LiveTV

Live

Entertainment

നടന്മാരുടെ ചൂഷണം, കരിയര്‍ നശിച്ച് ആത്മഹത്യ ചെയ്ത നടിമാര്‍.. സിനിമയിലെ പുരുഷാധിപത്യം തുറന്നുപറഞ്ഞ് രവീണ

നാനാ പടേക്കര്‍ ലൈംഗിക ചൂഷണത്തിന് ശ്രമിച്ചെന്ന് തുറന്നുപറഞ്ഞ നടി തനുശ്രീ ദത്തയ്ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് രവീണ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയത്.

നടന്മാരുടെ ചൂഷണം, കരിയര്‍ നശിച്ച് ആത്മഹത്യ ചെയ്ത നടിമാര്‍.. സിനിമയിലെ പുരുഷാധിപത്യം തുറന്നുപറഞ്ഞ് രവീണ

ബോളിവുഡില്‍ നടിമാര്‍ എങ്ങനെയാണ് ചൂഷണം ചെയ്യപ്പെടുന്നതെന്ന് തുറന്നുപറഞ്ഞ് നടി രവീണ ടണ്ടന്‍. നാനാ പടേക്കര്‍ ലൈംഗിക ചൂഷണത്തിന് ശ്രമിച്ചെന്ന് തുറന്നുപറഞ്ഞ നടി തനുശ്രീ ദത്തയ്ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് രവീണ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയത്.

താന്‍ സിനിമാ മേഖലയിലുണ്ടായിരുന്ന 90കളെ കുറിച്ചാണ് രവീണ പറഞ്ഞത്. അക്കാലത്ത് വിവാഹിതരായ നടന്മാര്‍ സിനിമയിലെ നായികമാരായ യുവനടിമാരുമായി ബന്ധമുണ്ടാക്കും. ആ ബന്ധങ്ങള്‍ അവര്‍ക്ക് നേരംപോക്ക് മാത്രമാണ്. അല്ലാതെ ആത്മാര്‍ത്ഥതയോ പ്രതിബദ്ധതയോ ഇല്ല. നടി ആ ബന്ധം ഗൌരവമായിട്ടെടുത്താല്‍ പിന്നെ അവളുടെ തകര്‍ച്ച തുടങ്ങുകയായി.

നായകന്‍ പിന്നെ അവളോട് സംസാരിക്കില്ല. നേരത്തെ തീരുമാനിക്കപ്പെട്ട സിനിമകള്‍ പോലും നടിക്ക് നഷ്ടമാകും. എല്ലാം തീരുമാനിക്കുക നായകനും അയാളുടെ സഹായികളുമാണ്. എന്തെങ്കിലും വെളിപ്പെടുത്തിയാല്‍ വ്യക്തിഹത്യ നടത്തുമെന്ന് നടിയെ ഭീഷണിപ്പെടുത്തുമെന്നും രവീണ പറഞ്ഞു. എന്നിട്ട് അടുത്ത ഇരയെ തേടി പോകും. താരഭര്‍ത്താക്കന്‍മാരുടെ ഇത്തരം ചെയ്തികള്‍ക്കെതിരെ നിശബ്ദരായിരിക്കുകയാണ് ഭാര്യമാരും കാമുകിമാരുമെന്നും രവീണ പറഞ്ഞു.

സിനിമാ മേഖലയില്‍ പുരുഷാധിപത്യം നിലനില്‍ക്കുന്നത് താരങ്ങളെ ചുറ്റിപ്പറ്റിയാണ്. ചൂഷണങ്ങള്‍ താങ്ങാനാകാതെ ഭ്രാന്ത് പിടിച്ചവരും ആത്മഹത്യ ചെയ്തവരുമുണ്ട് 70കളില്‍. മരിച്ച നിലയില്‍ കണ്ടെത്തപ്പെട്ടവരുണ്ട്. മര്‍ദനത്തില്‍ കണ്ണ് നഷ്ടമായവരുണ്ട്. തന്‍റെ കാലമായപ്പോഴേക്കും നടിമാര്‍ നിശബ്ദമായെങ്കിലും പ്രതികരിച്ചുതുടങ്ങിയെന്നും രവീണ പറഞ്ഞു. സിനിമാലോകം ഇന്നും പുരുഷകേന്ദ്രീകൃതമാണെങ്കിലും പലരും തകര്‍ന്നുപോയ ഹൃദയം കൂട്ടിച്ചേര്‍ത്ത് കരുത്തരായി തുറന്ന് പറയാന്‍ തുടങ്ങിയിട്ടുണ്ടെന്നും രവീണ ബ്ലോഗില്‍ വ്യക്തമാക്കി.