LiveTV

Live

Entertainment

ദിലീപിനെ പിന്തുണച്ച് അടൂര്‍ വീണ്ടും; നടക്കുന്നത് ആള്‍ക്കൂട്ട വിചാരണ

ദിലീപിനെ പിന്തുണച്ച് അടൂര്‍ വീണ്ടും;  നടക്കുന്നത് ആള്‍ക്കൂട്ട വിചാരണ
Summary
 ദിലീപും നടിയും തമ്മില്‍ നല്ല ബന്ധത്തിലല്ലായിരുന്നുവെന്ന് കുറ്റകൃത്യം ചെയ്തയാള്‍ക്ക് നന്നായി അറിയാം. അത് ഉപയോഗപ്പെടുത്തുകയാകാം ചെയ്തിരിക്കുന്നത്. ദിലീപിനെതിരെ ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ള ആരോപണങ്ങളെല്ലാം കേവലം കെട്ടുകഥകള്‍ ആയിരിക്കാമെന്നും....

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ പിന്തുണച്ച് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ വീണ്ടും രംഗത്ത്. ദിലീപും നടിയും തമ്മില്‍ നല്ല ബന്ധത്തിലല്ലായിരുന്നുവെന്ന് കുറ്റകൃത്യം ചെയ്തയാള്‍ക്ക് നന്നായി അറിയാം. അത് ഉപയോഗപ്പെടുത്തുകയാകാം ചെയ്തിരിക്കുന്നത്. ദിലീപിനെതിരെ ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ള ആരോപണങ്ങളെല്ലാം കേവലം കെട്ടുകഥകള്‍ ആയിരിക്കാമെന്നും ഒരു അഭിമുഖത്തില്‍ അടൂര്‍ പറഞ്ഞു.

ഒരു അധോലോക നായകനെപ്പോലെയാണ് മാധ്യമങ്ങള്‍ ദിലീപിനെ ചിത്രീകരിക്കുന്നത്. ഇതെല്ലാം കണ്ടും കേട്ടും ജനങ്ങള്‍ അയാളെ ശത്രുവിനെപ്പോലെയാണ് കാണുന്നത്. അയാള്‍ പോകുന്നിടത്തെല്ലാം ജനങ്ങള്‍ കൂവുകയാണ്. എന്തറിഞ്ഞിട്ടാണ് ഇത്തരത്തിലുള്ള പെരുമാറ്റമെന്നും അടൂര്‍ ചോദിച്ചു. ഒരാള്‍ക്ക് നീതി ലഭിക്കാന്‍ ഈ നാട്ടില്‍ അവകാശമില്ലേയെന്നും നീതി നിഷേധിക്കാന്‍ നമ്മളാരാണെന്നും ചോദിച്ച അടൂര്‍ ഇപ്പോള്‍ നടക്കുന്നത് ആള്‍ക്കൂട്ട വിചാരണയാണെന്നും കുറ്റപ്പെടുത്തി.

ജനങ്ങളെ ചാര്‍ജ് ചെയ്ത് നിര്‍ത്തിയിരിക്കുകയാണ്. ഇത്തരമൊരു അവസ്ഥ ജുഡീഷ്യറിയെപ്പോലും സ്വാധീനിക്കും. താര സംഘടനയായ അമ്മ നടീനടന്‍മാരുടെ ക്ഷേമത്തിനായി മാത്രം പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണെന്നും അമ്മയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് ഓര്‍ത്ത് ജനങ്ങള്‍ ആശങ്കപ്പെടുന്നതില്‍ അര്‍ഥമില്ലെന്നും അടൂര്‍ പറഞ്ഞു. സര്‍ക്കാര്‍ ഗ്രാന്‍റോ ജനങ്ങളില്‍ നിന്ന് പിരിച്ച പൈസയോ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സംഘടയല്ലത്. തീര്‍ത്തും സ്വകാര്യ സംഘടനയാണെന്നും അടൂര്‍ കൂട്ടിച്ചേര്‍ത്തു.