LiveTV

Live

Entertainment

നാനാ പടേക്കറിനെതിരായ ലൈംഗികാരോപണം: തനുശ്രീയെ ഗുണ്ടകള്‍ ആക്രമിക്കുന്ന വീഡിയോ പുറത്ത്

ഗുണ്ടകളെ വിട്ട് തന്നെ ഭീഷണിപ്പെടുത്താന്‍ നാനാ പടേക്കര്‍ ശ്രമിച്ചെന്ന തനുശ്രീയുടെ വെളിപ്പെടുത്തല്‍ സാധൂകരിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നത്.

നാനാ പടേക്കറിനെതിരായ ലൈംഗികാരോപണം: തനുശ്രീയെ ഗുണ്ടകള്‍ ആക്രമിക്കുന്ന വീഡിയോ പുറത്ത്

ബോളിവുഡ് നടന്‍ നാനാ പടേക്കറിനെതിരെ നടി തനുശ്രീ ദത്ത ഉന്നയിച്ച ലൈംഗിക പീഡനാരോപണം വിവാദമാകുന്നതിനിടെ, നടിയെ ആള്‍ക്കൂട്ടം ആക്രമിക്കുന്നതിന്‍റെ വീഡിയോ പുറത്ത്. 2008ല്‍ നടന്ന സംഭവത്തിന്‍റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായത്.

നാനാ പടേക്കറുടെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് ഹോണ്‍ ഓകെയുടെ സെറ്റില്‍ നിന്നാണ് തനുശ്രീ ഇറങ്ങിപ്പോയത്. സിനിമയിലെ പാട്ടിന്‍റെ ചിത്രീകരണത്തിനിടെ നാനാ പടേക്കര്‍ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചെന്നും തുടര്‍ന്ന് താന്‍ സിനിമയുടെ സെറ്റില്‍ നിന്ന് ഇറങ്ങിപ്പോയെന്നുമാണ് തനുശ്രീ വെളിപ്പെടുത്തിയത്. അന്നത്തെ സംഭവത്തിന് ശേഷം ഗുണ്ടകളെ വിട്ട് തന്നെ ഭീഷണിപ്പെടുത്താന്‍ നാനാ പടേക്കര്‍ ശ്രമിച്ചെന്ന തനുശ്രീയുടെ വെളിപ്പെടുത്തല്‍ സാധൂകരിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നത്.

തനുശ്രീയും മാതാപിതാക്കളും സഞ്ചരിച്ച വാഹനം ഒരു സംഘം ആളുകള്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു. അക്രമികള്‍ കാറിന്‍റെ ഗ്ലാസ് തകര്‍ത്തു. ചിലര്‍ കാറിന് മുകളില്‍ കയറിനിന്ന് ആക്രോശിച്ചു. പൊലീസെത്തിയാണ് നടിയെയും കുടുംബത്തെയും അക്രമികളില്‍ നിന്ന് രക്ഷിച്ചത്. നാനാ പടേക്കര്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് തന്നെ ഭീഷണിപ്പെടുത്തിയെന്നും മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയിലെ അംഗങ്ങളാണ് ഇവരെന്നും തനുശ്രീ പറഞ്ഞു. അന്ന് താന്‍ സെറ്റില്‍ നിന്നും ഇറങ്ങിപ്പോയതിന്‍റെ പ്രതികാരം തീര്‍ക്കാന്‍ വര്‍ഷങ്ങളോളം നാനാ പടേക്കര്‍ തന്നെ ഉപദ്രവിച്ചെന്നും തനുശ്രീ വെളിപ്പെടുത്തി.

തന്നെ ബോളിവുഡിലെ പ്രശസ്തനായ താരം പീഡിപ്പിച്ചെന്ന് പലവട്ടം പറഞ്ഞിട്ടുണ്ടെങ്കിലും അടുത്ത കാലത്താണ് തനുശ്രീ ദത്ത നടന്റെ പേര് തുറന്നു പറയുന്നത്. നാനാ പടേക്കര്‍ സ്ത്രീകളോട് മോശമായി പെരുമാറുന്നത് എല്ലാവര്‍ക്കും അറിയാമെന്നും എന്നാല്‍ ആരും തുറന്നുപറയുന്നില്ലെന്നും തനുശ്രീ പറഞ്ഞു. തനുശ്രീക്ക് പിന്തുണയുമായി പ്രിയങ്ക ചോപ്ര, ട്വിങ്കിള്‍ ഖന്ന, ഫര്‍ഹാന്‍ അക്തര്‍, റിച്ച ഛദ്ദ തുടങ്ങിയ താരങ്ങള്‍ രംഗത്തെത്തി.