LiveTV

Live

Entertainment

‘മോനേ...ഇത് എന്റെ റെയ്ബാൻ ഗ്ലാസ്! അതിലെങ്ങാനും നീ തൊട്ടാൽ’; ഭദ്രന്റെ മാസ്സ് മറുപടി 

സ്‌ഫടികം 2 സിനിമ പ്രഖ്യാപിച്ചതിനെതിരെയാണ് ഭദ്രന്റെ മറുപടി 

‘മോനേ...ഇത് എന്റെ റെയ്ബാൻ ഗ്ലാസ്! അതിലെങ്ങാനും നീ തൊട്ടാൽ’; ഭദ്രന്റെ മാസ്സ് മറുപടി 

'സ്ഫടികം ഒന്നേയുള്ളു...അതു സംഭവിച്ചു കഴിഞ്ഞു. മോനേ...ഇത് എന്റെ റെയ്ബാൻ ഗ്ലാസ്! അതിലെങ്ങാനും നീ തൊട്ടാൽ..' മോഹൻലാലിന്റെ എക്കാലത്തേയും സൂപ്പർഹിറ്റ് ചിത്രം സ്‌ഫടികത്തിന്റെ തിരക്കഥാകൃത്തും സംവിധായകനുമായ ഭദ്രനാണ് ഇങ്ങനെയൊരു മാസ്സ് മറുപടിയുമായി ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്. സ്‌ഫടികത്തിന് രണ്ടാം ഭാഗം വരുന്നു എന്ന രൂപത്തിൽ സ്ഫടികം 2 എന്ന പേരിൽ ഒരു പുതിയ ചിത്രം പ്രഖ്യാപിച്ചതിനെതിരെയാണ് ഭദ്രന്റെ ഈ മാസ്സ് മറുപടി .

'യുവേർസ് ലൗ വിംഗ് ലി' എന്ന ചിത്രത്തിന് ശേഷം ബിജു ജെ കട്ടക്കൽ ആണ് സ്ഫടികം 2 തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നതായിട്ട് പ്രഖ്യാപിച്ചത്. തൊട്ടുടനെ തന്നെ നിരവധി മോഹൻലാൽ ആരാധകരാണ് പോസ്റ്റിന് താഴെ വിമർശനങ്ങളും തെറി വിളികളുമായി രംഗത്തെത്തിയത്. മലയാളത്തിലെ തന്നെ ഒരു യുവ താരമാകും സ്ഫടികം 2 വിൽ അഭിനയിക്കുക എന്നാണ് ബിജു ജെ കട്ടക്കൽ പറയുന്നത്. ആട് തോമയുടെ മകൻ ഇരുമ്പൻ സണ്ണിയുടെ കഥയാണ് പുതിയ ചിത്രത്തിലൂടെ പറയുക എന്നാണ് സംവിധായകൻ പറയുന്നത്.

Also read: സ്ഫടികം 2 വരുന്നു; സംവിധായകനെതിരെ ‘പൊങ്കാല’യുമായി മോഹൻലാൽ ഫാൻസ്   

എന്ത് കൊണ്ട് ആട് തോമയ്ക്ക് രണ്ടാം ഭാഗമില്ല എന്ന ചോദ്യത്തിന് ഭദ്രന്‍ തന്നെ മുൻപ് മറുപടി നല്‍കിയിട്ടുണ്ട്. ഭദ്രൻ പറയുന്നു

സ്ഫടികം' ഇറങ്ങി ഏതാണ്ട് രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ നിര്‍മ്മാതാവ് ഗുഡിനൈറ്റ് മോഹന്‍ ഒരു ഓഫറുമായി വന്നു. എനിക്ക് ഒരു മെര്‍സിഡിസ് ബെന്‍സ് നല്‍കാന്‍ പോവുകയാണെന്ന് അദ്ദേഹം പറഞ്ഞു. വെറും ബെന്‍സല്ല, ഇന്ത്യാ മഹാരാജ്യത്ത് ആദ്യമായി നിര്‍മ്മിച്ച ബെന്‍സ്..അത് എനിക്ക് തരാന്‍ പോവുകയാണെന്ന് പറഞ്ഞു. നല്ല കാര്യമെന്ന് ഞാനും പറഞ്ഞു. എന്നിട്ടദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'നിങ്ങള്‍ സ്ഫടികം രണ്ടാം ഭാഗം എടുക്കുന്നു' എന്ന്. അദ്ദേഹത്തിന് രണ്ട് ആവശ്യങ്ങളേ ഉണ്ടായിരുന്നുള്ളൂ. ഒന്ന് മോഹന്‍ലാലിനെ റെയ്ബാന്‍ ഗ്ലാസ് വെപ്പിക്കണം. ചുവപ്പും കറുപ്പും വസ്ത്രം ധരിപ്പിക്കണം. രണ്ടാമത് തുണി പറിച്ച് അടിക്കണം. ഞാന്‍ കുറച്ചുനേരം ഒന്നും മിണ്ടിയില്ല. എന്നിട്ട് ചിരിച്ചു. അദ്ദേഹം ചോദിച്ചു എന്തിനാണ് ചിരിക്കുന്നതെന്ന്. 'you have not understood' എന്ന് ഞാന്‍ പറഞ്ഞു. അതെന്താണ് അങ്ങനെയെന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു, തോമ ഉടുത്തിരുന്ന ചുവപ്പ് അവനിലെ പരാക്രമിയുടെ രക്തമായിരുന്നു. മങ്ങിപ്പോയ അവന്റെ ജീവിതമാണ് കറുപ്പ്. പിന്നെ അടിച്ച് തുണിപറിക്കുന്നത്. അത് ഞങ്ങള്‍ കിഴക്കന്മാര്‍ അങ്ങനെയാ. പക്ഷേ അവസാനം ആട് തോമ ഇതെല്ലാം എന്നെന്നേക്കും ഉപേക്ഷിക്കുകയല്ലേ? രാവുണ്ണി മാസ്റ്റര്‍ തന്റെ മകളെ കൈപിടിച്ചേല്‍പ്പിച്ച് ഇനി നീ ആ വഴിക്ക് പോകരുത് എന്നല്ലേ പറയുന്നത്? അവന്റെ ലോറിയുടെ നെറ്റിയില്‍ 'ചെകുത്താന്*' എന്ന് എഴുതിവെച്ച ചാക്കോ മാഷ് അത് തിരുത്തി മകന് 'സ്ഫടിക'മായിരുന്നു എന്ന് തിരിച്ചറിയുന്നില്ലേ?. അയാള് ജയിലില് നിന്നിറങ്ങും. പക്ഷേ പുറത്തിറങ്ങുമ്പോള് അയാള്‍ക്കൊരു പെണ്ണുണ്ട്. അയാളെ പൂര്‍ണമായി മനസിലാക്കിയ ഒരുവള്‍.. 'വെടിവെച്ചാല് പൊട്ടുന്ന കരിമ്പാറയെ നീ ഒന്ന് കുലുക്കിയെടീ' എന്നാണ് തോമ അവളോട് പറഞ്ഞത്. അങ്ങനെ മനുഷ്യബന്ധങ്ങളുടെ എത്രയെത്ര തലങ്ങളുണ്ട് അതില്.. നിങ്ങള് അത് മനസിലാക്കിയിട്ടില്ല എന്ന് മോഹനോട് ഞാന് പറഞ്ഞു. ഒരു റൗഡിയെക്കുറിച്ചുള്ള സിനിമയല്ലല്ലോ അത്. ബെന്സൊന്നും എനിക്ക് എക്സൈറ്റ്മെന്റ് അല്ലെന്നും ഞാന് പറഞ്ഞു. കുട്ടിക്കാലം തൊട്ടേ ബെന്സിലും കാഡിലാക്കിലും ഡ്യൂക്കിലുമൊക്കെ നമ്മള് കയറിയിട്ടുണ്ട്. ബെന്സിലൊന്നുമല്ല കാര്യം.

അതെ സമയം ചിത്രത്തിൽ ബോളിവുഡ് താരം സണ്ണി ലിയോൺ ഒരു പ്രധാന വേഷത്തിൽ എത്തുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ചിത്രത്തിൽ സിൽക്ക് സ്മിത അവതരിപ്പിച്ച ലൈല എന്ന കഥാപാത്രത്തിന്റെ മകളായാണ് താരം ചിത്രത്തിലെത്തുന്നത്. ബിജു ജെ കട്ടക്കൽ പ്രൊഡക്ഷൻസ് ഹോളിവുഡ് കമ്പനിയായ മൊമന്റം പിക്ച്ചർസുമായി ചേർന്ന് റ്റിന്റു അന്ന കട്ടക്കൽ ആണ് ചിത്രം നിർമിക്കുന്നത്