LiveTV

Live

Entertainment

#MeTooവില്‍ ഐശ്വര്യ റായ്

നേരത്തെ സോനം കപൂര്‍, സ്വര ഭാസ്‌കര്‍, ട്വിങ്കിള്‍ ഖന്ന, പ്രിയങ്ക ചോപ്ര തുടങ്ങി പ്രമുഖരായ ബോളിവുഡ് നടിമാര്‍ #MeToo കാമ്പയിന്റെ ഭാഗമായി വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു...

#MeTooവില്‍ ഐശ്വര്യ റായ്

ഹോളിവുഡിനു പിന്നാലെ #MeToo വെളിപ്പെടുത്തലുകള്‍ ബോളിവുഡിനേയും പിടിച്ചുലക്കുകയാണ്. തങ്ങള്‍ നേരിടേണ്ടി വന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് നിരവധി പേരാണ് തുറന്നുപറച്ചില്‍ നടത്തിയിരിക്കുന്നത്. ഐശ്യര്യറായും #MeToo കാമ്പയിന്റെ ഭാഗമായി ബോളിവുഡില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ ആവര്‍ത്തിച്ചു.

നേരത്തെ സോനം കപൂര്‍, സ്വര ഭാസ്‌കര്‍, ട്വിങ്കിള്‍ ഖന്ന, പ്രിയങ്ക ചോപ്ര തുടങ്ങി പ്രമുഖരായ ബോളിവുഡ് നടിമാര്‍ #MeToo കാമ്പയിന്റെ ഭാഗമായി വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. 'ഇത്തരംകാര്യങ്ങളെക്കുറിച്ച് എല്ലാക്കാലത്തും തുറന്നുപറഞ്ഞിട്ടുണ്ട്. ഇപ്പോഴും, ഭാവിയിലും അത് തുടരുകയും ചെയ്യും' എന്നാണ് ഐശ്വര്യ റായ് പറഞ്ഞത്.

ഇപ്പോഴത്തെ തുറന്നുപറച്ചിലുകളില്‍ സോഷ്യല്‍മീഡിയക്കുള്ള പ്രാധാന്യവും മുന്‍ മിസ് വേള്‍ഡ് സൂചിപ്പിച്ചു'ലോകത്തെ ഏതുഭാഗത്തുള്ള സ്ത്രീകള്‍ക്കും തങ്ങള്‍ നേരിടുന്ന അതിക്രമങ്ങള്‍ തുറന്നുപറയാനുള്ള വേദിയാണ് സോഷ്യല്‍മീഡിയയിലൂടെ ലഭിക്കുന്നത്. സ്വന്തം അഭിപ്രായങ്ങളും അനുഭവങ്ങളും തുറന്നുപറയാന്‍ ആത്മവിശ്വാസം ലഭിക്കുന്നത് വലിയ കാര്യമാണ്. ഇപ്പോള്‍ ഇത്തരം തുറന്നുപറച്ചിലുകള്‍ കൂടുതലായി ഉണ്ടാകുന്നത് നല്ല സൂചനയാണ്'

തന്നോട് സല്‍മാന്‍ഖാന്‍ മോശമായി പെരുമാറിയെന്നും ചതിച്ചെന്നും 2002ല്‍ തന്നെ ഐശ്വര്യ റായ് തുറന്നടിച്ചിരുന്നു. ശാരീരികമായി സല്‍മാന്‍ തന്നെ ഉപദ്രവിച്ചെന്നും ഐശ്വര്യ പറഞ്ഞു. ' ഞങ്ങള്‍ പിരിഞ്ഞതിന് ശേഷം സല്‍മാന്‍ വിളിച്ച് മോശംഭാഷയില്‍ സംസാരിക്കാറുണ്ടായിരുന്നു. എന്നെ ശാരീരികമായി പോലും ഉപദ്രവിച്ചു. പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട് മാത്രമായിരുന്നു. ഒന്നും സംഭവിക്കാത്തതുപോലെയായിരുന്നു ഇത്തരം അനുഭവങ്ങള്‍ക്കുശേഷവും ഞാന്‍ ജോലിക്ക് പോയിരുന്നത്.' എന്നായിരുന്നു ഐശ്യര്യ റായ് പറഞ്ഞത്.

1999ല്‍ സഞ്ജയ് ലീല ബന്‍സാലിയുടെ ഹം ദില്‍ ദേ ചുകേ സനം എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനിടെയാണ് സല്‍മാനും ഐശ്യര്യയും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ വന്നത്. 2002 മാര്‍ച്ച് വരെ ഇവരുടെ ബന്ധം തുടര്‍ന്നു.

നാന പടേക്കര്‍ക്കെതിരെ തനുശ്രീ ദത്ത ലൈംഗികാരോപണം ഉന്നയിച്ചതോടെയാണ് ബോളിവുഡില്‍ #MeToo കാമ്പയിന് ചൂടുപിടിക്കുന്നത്. ഹോണ്‍ ഒകെ പ്ലീസ് എന്ന സിനിമയുടെ സെറ്റില്‍ വെച്ച് 2008ല്‍ തനിക്കെതിരെ നാന പടേക്കര്‍ മോശമായി പെരുമാറിയെന്നായിരുന്നു തനുശ്രീ ദത്തയുടെ തുറന്നുപറച്ചില്‍. തങ്ങളുടെ മോശം അനുഭവങ്ങള്‍ പലരും തുറന്നുപറഞ്ഞതോടെ ക്വീന്‍ സംവിധായകന്‍ വികാസ് ബാല്‍, ഗുര്‍സിമ്രാന്‍ കാംബ, ഉത്സവ് ചക്രവര്‍ത്തി, അലോക് നാഥ് തുടങ്ങി നിരവധി പ്രമുഖര്‍ ആരോപണ വിധേയരായി.

കോളിവുഡില്‍ ഗാനരചയിതാവ് വൈരമുത്തുവിനും നടന്‍ രാധരവിക്കുമെതിരെ പേരുവെളിപ്പെടുത്താത്ത യുവതികള്‍ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. മലയാള നടന്‍ മുകേഷിനെതിരെ സിനിമ സാങ്കേതിക പ്രവര്‍ത്തകയായ ടെസ്സ് ജോസഫ് ആരോപണം ഉന്നയിച്ചിരുന്നു. 19 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സ്വകാര്യ ടെലിവിഷന്‍ ചാനല്‍ പരിപാടിക്കിടെ മുകേഷ് മോശമായി പെരുമാറിയെന്നാണ് ടെസ്സിന്റെ ആരോപണം.