 16 നായിരുന്നു നേരത്തെ 9 റിലീസ് പ്രഖ്യാപിച്ചിരുന്നത്. സിനിമയുടെ പൂർണതക്ക് കൂടുതൽ സമയം ആവശ്യമുള്ളത് കൊണ്ടാണ് റിലീസ് തിയ്യതി നീട്ടി വെച്ചതെന്ന് പൃഥ്വിരാജ് പറഞ്ഞു. ആഗോള തലത്തിലുള്ള സംഭവത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു അച്ഛന്റെയും മകന്റെയും കഥയാണ് 9 എന്ന് പൃഥ്വിരാജ് പറഞ്ഞു. സയൻസ് ഫിക്ഷൻ, ഹൊറർ, സൈക്കളോജിക്കൽ ഘടകങ്ങൾ 9 സിനിമയുടെ ഭാഗമാണെന്നും പൃഥ്വിരാജ് പറയുന്നു.

പ്രകാശ് രാജ്, വാമിഖ ഗബ്ബി, മംമ്ത മോഹന്‍ദാസ്, ആലോക് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ജെനുസ് മൊഹമ്മദാണ് ചിത്രത്തിന്റെ സംവിധാനം. ഡിസംബറിലാകും 9 സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങുക.