LiveTV

Live

Entertainment

കേരള അന്താരാഷ്ട്ര ചലച്ചിത്രമേള; സുഡാനി ഫ്രം നൈജീരിയ, ഈ.മ.യൗ മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കും  

കേരള അന്താരാഷ്ട്ര ചലച്ചിത്രമേള; സുഡാനി ഫ്രം നൈജീരിയ, ഈ.മ.യൗ  മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കും  

23-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തിലേക്ക് നവാഗതനായ സകരിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയയും, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ.മ.യൗ-വും തെരഞ്ഞെടുത്തു. 2018 ഡിസംബർ 7 മുതൽ 13 വരെ തിരുവനന്തപുരത്താണ് അന്താരാഷ്ട്ര ചലച്ചിത്രമേള അരങ്ങേറുക. ‘മലയാള സിനിമ ഇന്ന്’ വിഭാഗത്തിൽ 12 ചിത്രങ്ങളാവും പ്രദർശിപ്പിക്കുക. ആകെയുള്ള 14 ചിത്രങ്ങളിൽ 10 എണ്ണവും നവാഗത സംവിധായകരുടേതാണെന്ന പ്രത്യേകതയും ഇപ്രാവശ്യത്തെ ചലച്ചിത്രോത്സവത്തിനുണ്ട്. പി.കെ ബിജു കുട്ടൻ സംവിധാനം ചെയ്ത ഒാത്ത്, സൗബിൻ ഷാഹിറിന്റെ പറവ, ജയരാജിന്റെ ഭയാനകം, ഉണ്ണികൃഷ്‌ണൻ ആവളയുടെ ഉടലാഴം, ആഷിഖ് അബുവിന്റെ മായാ നദി, വിനു എ.കെയുടെ ബിലാത്തിക്കുഴൽ, വിപിൻ വിജയ്യുടെ പ്രതിഭാസം, ബി.അജിത്ത് കുമാറിന്റെ ഈട, ബിനു ഭാസ്‌കർ സംവിധാനം ചെയ്ത കോട്ടയം, സുമേഷ് ലാലിന്റെ ഹ്യൂമൻസ് ഓഫ് സംവൺ, ഗൗതം സൂര്യയുടെ സ്ലീപ്‌ലെസ്സ്‌ലി യുവേഴ്സ്, വിപിൻ രാധാകൃഷ്‍ണന്റെ ആവേ മരിയ എന്നീ സിനിമകളാണ് ‘മലയാള സിനിമ ഇന്ന്’ വിഭാഗത്തിൽ പ്രദർശിപ്പിക്കുക.

സംവിധായകൻ സിബി മലയിൽ ചെയർമാനും ജോർജ്ജ് കിത്തു, ഫാറൂഖ് അബ്ദുൾ റഹിമാൻ, ഡോ. ടി.അനിത കുമാരി, ഡോ.വി.മോഹന കൃഷ്‍ണൻ എന്നിവർ അംഗങ്ങളായ സമിതായാണ് ചിത്രങ്ങൾ തെരഞ്ഞെടുത്തത്.

ഐ.എഫ്.എഫ്.കെയുടെ ഡെലിഗേറ്റ് രജിസ്ട്രേഷൻ നവംബർ 1 മുതൽ ആരംഭിക്കുമെന്ന് കേരള ചലച്ചിത്ര അക്കാദമി അറിയിച്ചു. ചലച്ചിത്ര അക്കാദമിയുടെ കണ്ണൂർ, കോഴിക്കോട്, തൃശൂർ, കോട്ടയം, തിരുവനന്തപുരം എന്നീ മേഖലാ കേന്ദ്രങ്ങൾ വഴി ഓഫ് ലൈൻ രജിസ്ട്രേഷനും ചെയ്യാവുന്നതാണ്. ഓരോ മേഖലാ കേന്ദ്രത്തിൽ നിന്നും 500 പാസ്സുകൾ വീതം വിതരണം ചെയ്യും. ഇതിൽ 200 പാസുകൾ 50 വയസ്സിന് മുകളിലുള്ള വ്യക്തികൾക്കായി നീക്കി വെച്ചിട്ടുള്ളതാണ്.

ഓൺ ലൈൻ രജിസ്ട്രേഷൻ നവംബർ 10 മുതൽ ആരംഭിക്കുമെന്നും ചലച്ചിത്ര അക്കാദമി അറിയിച്ചു. ഇപ്രാവശ്യം സൗജന്യ പാസുകൾ അനുവദിക്കുന്നതല്ല. ഡെലിഗേറ്റ് ഫീയായി 2000 രൂപയും വിദ്യാർത്ഥികൾക്ക് പകുതി നിരക്കിലുമാണ് പാസുകൾ ലഭ്യമാക്കുകയെന്നും ചലച്ചിത്ര അക്കാദമി അറിയിച്ചു.