LiveTV

Live

Entertainment

‘ദേശീയ പുരസ്‌കാര വേദിയിൽ നേരിട്ട അപമാനത്തേക്കാൾ വലുത്’; ആളൊരുക്കം തഴയപ്പെട്ടതില്‍ പ്രതിഷേധവുമായി സംവിധായകന്‍ 

‘ദേശീയ പുരസ്‌കാര വേദിയിൽ നേരിട്ട അപമാനത്തേക്കാൾ വലുത്’; ആളൊരുക്കം തഴയപ്പെട്ടതില്‍ പ്രതിഷേധവുമായി സംവിധായകന്‍ 

23-ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ നിന്നും ആളൊരുക്കം എന്ന സിനിമ തഴയപ്പെട്ടതില്‍ പ്രതിഷേധവുമായി സംവിധായകന്‍ വി.സി അഭിലാഷ്. ഈ വര്‍ഷത്തെ മികച്ച സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും ഇന്ദ്രന്‍സിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും നേടിക്കൊടുത്ത ആളൊരുക്കം ചലച്ചിത്ര മേളയില്‍ നിന്ന് ഒഴിവാക്കിയത് സങ്കടകരവും അപമാനകരമാണെന്ന് സംവിധായകന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങൾക്ക് പുറമെ 4 വിഭാഗങ്ങളിൽ കേരളാ ഫിലിം ക്രിട്ടിക്സ് പുരസ്‌കാരങ്ങൾ, പ്രഥമ തിലകൻ സ്മാരക പെരുന്തച്ചൻ അവാർഡ്, അടൂർഭാസി പുരസ്‌കാരം, വിദേശത്തും സ്വദേശത്തുമായി അര ഡസനിലേറെ ഫിലിം ഫെസ്‌റ്റിവലുകളിലെ പ്രദർശനം- എന്നിങ്ങനെ ഒട്ടേറെ അംഗീകാരങ്ങൾ നേടിയിട്ടുണ്ടെന്ന് സംവിധായകന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

'ദേശീയ അവാർഡ് വാങ്ങിയ ആളൊരുക്കം എന്ത് കൊണ്ട് ഇത്തവണ മേളയിൽ ഉൾപ്പെടുത്തിയില്ല?'- എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അത് സാമൂഹിക പ്രസക്തിക്കുള്ള അവാർഡാണ് വാങ്ങിയത് എന്നായിരുന്നു ജൂറിയുടെ വിശദീകരണമെന്നാണ് സംവിധായകന്‍ പറയുന്നത്.

Also read: കേരള അന്താരാഷ്ട്ര ചലച്ചിത്രമേള; സുഡാനി ഫ്രം നൈജീരിയ, ഈ.മ.യൗ മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കും  

മലയാള സിനിമകളുടെ എണ്ണം കൂട്ടിയിട്ടും, നവാഗതര്‍ക്ക് പ്രാധാന്യം നല്‍കിയിട്ടും ആളൊരുക്കം ചിത്രം ഒഴിവാക്കിയെങ്കില്‍ അത്ര മോശം സിനിമയായിരുന്നോ ഇതെന്നും സംവിധായകന്‍ ചോദിക്കുന്നുണ്ട്.

ഡിസംബര്‍ ഏഴ് മുതല്‍ പതിനൊന്ന് വരെ നടക്കുന്ന ചലച്ചിത്രമേളയില്‍ 120 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ‘മലയാള സിനിമ ഇന്ന്’ എന്ന വിഭാഗത്തിലേക്ക് 12 ചിത്രങ്ങളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇതില്‍ 10 ചിത്രങ്ങളും പുതുമുഖ സംവിധായകരുടേതാണ്. ഓത്ത്, പറവ, ഭയാനകം, ഉടലാഴം, മായാനദി, ബിലാത്തിക്കുഴല്‍, പ്രതിഭാസം, ഈട, കോട്ടയം, ഹ്യൂമന്‍സ് ഓഫ് സംവണ്‍, സ്ലീപ്ലസ്ലി യുവേര്‍സ്, ആവേ മരിയ എന്നിവയാണ് മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുക. സംവിധായകന്‍ സിബി മലയില്‍, ജോര്‍ജ് കിത്തു, ഫാറൂഖ് അബ്ദുള്‍ റഹ്മാന്‍, ഡോ. ടി. അനിത, ഡോ. വി. മോഹനകൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളായുള്ള സമിതിയാണ് ചിത്രങ്ങള്‍ തെരഞ്ഞെടുത്തത്.

ഐ.എഫ്.എഫ്.കെയുടെ ഡെലിഗേറ്റ് രജിസ്ട്രേഷൻ നവംബർ 1 മുതൽ ആരംഭിക്കുമെന്ന് കേരള ചലച്ചിത്ര അക്കാദമി അറിയിച്ചു. ചലച്ചിത്ര അക്കാദമിയുടെ കണ്ണൂർ, കോഴിക്കോട്, തൃശൂർ, കോട്ടയം, തിരുവനന്തപുരം എന്നീ മേഖലാ കേന്ദ്രങ്ങൾ വഴി ഓഫ് ലൈൻ രജിസ്ട്രേഷനും ചെയ്യാവുന്നതാണ്. ഓരോ മേഖലാ കേന്ദ്രത്തിൽ നിന്നും 500 പാസ്സുകൾ വീതം വിതരണം ചെയ്യും. ഇതിൽ 200 പാസുകൾ 50 വയസ്സിന് മുകളിലുള്ള വ്യക്തികൾക്കായി നീക്കി വെച്ചിട്ടുള്ളതാണ്.

ഓൺ ലൈൻ രജിസ്ട്രേഷൻ നവംബർ 10 മുതൽ ആരംഭിക്കുമെന്നും ചലച്ചിത്ര അക്കാദമി അറിയിച്ചു. ഇപ്രാവശ്യം സൗജന്യ പാസുകൾ അനുവദിക്കുന്നതല്ല. ഡെലിഗേറ്റ് ഫീയായി 2000 രൂപയും വിദ്യാർത്ഥികൾക്ക് പകുതി നിരക്കിലുമാണ് പാസുകൾ ലഭ്യമാക്കുകയെന്നും ചലച്ചിത്ര അക്കാദമി അറിയിച്ചു.