LiveTV

Live

Entertainment

‘ഇഷ്ടം കൊണ്ട് ചെയ്യുന്നതാണെന്ന് അറിയാം, ദയവ് ചെയ്ത് അതിനി ചെയ്യരുത്’ ടോവിനോ 

‘ഇഷ്ടം കൊണ്ട് ചെയ്യുന്നതാണെന്ന് അറിയാം, ദയവ് ചെയ്ത്  അതിനി ചെയ്യരുത്’ ടോവിനോ 

നവാഗതനായ ഫെല്ലിനി സംവിധാനം ചെയ്ത തീവണ്ടി വൻ പ്രേക്ഷക പിന്തുണ നേടി തീയേറ്ററുകളിൽ മുന്നേറുമ്പോൾ പ്രേക്ഷകരോടായി സ്നേഹത്തോടെ തന്നെ അഭ്യർത്ഥിക്കുകയാണ് ടോവിനോ തോമസ്. തീവണ്ടിയിലെ കാഴ്ചകൾ തീയേറ്ററുകളിൽ വെച്ച് ദയവായി പകർത്തരുതെന്ന് പറയുന്ന ടോവിനോ അത് ഇനി കാണാൻ കാത്തിരിക്കുന്ന പ്രേക്ഷകർക്ക് അസൗകര്യം സൃഷ്ടിക്കുമെന്നും പറയുന്നു. തീവണ്ടിയിൽ ടോവിനോ മുഴു നീള ചെയിൻ സ്മോക്കറുടെ വേഷമാണ് കൈകാര്യം ചെയ്യുന്നത്. വിനി വിശ്വലാല്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ഗൗതം ശങ്കറാണ്. അപ്പു ഭട്ടതിരി എഡിറ്റിംഗ്. കൈലാസ് മേനോന്‍ സംഗീതം. പുതുമുഖം സംയുക്ത മേനോനാണ് നായിക. സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമ്മൂട്, സുധീഷ്, സുരഭി ലക്ഷ്മി തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ ചിത്രത്തിൽ അവതരിപ്പിക്കുന്നു.

പ്രേക്ഷകരോട് ടൊവീനോ

"നമസ്കാരം. തീവണ്ടി എന്ന സിനിമയോടും എന്നോടും നിങ്ങൾ കാണിക്കുന്ന സ്നേഹത്തിന് ഒരുപാട് നന്ദി. പക്ഷെ ആ സിനിമയിലെ ചില രംഗങ്ങൾ മൊബൈലിൽ ഷൂട്ട് ചെയ്തത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് കാണാനിടയായി. അത് ഷൂട്ട് ചെയ്തവരുടെ ഉദ്ദേശശുദ്ധി ഞങ്ങൾ മനസ്സിലാക്കുന്നു. ഇഷ്ടം കൊണ്ട് ചെയ്യുന്നതാണെന്നും അറിയാം. എങ്കിലും ഇനിയും സിനിമ കണ്ടിട്ടില്ലാത്തവരുടെ ആസ്വാദനത്തിനെ ഒരുപക്ഷെ അത് ബാധിച്ചേക്കാം എന്നുള്ളതുകൊണ്ട് അത് ഒഴിവാക്കണം എന്ന് അഭ്യർഥിക്കുന്നു.

സ്നേഹപൂർവ്വം, ടൊവിനോ"