LiveTV

Live

Entertainment

കായംകുളം കൊച്ചുണ്ണി അഭ്രപാളിയിലെത്തുന്നത് ഇങ്ങിനെയാണ്; ചിത്രത്തിന്റെ വിശേഷങ്ങള്‍, ലൊക്കേഷന്‍, കലാസംവിധാനം

കായംകുളം കൊച്ചുണ്ണി പോലെ ചരിത്രവും ഐതിഹ്യവും ഒത്തുചേരുന്ന ഒരു ചിത്രത്തിൽ ഏറ്റവുമധികം ശ്രദ്ധ ചെലുത്തേണ്ട ഒന്നാണ് ലൊക്കേഷൻ

 കായംകുളം കൊച്ചുണ്ണി അഭ്രപാളിയിലെത്തുന്നത് ഇങ്ങിനെയാണ്; ചിത്രത്തിന്റെ വിശേഷങ്ങള്‍, ലൊക്കേഷന്‍, കലാസംവിധാനം

ലയാളത്തിലെ ഏറ്റവും ചെലവേറിയ ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രമെന്ന വിശേഷണത്തോടെയാണ് കായംകുളം കൊച്ചുണ്ണി എന്ന ചരിത്ര സിനിമ ഓണക്കാലത്ത് തിയറ്ററുകളിലെത്തുന്നത്. നിവിന്‍ പോളിയാണ് കായംകുളം കൊച്ചുണ്ണിയായി വെള്ളിത്തിരയിലെത്തുന്നത്. നിവിന്‍ പോളിയുടെ ക്യാരക്ടര്‍ പോസ്റ്ററും ട്രയിലറുമെല്ലാം ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ സാന്നിധ്യമാണ്. കൊച്ചുണ്ണിയുടെ ഉറ്റകഥാപാത്രമായ ഇത്തിക്കരപ്പക്കിയുടെ വേഷത്തിലാണ് ലാലെത്തുന്നത്.

പിന്നെയുമുണ്ട് കായംകുളം കൊച്ചുണ്ണിയുടെ പറഞ്ഞാല്‍ തീരാത്ത വിശേഷങ്ങള്‍. ബാബു ആന്റണി, ഷൈന്‍ ടോം ചാക്കോ, സണ്ണി വെയ്ന്‍ എന്നിവരുടെ അഭിനയജീവിതത്തിലെ മികച്ച കഥാപാത്രമായിരിക്കും കൊച്ചുണ്ണിയിലേതെന്ന് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.

കളരിഗുരുവായ തങ്ങളായി ബാബു ആന്റണിയും കൊച്ചുണ്ണിയുടെ ചങ്ങാതിയായ കൊച്ചുപിള്ളയായി ഷൈനും ബ്രിട്ടീഷ് ഇന്ത്യൻ പോലീസ് ഓഫീസറായ കേശവനായി സണ്ണി വെയ്നും വേഷമിടുന്നു. പ്രിയ ആനന്ദാണ് ചിത്രത്തിലെ നായിക. ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. റോഷന്‍ ആന്‍ഡ്രൂസാണ് കൊച്ചുണ്ണിക്ക് പുതുജീവന്‍ നല്‍കുന്നത്.

 കായംകുളം കൊച്ചുണ്ണി അഭ്രപാളിയിലെത്തുന്നത് ഇങ്ങിനെയാണ്; ചിത്രത്തിന്റെ വിശേഷങ്ങള്‍, ലൊക്കേഷന്‍, കലാസംവിധാനം

ലൊക്കേഷന്‍ തേടിയുള്ള യാത്രകള്‍

കായംകുളം കൊച്ചുണ്ണി പോലെ ചരിത്രവും ഐതിഹ്യവും ഒത്തുചേരുന്ന ഒരു ചിത്രത്തിൽ ഏറ്റവുമധികം ശ്രദ്ധ ചെലുത്തേണ്ട ഒന്നാണ് ലൊക്കേഷൻ. 1830 കാലഘട്ടമാണ് ചിത്രീകരിക്കേണ്ടത് എന്നതിനാൽ തന്നെ അന്നത്തെ ഓരോന്നും, കല്ല് വിരിച്ച വഴികൾ, തിങ്ങിയ റോഡുകൾ, ജനസാന്ദ്രത കുറഞ്ഞ സ്ഥലങ്ങൾ, പക്ഷിമൃഗാദികൾ നിറഞ്ഞ അന്തരീക്ഷം എന്നിങ്ങനെ പലതും വീണ്ടും സൃഷ്ടിച്ചെടുക്കേണ്ടതായിട്ടുണ്ട്. ഭൂമിശാസ്ത്രപരമായും ഏറെ മാറ്റങ്ങൾ ഉണ്ടായിരുന്ന സമയമാണ് അത്. ഏകദേശം മൂന്ന് മാസത്തോളമാണ് ലൊക്കേഷൻ കണ്ടെത്തുവാനായിട്ട് ചിലവഴിച്ചത്. ചിത്രത്തിനായി നടത്തിയയ് നിരന്തരമായ ഗവേഷണങ്ങളിൽ നിന്നും ക്രോഡീകരിച്ച ആശയങ്ങൾ കോർത്തിണക്കി ചിത്രത്തിന് ആവശ്യമായ ലൊക്കേഷനുകൾ കണ്ടെത്തുക എന്നത് സംവിധായകൻ റോഷൻ ആൻഡ്രൂസിനും സംഘത്തിനും വളരെ അദ്ധ്വാനം ആവശ്യമായി വരുന്ന ഒന്നായിരുന്നു. അതിന്റെ ഭാഗമായി കൊച്ചുണ്ണി ജീവിച്ചിരുന്ന കായംകുളം മുഴുവൻ അവർ അലഞ്ഞു.

സംവിധായകൻ മനസ്സിൽ വരച്ചെടുത്ത കൊച്ചുണ്ണിയുടെ കാലത്തെ സ്ഥലങ്ങളുടെ ഒരു രൂപരേഖ തയ്യാറാക്കാൻ വവ്വാക്കാവ്, ഏവൂർ, കൊച്ചുണ്ണി ജോലി ചെയ്തിരുന്നുവെന്ന് പറയുന്ന വലിയ വീട്ടിൽ പീടിക നിലനിന്നിരുന്നു എന്ന് പറയപ്പെടുന്നയിടം അങ്ങനെ എല്ലാ സ്ഥലങ്ങളും സന്ദർശിച്ചു. ഓരോ സ്ഥലത്ത് ചെല്ലുമ്പോഴും 150 വർഷം മുൻപ് ആ സ്ഥലം എങ്ങനെയായിരുന്നുവെന്ന് ഒരു ചിത്രം ഭാവനയിൽ വരച്ചെടുത്തു. അങ്ങനെ കിട്ടിയ ആശയങ്ങളെ കലാസംവിധായകനുമായി റോഷൻ ആൻഡ്രൂസ് ചർച്ച ചെയ്ത് കുറെയേറെ സ്കെച്ചുകൾ തയ്യാറാക്കി. സ്കെച്ചുകൾ തയ്യാറാക്കിയതിന് ശേഷം സംവിധായകൻ റോഷൻ ആൻഡ്രൂസും, അസ്സോസിയേറ്റ് ദിനേശ് മേനോൻ, പ്രോഡക്ഷൻ ഡിസൈനർ സുനിൽ ബാബു എന്നിവർ ശ്രീലങ്കയിലേക്ക് ലൊക്കേഷൻ തേടി യാത്ര തിരിച്ചു. 7 - 8 ദിവസങ്ങൾ കൊണ്ട് ശ്രീലങ്ക ചുറ്റിക്കാണുകയും ലൊക്കേഷനുകൾ കണ്ടെത്തുകയും ചെയ്തു. പക്ഷേ അവിടെ ഷൂട്ട് ചെയ്യുന്നത് ചിലവ് കൂട്ടുമെന്നതിനാൽ ക്ലൈമാക്സ് മാത്രം ശ്രീലങ്കയിൽ ഷൂട്ട് ചെയ്യുവാൻ തീരുമാനിച്ചു. പിന്നീട് ഉള്ള ലക്ഷ്യം ഏറ്റവും അനുയോജ്യമായ സ്ഥലം നാട്ടിൽ തന്നെ കണ്ടെത്തുക എന്നതായിരുന്നു. അതിന് വേണ്ടി മൂന്ന് ഗ്രൂപ്പായി തിരിഞ്ഞ് പല സ്ഥലങ്ങളിലും പോയി അന്വേഷിക്കുകയുണ്ടായി. സ്വരുക്കൂട്ടിയ വിവരങ്ങൾ അനുസരിച്ച് ചിത്രത്തിന് ഏറ്റവും അനുയോജ്യമായ ലൊക്കേഷൻ ഉഡുപ്പിയാണെന്ന് അന്തിമ തീരുമാനത്തിലെത്തി. ഉഡുപ്പിയും മംഗലാപുരവുമാണ് ഏറ്റവും മികച്ച ലൊക്കേഷനുകൾ എന്ന് മനസ്സിലാക്കി പത്ത് ദിവസം അവിടെ തങ്ങി ലൊക്കേഷനുകൾ തീർച്ചപ്പെടുത്തി.

 കായംകുളം കൊച്ചുണ്ണി അഭ്രപാളിയിലെത്തുന്നത് ഇങ്ങിനെയാണ്; ചിത്രത്തിന്റെ വിശേഷങ്ങള്‍, ലൊക്കേഷന്‍, കലാസംവിധാനം

കാട് ഒഴിവാക്കാൻ ആകാത്ത ഒരു ഘടകമായതിനാൽ വവ്വാക്കാവുമായി ഏറെ സാമ്യം പുലർത്തുന്ന കടമ്പ തന്നെ അതിനായി തെരഞ്ഞെടുത്തു. ലോക്കേഷനുകൾ എല്ലാം കണ്ടെത്തിയതിന് ശേഷം അവയെല്ലാം ക്രിയേറ്റീവ് മീറ്റിംഗിൽ ചർച്ച ചെയ്യുകയും ഇതിന്റെ കളർ ടോൺ എന്തായിരിക്കണമെന്ന് തീരുമാനിക്കുകയും ചെയ്തു. അതോടൊപ്പം തന്നെ ഗ്രാമം, കളരി തുടങ്ങിയ ഓരോ സെറ്റിനേയും കുറിച്ച് തീരുമാനമെടുത്തു. ഐതിഹ്യമാലയിൽ പറയുന്ന കളരി പഠിക്കുന്നിടത്തുള്ള മരത്തിന്റെ വരെ കൃത്യമായ ഒരു പ്ലാനിംഗ് ഉണ്ടായിരുന്നു. പിന്നീടാണ് ഏറെ സാഹസികതകൾ നിറഞ്ഞ ചിത്രീകരണം ഗോവ, ഉഡുപ്പി, മംഗലാപുരം, കടബ, ശ്രീലങ്ക, കൊച്ചി എന്നിവിടങ്ങളിൽ പൂർത്തീകരിച്ചത്.

ഓരോ സ്ഥലത്ത് ചെല്ലുമ്പോഴും അവിടെ വെച്ച് അടുത്ത ദിവസത്തെക്കുള്ള ഷൂട്ടിങ്ങിനെ കുറിച്ച് ആർട്ട് ഡയറക്ടർ, ഛായാഗ്രാഹകൻ എന്നിങ്ങനെ കോസ്റ്റ്യും ഡിസൈനറോട് പോലും ഓരോ സീനും എവിടെ ചിത്രീകരിക്കാം, ഓരോ സെറ്റും എവിടെയായിരിക്കണം, അതിനുള്ള ലൈറ്റ് അപ്പ്, സൂര്യപ്രകാശം വരുന്നത് എന്നിങ്ങനെ എല്ലാ കാര്യങ്ങളും ചർച്ച ചെയ്യുമായിരുന്നു. ശ്രീലങ്കയിൽ വെച്ച് നിറയെ മുതലകൾ ഉള്ള ഒരു സ്ഥലത്ത് പോലും ഷൂട്ട് ചെയ്തിട്ടുണ്ട്. പിന്നീട് മറ്റൊരു ലൊക്കേഷൻ അതേപോലെ ലഭിക്കില്ലായെന്ന് ഉറപ്പ് ഉള്ളത് കൊണ്ട് തന്നെയാണ് അവിടെ എല്ലാവിധ സുരക്ഷാക്രമീകരണങ്ങളോട് കൂടി ഷൂട്ട് ചെയ്തത്.

ഷൂട്ടിങ്ങ് തുടങ്ങിയത്തോട് കൂടി സ്കൂൾ കുട്ടികളും മുതിർന്നവരുമടക്കം പലരും വണ്ടിയൊക്കെ വാടകക്കെടുത്ത് ഷൂട്ടിങ്ങ് കാണാൻ വരുമായിരുന്നു. അതിലും രസകരമായ ഒന്നാണ് ആ തിരക്ക് കാരണം അവിടെ ഉയർന്നുവന്ന ചായക്കടയും മറ്റും..! പാമ്പുകളും മുതലകളും ആനയും കാട്ടുപ്പോത്തുമെല്ലാം നിറഞ്ഞ ഒരു അവിസ്മരണീയ യാത്രയിലൂടെയാണ് കൊച്ചുണ്ണിയെ വാർത്തെടുത്ത ലൊക്കേഷനുകൾ കണ്ടെത്തിയത്. ആ ഒരു മനോഹാരിത കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിലും തീർച്ചയായും കാണാൻ സാധിക്കും.

 കായംകുളം കൊച്ചുണ്ണി അഭ്രപാളിയിലെത്തുന്നത് ഇങ്ങിനെയാണ്; ചിത്രത്തിന്റെ വിശേഷങ്ങള്‍, ലൊക്കേഷന്‍, കലാസംവിധാനം

ഈണമൊരുക്കുന്നത് ഗോപീസുന്ദര്‍

കായംകുളം കൊച്ചുണ്ണി എന്ന ചിത്രം ഏതൊരു അഭിനേതാവിനെയും ടെക്‌നീഷ്യനെയും സംബന്ധിച്ചിടത്തോളം സ്വപ്‌നതുല്യമായ ഒരു ചിത്രമാണ്. അത്ര വലിയൊരു ചിത്രത്തിന്റെ സംഗീത വിഭാഗം കൈകാര്യം ചെയ്യാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഗോപി സുന്ദർ. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ..

"മലയാളത്തിന്റെ ബാഹുബലി എന്ന് വിശേഷിപ്പിക്കാവുന്ന കായംകുളം കൊച്ചുണ്ണി പോലൊരു ചിത്രം ഇനി ജീവിതത്തിൽ ഉണ്ടാകുമോയെന്ന് ഉറപ്പ് പറയാൻ ആകില്ല. അതിഗംഭീര പെർഫോമൻസും എല്ലാ വിഭാഗങ്ങളിലും പ്രഗത്ഭരായ കലാകാരന്മാരുമാണ് ഉള്ളത്. നമ്മുടെ ഈ കൊച്ചു കേരളത്തിൽ ഇങ്ങനെയൊരു ചിത്രം ഉണ്ടാകുന്നതിലും അതിന്റെ ഭാഗമാകാൻ കഴിഞ്ഞതിലും ഒരു സംഗീത സംവിധായകനെന്ന നിലയിലും ഒരു ടെക്‌നീഷ്യൻ എന്ന നിലയിലും ഞാൻ വളരെ സന്തോഷവാനാണ്.

ചിത്രത്തിൽ ഒരു പ്രണയഗാനവും ഒരു ഐറ്റം സോങ്ങുമുണ്ട്. വിജയ് യേശുദാസും ശ്രേയാ ഘോഷാലും ചേർന്നാണ് പ്രണയഗാനം ആലപിച്ചിരിക്കുന്നത്. ആ ഗാനം സൂപ്പർഹിറ്റായി തീരുമെന്ന് തന്നെയാണ് എന്റെ വിശ്വാസം. ഐറ്റം സോങ്ങ് എന്ന് പറയുമ്പോൾ ഒരു അടിപൊളി പാട്ട് അല്ല. മറിച്ച് ഒരുപാട് അദ്ധ്വാനം വേണ്ടിവന്ന ഒരു ഗാനമാണ് അത്. പുഷ്പവതിയാണ് ആ ഗാനം ആലപിച്ചിരിക്കുന്നത്. പഴയ നാഗപ്പാട്ടിനെ ഓർമപ്പെടുത്തുന്നതിനോടൊപ്പം പഴയ വെസ്റ്റേൺ ക്ലാസ്സിക്കൽ സ്പാനിഷ് സ്വാഭാവവുമെല്ലാം ഉൾപ്പെടുത്തിയ ഒരു പുതിയ മിക്‌സാണ് ആ ഗാനം. ഞാൻ ഇത്രയധികം ശ്രദ്ധ ചെലുത്തിയ മറ്റൊരു ആൽബം ഇല്ലായെന്ന് തന്നെ പറയാം. ഒരു അടിപൊളി പാട്ട് മലയാളത്തിൽ ചെയ്യുക, അത് ഹിറ്റാക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ ഒന്നാണ്. മലയാളത്തിൽ ഒരു ഐറ്റം സോങ്ങ് ഹിറ്റാകണമെങ്കിൽ അതിന്റെ ഉള്ളടക്കം, സഹചര്യം എന്നിങ്ങനെ പല ഘടകങ്ങളും ഒത്തുചേരേണ്ടതായിട്ടുണ്ട്. അതെല്ലാം ഒത്തിണങ്ങിയ രു ഗാനമാണ് ഇത്. അതിനാൽ തന്നെ ഈ ഐറ്റം സോങ്ങ് ഹിറ്റാകുമെന്ന് ഉറപ്പുണ്ട്. ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തെ കുറിച്ച് പറയുകയാണെങ്കിൽ ഒരുപാട് വെസ്റ്റേൺ ക്ലാസിക്കൽ എലമെന്റ്സിനൊപ്പം തന്നെ നാടൻ സ്വഭാവമുള്ള, കാലഹരണപ്പെട്ട് പോയ ഒരുപാട് പഴയ സംഗീതോപകരണങ്ങൾ ഉപയോഗിക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. ഇവയെല്ലാം കൃത്യമായ അനുപാതത്തിൽ പ്രേക്ഷകരിലേക്ക് എത്തിച്ചേരുമെന്ന് തന്നെയാണ് എന്റെ വിശ്വാസം.

അതുപോലെ തന്നെ ഇതിന്റെ കപ്പിത്താൻ റോഷൻ ആൻഡ്രൂസ്, ഇതിന്റെ 'ആധാരശ്രുതി' എന്ന് വിളിക്കപ്പെടുന്ന സഞ്ജു. ഇവരുടെ സ്ക്രിപ്റ്റ്. ഈ ഒരു ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്യാൻ എന്നെ തിരഞ്ഞെടുത്തതിന് ഞാൻ റോഷൻ ആൻഡ്രൂസ് സാറിനോടുള്ള എന്റെ നന്ദി അറിയിക്കുകയാണ്. അദ്ദേഹത്തിന് എന്നോടുള്ള വിശ്വാസം വളരെ വലുതാണ്. ഇതുവരെ അതിനൊരു കോട്ടവും തട്ടാൻ ഞാൻ സമ്മതിച്ചിട്ടില്ല. നോട്ട്ബുക്ക് എന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തിലൂടെ ആദ്യമായി സിനിമ ലോകത്തേക്ക് കടന്നുവരുവാൻ എനിക്ക് അവസരം തന്നത് അദ്ദേഹമാണ്. ദിനരാത്രങ്ങളായി കായംകുളം കൊച്ചുണ്ണിയെ ഒരു വലിയ ചിത്രമാക്കാൻ ഉള്ള ശ്രമത്തിൽ തന്നെയായിരുന്നു. മറ്റു പല ഭാഷകളിലേക്കും ചിത്രം റീമേക്ക് / ഡബ്ബിങ് നടത്തുന്നുണ്ടെന്ന് അറിയാൻ സാധിച്ചിട്ടുണ്ട്. കായംകുളം കൊച്ചുണ്ണി എന്ന ഈ ചിത്രം ഒരു വലിയ വിജയമായി തീരട്ടെ എന്ന ആഗ്രഹിക്കുന്നു..പ്രാർത്ഥിക്കുന്നു."

റോഷൻ ആൻഡ്രൂസിന്റെ ഒട്ടു മിക്ക ചിത്രങ്ങളിലും ഗോപി സുന്ദർ തന്നെയാണ് സംഗീതം കൈകാര്യം ചെയ്‌തിരിക്കുന്നത്‌. അവർ ഇരുവരും തമ്മിൽ നല്ലൊരു കെമിസ്ട്രി നിലനിർത്തിപ്പോരുന്നുണ്ട്. റോഷൻ ആൻഡ്രൂസ് എന്ന സംവിധായകൻ മനസിൽ ഒരുക്കുന്ന ആശയങ്ങൾക്ക് ഒരു പടി കൂടി മുകളിൽ നിൽക്കുന്ന ഒരു റിസൾട്ടാണ് ഗോപി സുന്ദർ ഓരോ തവണയും പകർന്ന് നൽകിയിട്ടുള്ളത്. ഗാനങ്ങളുടെ ഈണം പോലെ തന്നെ ഏറെ പ്രാധാന്യം അർഹിക്കുന്നതാണ് അതിന്റെ വരികളും. ട്രെയിലറിൽ 'കളരിയടവും ചുവടിനഴകും കണ്ടൂ ഞാൻ...' എന്ന ആ വരികൾ കേൾക്കുമ്പോൾ തന്നെ പ്രേക്ഷകർക്ക് അതിന് പിന്നിൽ ആരെന്ന് ഒരു സംശയം ഉണർന്നിട്ടുണ്ടാകും. സംവിധായകൻ റോഷൻ ആൻഡ്രൂസിനെ ഞെട്ടിച്ച ഒരു കലാകാരനാണ് അദ്ദേഹം. പേര് ഷോബിൻ കണ്ണങ്ങാട്ട്. പലരേയും കൊണ്ട് പ്രണയഗാനവും ഐറ്റം സോങ്ങും എഴുതിച്ചു നോക്കിയെങ്കിലും ഒന്നും തന്നെ ശരിയാകാത്തതിനാൽ സംവിധായകൻ വിഷമിച്ചിരുന്ന അവസ്ഥയിലാണ് അദ്ദേഹത്തിന്റെ ഭാര്യ സ്ഥിരം അവസരം ചോദിച്ചുവരുന്ന ഷോബിൻ എന്നയാളുടെ കാര്യം അദ്ദേഹത്തെ ഓർമിപ്പിച്ചത്. അർജുനൻ മാസ്റ്ററാണ് ഷോബിനെ റോഷൻ ആൻഡ്രൂസിന്റെ പക്കലേക്ക് അയച്ചത്. അഞ്ച് വർഷത്തോളമായിരുന്നു ഷോബിൻ അവസരം ചോദിച്ചു വരാൻ തുടങ്ങിയിട്ട്. സംവിധായകൻ ഷോബിനെ വിളിച്ചുവരുത്തി പ്രണയഗാനത്തിന്റെ ഒരു ഐഡിയ പറഞ്ഞുകൊടുത്തു. അപ്പോൾ തന്നെ സംവിധായകനെ ഞെട്ടിച്ച് ഷോബിൻ ഗാനത്തിന്റെ നാലഞ്ച് കാര്യങ്ങൾ അദ്ദേഹത്തിന് പറഞ്ഞുകൊടുക്കുകയും അത്ഭുതപ്പെടുത്തുന്ന രീതിയിൽ ആ ആശയങ്ങളെ വരികളാക്കി തീർക്കുകയും ചെയ്‌തു. ഒരു പാട്ട് കൊടുക്കുവാൻ വിളിച്ചുവരുത്തിയ ഷോബിന് രണ്ടു പാട്ടുകളാണ് റോഷൻ ആൻഡ്രൂസ് നൽകിയത്. കായംകുളം കൊച്ചുണ്ണിയിലെ ഗാനങ്ങൾ പുറത്തിറങ്ങുന്നതോട് കൂടി മലയാളത്തിലെ മികച്ച ഗാനരചയിതാക്കളുടെ ശ്രേണിയിലേക്ക് ഷോബിൻ കണ്ണങ്ങാട്ട് എന്ന ചെറുപ്പക്കാരനും എത്തുമെന്നുള്ളത് തീർച്ചയാണ്.

കായംകുളം കൊച്ചുണ്ണി എന്ന ചിത്രം ഏതൊരു അഭിനേതാവിനെയും ടെക്‌നീഷ്യനെയും സംബന്ധിച്ചിടത്തോളം സ്വപ്‌നതുല്യമായ ഒരു ചിത്രമാണ്....

Posted by Kayamkulam Kochunni on Wednesday, July 18, 2018

തയ്യാറാക്കിയ ഗാനങ്ങൾ ആവർത്തിച്ച് കേട്ട് ഓരോ വരിയിലും ഓരോ ഷോട്ടിലും എന്തൊക്കെ ചിത്രീകരിക്കാമെന്നുള്ള ഒരു വ്യക്തമായ ധാരണ സംവിധായകൻ റോഷൻ ആൻഡ്രൂസ് തയ്യാറാക്കിയിരുന്നു. അതിനാവശ്യമുള്ള ചിത്രങ്ങളും സ്റ്റിൽസും എല്ലാം മുൻകൂട്ടി തന്നെ തയ്യാറാക്കിയിരുന്നു. ഓരോ പാട്ടും എങ്ങനെ ചിത്രീകരിക്കണമെന്ന് കൃത്യമായ ഒരു പ്ലാൻ തയ്യാറാക്കിയതിന് ശേഷം മാത്രമാണ് ഷൂട്ടിങ്ങ് നടത്തിയത് തന്നെ. പല ദിവസങ്ങളിലായി വ്യത്യസ്ഥ സമയങ്ങളിൽ എടുക്കേണ്ട ഒന്നായിരുന്നു 'കളരിയടവും' എന്ന പ്രണയഗാനം. ഐറ്റം സോങ്ങ് വളരെയേറെ വ്യത്യസ്ഥത നിറഞ്ഞതായിരിക്കണം എന്നുള്ള തീരുമാനം കൊണ്ടാണ് ബ്രിട്ടീഷുകാരെയും ഉൾപ്പെടുത്തി ബാഹുബലി ഫെയിം നോറ ഫത്തേഹിയെ വെച്ച് ഐറ്റം സോങ്ങ് ഒരുക്കിയത്. റഫീഖ് അഹമ്മദ് എഴുതിയ മറ്റൊരു ഗാനം കൂടി ചിത്രത്തിലുണ്ട്. ഇങ്ങനെ മൂന്ന് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.

(വിവരങ്ങള്‍ക്ക് കടപ്പാട്: കായംകുളം കൊച്ചുണ്ണി സിനിമയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്ത കുറിപ്പുകള്‍)

 കൊച്ചുണ്ണിയും ഇത്തിക്കരപ്പക്കിയും: കായംകുളം കൊച്ചുണ്ണിയുടെ ട്രെയിലര്‍ പുറത്ത്‌   
Also Read

കൊച്ചുണ്ണിയും ഇത്തിക്കരപ്പക്കിയും: കായംകുളം കൊച്ചുണ്ണിയുടെ ട്രെയിലര്‍ പുറത്ത്‌   

 കായംകുളം കൊച്ചുണ്ണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
Also Read

കായംകുളം കൊച്ചുണ്ണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ഇതാണ് നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണി
Also Read

ഇതാണ് നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണി