LiveTV

Live

Entertainment

രഞ്ജിത് ശങ്കർ സിനിമകളുടെ തിരക്കഥകൾ ഇനി മുതല്‍  ഓൺലൈനില്‍ ലഭ്യം

രഞ്ജിത് ശങ്കർ സിനിമകളുടെ തിരക്കഥകൾ ഇനി മുതല്‍  ഓൺലൈനില്‍ ലഭ്യം

സിനിമയെക്കുറിച്ച് കൂടുതൽ അറിയാൻ ശ്രമിക്കുന്നവരെ സഹായിക്കാൻ വ്യത്യസ്തമായ മാർഗം കണ്ടെത്തുകയാണ് സംവിധായകൻ രഞ്ജിത് ശങ്കർ. ര‍ഞ്ജിത്തിന്‍റെ സിനിമകളുടെ തിരക്കഥകൾ ഓൺലൈനിലൂടെ ലഭ്യമാക്കിയിരിക്കുന്നു.. ആദ്യ ഘട്ടത്തിൽ ആറ് സിനിമകളുടെ തിരക്കഥകളാണ് ഓൺലൈനിൽ സൌജന്യമായി ലഭ്യമാവുക

ചുരുങ്ങിയ കാലം കൊണ്ട് ഹിറ്റ് സംവിധായകരുടെ പട്ടികയിൽ ഇടംപിടിച്ചയാളാണ് രഞ്ജിത് ശങ്കർ. പാസഞ്ചർ മുതൽ ഒടുവിൽ പുറത്തിറങ്ങിയ മേരിക്കുട്ടി വരെ നിരവധി ഹിറ്റ് ചിത്രങ്ങൾ. സിനിമകൾ ഇഷ്ടപെടുന്നവർക്കും തിരക്കഥാ, സംവിധാന മേഖലയിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നവർക്കുമായാണ് രഞ്ജിത് ശങ്കർ തന്റെ എല്ലാ തിരക്കഥകളും ഓണ്‍ലൈനായി ലഭ്യമാക്കുന്നത്. 'അര്‍ജുനന്‍ സാക്ഷി' മുതല്‍ 'ഞാന്‍ മേരിക്കുട്ടി' വരെയുള്ള ആറ് സിനിമകളുടെ തിരക്കഥകള്‍ രഞ്ജിത്ത് ശങ്കര്‍ സ്വന്തം ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആവശ്യക്കാര്‍ക്ക് പണം മുടക്കാതെ തന്നെ അവ വായിക്കാം. വേണമെങ്കില്‍ ഡൗണ്‍ ലോഡ് ചെയ്ത് സൂക്ഷിക്കുകയുമാകാം. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് തിരക്കഥകൾ പൊതുജനങ്ങൾക്ക് സൌജന്യമായി ലഭ്യമാക്കുന്ന വിവരം രഞ്ജിത് ശങ്കർ അറിയിച്ചത്.

തിരക്കഥകള്‍ ഓണ്‍ലൈനില്‍ വായിക്കാനുള്ള സൗകര്യം ഒരുക്കാമോയെന്ന് കുറേ കാലമായി പലരും ചോദിക്കുന്നു. നിലവില്‍ ആറ് സിനിമകളുടെ തിരക്കഥകള്‍ ബ്‌ളോഗില്‍ ലഭ്യമാണ്. പുണ്യാളന്‍ ഒന്നും രണ്ടും ഭാഗങ്ങളും മോളിയാന്റി റോക്‌സുമാണ് ഇല്ലാത്തത്. പാസഞ്ചര്‍ ഉടന്‍ അപ്ലോഡ് ചെയ്യും. ഡൗണ്‍ലോഡ് ചെയ്യാമെന്നും വരുമാനം ലക്ഷ്യമാക്കുന്നില്ലെന്നും രഞ്ജിത് ശങ്കർ പറഞ്ഞു. ഇനി വരുന്ന സിനിമകളുടെ തിരക്കഥകളും ഇത്തരത്തില്‍ ലഭ്യമാക്കുമെന്നും രഞ്ജിത് അറിയിച്ചിട്ടുണ്ട്. രഞ്ജിത് - ശങ്കർ ജയസൂര്യ കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങളെല്ലാം വൻ വിജയം ആയിരുന്നു. ഈ കൂട്ടുകെട്ടിൽ എത്തിയ പുണ്യാളൻ അഗർബത്തീസ്, സു സു സുധി വാത്മീകം, പ്രേതം, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, ഞാൻ മേരിക്കുട്ടി എന്നീ സിനിമകളെല്ലാം വമ്പൻ ഹിറ്റുകളായിരുന്നു. പ്രേതത്തിന്‍റെ രണ്ടാം ഭാഗം പ്രേതം 2 ആണ് അണിയറയിൽ ഒരുങ്ങുന്നത്.