LiveTV

Live

Entertainment

ആരോപണങ്ങള്‍ തള്ളി വൈരമുത്തു, നുണയനെന്ന് ചിന്മയി

‘നിങ്ങളെന്ത് പറഞ്ഞാലും വൈരമുത്തു ലൈംഗികാതിക്രമം നടത്തുന്ന മൃഗമാണ്. എന്റെ മരണം വരെ അതുതന്നെയാണ് അഭിപ്രായം’

ആരോപണങ്ങള്‍ തള്ളി വൈരമുത്തു, നുണയനെന്ന് ചിന്മയി

മിടൂ കാമ്പയിന്റെ ഭാഗമായി പേരുവെളിപ്പെടുത്താത്ത ഒരു യുവതിയാണ് ആദ്യമായി തമിഴ് ഗാനരചയിതാവ് വൈരമുത്തുവിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. വൈരമുത്തുവിന്റെ കോടമ്പാക്കത്തെ വീട്ടില്‍ വെച്ച് കടന്ന് പിടിച്ചെന്നായിരുന്നു ആരോപണം. ഇതിന് പിന്നാലെ ഗായിക ചിന്മയിയും വൈരമുത്തുവിനെതിരെ ആരോപണവുമായെത്തി. ചിന്മയിയുടെ ആരോപണം വൈരമുത്തു നിഷേധിച്ചിരുന്നു.

'പ്രസിദ്ധരായവര്‍ക്കെതിരെ ആരോപണങ്ങളുന്നയിക്കുന്നത് ഇന്ന് ഒരു രീതിയായിരിക്കുകയാണ്. എല്ലാക്കാലത്തും എന്നെ അപമാനിക്കാന്‍ ശ്രമങ്ങളുണ്ടായിട്ടുണ്ട്. ഇതും അത്തരത്തിലൊന്നാണ്. സത്യം മാത്രമേ ഞാന്‍ കണക്കിലെടുക്കുന്നുള്ളൂ. കാലം സത്യമെന്തെന്ന് തെളിയിക്കും' എന്നായിരുന്നു വൈരമുത്തു പറഞ്ഞത്.

വൈരമുത്തുവിന്റെ പ്രതികരണത്തോടെ വൈകാതെ ട്വിറ്ററിലൂടെയാണ് ചിന്മയി മറുപടി നല്‍കിയത്. 'നുണയന്‍' എന്ന് മാത്രമായിരുന്നു ചിന്മയിയുടെ മറുപടി. 'ചാനലുകളില്‍ എന്നെക്കുറിച്ച് ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നവരോട് ഒന്നേ പറയാനുള്ളൂ. നിങ്ങളെന്ത് പറഞ്ഞാലും വൈരമുത്തു ലൈംഗികാതിക്രമം നടത്തുന്ന മൃഗമാണ്. എന്റെ മരണം വരെ അതുതന്നെയാണ് അഭിപ്രായം' എന്നും ചിന്മയി ട്വീറ്റ് ചെയ്തു. ദേശീയ ചാനലുകള്‍ പോലും വാര്‍ത്ത നല്‍കുമ്പോള്‍ വൈരമുത്തുവിനെതിരായ ആരോപണത്തെ വാര്‍ത്തയാക്കാത്ത തമിഴ് ചാനലുകളേയും ചിന്മയി വിമര്‍ശിച്ചു.

സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ഒരു ആല്‍ബത്തില്‍ പാടാനായി പോയപ്പോള്‍ 2005ലോ 2006ലോ നടന്ന സംഭവമാണ് ചിന്മയി തുറന്നു പറഞ്ഞത്. കൂടെയുള്ളവരെ പറഞ്ഞയച്ച് എന്നോടും അമ്മയോടും മാത്രം നില്‍ക്കാന്‍ പറഞ്ഞ സംഘാടകര്‍ വൈരമുത്തുവിനെ ഹോട്ടലില്‍ ചെന്ന് കാണാന്‍ പറഞ്ഞു. 'സഹകരിക്കണം' എന്നായിരുന്നു ആവശ്യം. എന്തിന് സഹകരിക്കണം എന്ന് ചോദിച്ചു. അവരുടെ ആവശ്യം ഞാന്‍ നിരാകരിച്ചു. നാട്ടിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ നിങ്ങളുടെ കരിയര്‍ ഉണ്ടാവില്ലെന്നായിരുന്നു അയാള്‍ പറഞ്ഞത്. കരിയറും വേണ്ട ഒരും മണ്ണും വേണ്ടെന്ന് പറഞ്ഞാണ് ഞങ്ങള്‍ തിരിച്ച് വിമാനം കയറിയതെന്നാണ് ചിന്മയി പറഞ്ഞത്.

കണ്ണത്തില്‍ മുത്തമിട്ടാല്‍ എന്ന മണിരത്‌നം ചിത്രത്തിലെ എആര്‍ റഹ്മാന്‍ ഈണം നല്‍കിയ ഒരു ദൈവം തന്ത പൂവേ... എന്ന പാട്ടിലൂടെയാണ് ചിന്മയി സിനിമയിലെത്തുന്നത്. തമിഴ്, തെലുങ്ക്, തുളു, മലയാളം, ഹിന്ദി സിനിമകളിലായി ആയിരത്തിലേറെ പാട്ടുകള്‍ പാടിയിട്ടുള്ള ഗായികയാണ് ചിന്മയി.