LiveTV

Live

Entertainment

കോഴിക്കോടിന്റെ സ്വന്തം ഐ വി ശശി

കോഴിക്കോടിന്റെ സ്വന്തം ഐ വി ശശി
Summary
കോഴിക്കോട് വെസ്റ്റ്ഹില്ലിലാണ് ഐ വി ശശിയുടെ ജനനം

കോഴിക്കോട് വെസ്റ്റ്ഹില്ലിലാണ് ഐ വി ശശിയുടെ ജനനം. പിന്നീട് താമസം ചെന്നൈയിലേക്ക് മാറിയെങ്കിലും കോഴിക്കോടിന്‍റെ സൌഹൃദവും നഗരവുമെല്ലാം ഐ വി ശശിയുടെ ജീവിതത്തിന്‍റെ ഭാഗമായിരുന്നു. കോഴിക്കോട് വെസ്റ്റ്ഹില്ലിലെ ഇരുപ്പം എന്ന സ്വന്തം തറവാട്ടിന് പിന്നിലെ ടൂറിങ്ങ് ടാക്കീസാണ് ഐ വി ശശി എന്ന സിനിമകാരനെ വളര്‍ത്തിയെടുത്തത്. ഇവിടെ വെച്ച് കണ്ട ചിത്രങ്ങളിലൂടെ ഐ വി ശശിയും തന്‍റെ സിനിമ മോഹങ്ങള്‍ക്ക് അടിത്തറയിട്ടു. ഹൈസ്കൂള്‍ പഠനത്തിന് ശേഷം യൂനിവേഴ്സല്‍ ആര്‍ട്സില്‍ നിന്ന് ചിത്രകല പഠിച്ചു. പത്രങ്ങളിലും ആനുകാലികങ്ങളിലും ചിത്രം വരച്ചപ്പോഴും കെടാതെ സൂക്ഷിച്ച ആ മോഹത്തിന് തുടക്കമായത് മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ പഠനത്തിനിടക്കാണ്. പഠനത്തിനിടയില്‍‌ മദിരാശിയിലേക്ക് വണ്ടി കയറി. പിന്നെ കലാസംവിധായകനായി സിനിമയിലേക്കുള്ള കാല്‍വെപ്പ്.

സഹസംവിധായകനായി തുടങ്ങി പിന്നെ സംവിധാന രംഗത്തേക്ക്. തട്ടകം മദിരാശിയായിരുന്നെങ്കിലും കോഴിക്കോടായിരുന്നു ഐ വി ശശിയുടെ ഇഷ്ടലൊക്കേഷന്‍. കോഴിക്കോടിന്‍റെ ഗ്രാമീണതയും നഗരവും വലിയങ്ങാടിയുമെല്ലാം ഐ വി ശശിയുടെ ഇഷ്ട ലൊക്കേഷനായി. അങ്ങാടി, ഉത്സവം, നാല്ക്കവല,അങ്ങാടിക്കപ്പുറത്ത് , അഹിംസ, വാര്‍ത്ത തുടങ്ങിയ ചിത്രങ്ങളുടെയെല്ലാം ലൊക്കേഷന്‍ കോഴിക്കാടായിരുന്നു. കോഴിക്കോടന്‍ സൌഹൃദവും ഐ വി ശശിയുടെ ചിത്രങ്ങളുടെ ഭാഗമായി. എം ടി വാസുദേവന്‍നായരുമൊത്ത് ആള്‍ക്കൂട്ടത്തില്‍ തനിയെ, ആരൂഢം, അടിയൊഴുക്കള്‍, അക്ഷരങ്ങള്‍ തുടങ്ങീ നിരവധി ചിത്രങ്ങള്.

ഇത്രയും കാലം, ആവനാഴി, അടിമകള്‍ ഉടമകള്‍, 1921 തുടങ്ങിയ ചിത്രങ്ങള്‍ ടി ദാമോദരനുമൊത്ത്. ചിത്രങ്ങളില്‍ നിറഞ്ഞ് നിന്ന കുതിരവട്ടം പപ്പു, കുഞ്ഞാണ്ടി, നെല്ലിക്കോട് ഭാസ്കരന്‍ അങ്ങനെ കോഴിക്കോടുമായി എപ്പോഴും അടുപ്പം സൂക്ഷിച്ചിരുന്നു ഐ വി ശശി.