LiveTV

Live

Entertainment

ഹോളിവുഡ് നടന്‍ ജാക്ക് ബ്ലാക്ക് അഭിനയം നിർത്തുന്നു; തമാശ പറഞ്ഞതാണെന്ന് ആരാധകർ  

 ഹോളിവുഡ് നടന്‍ ജാക്ക് ബ്ലാക്ക് അഭിനയം നിർത്തുന്നു; തമാശ പറഞ്ഞതാണെന്ന് ആരാധകർ   

ഹോളിവുഡ് നടന്‍ ജാക്ക് ബ്ലാക്ക് അഭിനയം നിർത്തുന്നു. ലോസ് ആഞ്ചലസിലെ ഹോളിവുഡ് വാക്ക് ഓഫ് ഫെയിമില്‍ തന്റെ നക്ഷത്രം പ്രകാശനം ചെയ്യുന്ന പരിപാടിയിലാണ് ബ്ലാക്ക് തമാശ രൂപേണ അഭിനയം നിർത്തുകയാണെന്ന് പ്രസ്താവിച്ചത്. എന്നാൽ വാർത്ത എത്രത്തോളം ആധികാരികമാണെന്ന് ഇനിയും വ്യക്തമായിട്ടില്ല.

ലോകപ്രശസ്തമായ ആനിമേഷന്‍ സിനിമ കുങ്ഫു പാണ്ടയിലെ പോ എന്ന തടിയനായ പാണ്ടക്ക് ശബ്ദം നല്‍കിയതടക്കം നിരവധി കഥാപാത്രങ്ങൾ ചെയ്ത് സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച നടനാണ് ബ്ലാക്ക്. നാലാമത്തെ കുങ്ഫു പാണ്ട സിനിമക്കായി ആരാധകർ കാത്തിരിക്കവെയാണ് ബ്ലാക്കിന്റെ വിരമിക്കൽ പ്രസ്താവന.

തന്റെ നക്ഷത്രം പ്രകാശനം ചെയ്യുന്ന പരിപാടിയിൽ പങ്കെടുത്തവരോട് ഒരുപാട് സ്നേഹമുണ്ടെന്ന് ബ്ലാക്ക് പറഞ്ഞു. ഡോണൾഡ് ട്രംപിനോട് മാത്രമാണ് തനിക്ക് വിരോധമെന്നും ബ്ലാക്ക് വ്യക്തമാക്കി.

‘നിങ്ങളെല്ലാവരും എന്റെ ഈ നിസ്സാര പരിപാടിക്ക് വരുമെന്ന് ഞാനൊട്ടും പ്രതീക്ഷിച്ചില്ല. ഒരുപാട് നന്ദി ഈ സ്നേഹത്തിന്. ഈ വഴിയിലൊരു നക്ഷത്രം കിട്ടി കഴിഞ്ഞാല്‍ നിങ്ങൾ എല്ലാം നേടിയെന്നാണര്‍ഥം. ഇനിയെന്ത് എന്ന ചോദ്യമാണ് ഇപ്പോൾ എന്റെ മുമ്പില്‍ ഉള്ളത്’ ബ്ലാക്ക് പറഞ്ഞു.

കുങ്ഫു പാണ്ടക്ക് പുറമേ ജുമാൻജി: വെൽക്കം ടു ദി ജങ്കിൾ, ഗൂസ്ബംപ്സ്, കിങ് കോങ് എന്നിങ്ങനെ നിരവധി ചിത്രങ്ങളിലെ ഹാസ്യകഥാപാത്രങ്ങൾ അഭിനയിച്ച് പ്രശംസ നേടിയിട്ടുണ്ട് ബ്ലാക്ക്. എന്നാൽ വിരമിക്കൽ വാർത്ത ഇതുവരേ ബന്ധപ്പെട്ടവർ സ്ഥിരീകരിച്ചിട്ടില്ല. ബ്ലാക്ക് വെറുതേ ഒരു തമാശക്ക് പറഞ്ഞത് മാത്രമാണെന്ന ആശ്വാസത്തിലാണ് ആരാധകര്‍. ഈ വരുന്ന ഒക്ടോബര്‍ 12ന് ബ്ലാക്കിന്റെ ഗൂസ്ബംപ്സ് 2: ഹോണ്ടഡ് ഹാലോവീന്‍ എന്ന് ചിത്രം റിലീസിനെത്തുകയാണ് .