LiveTV

Live

Entertainment

അങ്കമാലി ഡയറീസിലെ താരങ്ങളെ പൊലീസ് തടഞ്ഞുവെച്ച് അധിക്ഷേപിച്ചു

അങ്കമാലി ഡയറീസിലെ താരങ്ങളെ പൊലീസ് തടഞ്ഞുവെച്ച് അധിക്ഷേപിച്ചു
Summary
അങ്കമാലി ഡയറീസിലെ താരങ്ങളെ അനാശാസ്യം ആരോപിച്ച് മൂവാറ്റുപുഴ പോലീസ് അധിക്ഷേപിച്ചുവെന്ന് പരാതി.

അങ്കമാലി ഡയറീസിലെ താരങ്ങളെ അനാശാസ്യമാരോപിച്ച് മൂവാറ്റുപുഴ പോലീസ് അധിക്ഷേപിച്ചുവെന്ന് അണിയറ പ്രവര്‍ത്തകര്‍ ഡി ജി പിക്ക് പരാതി നല്‍കി. എന്നാല്‍ ജനല്‍ ചില്ലുകളടക്കം മറച്ച് പരസ്യം പതിച്ച വാഹനം പിടിച്ചെടുക്കാത്തതില്‍ പോലീസിന് വിഴ്ച്ച സംഭവിച്ചുവെന്ന് എറണാകുളം റൂറല്‍ എസ് പി എ. വി ജോര്‍ജ്ജ് വ്യക്തമാക്കി. ചിത്രത്തിന് കൂടുതല്‍ പ്രചാരം ലഭിക്കുന്നതിനായാണ് അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍ ഡി ജി പിക്ക് പരാതി നല്‍കിയതെന്ന നിലപാടിലാണ് പോലീസ്.

കഴിഞ്ഞ ദിവസമാണ് അങ്കമാലി ഡയറീസെന്ന ചിത്രത്തിന്റെ പ്രചാരണത്തിനായി താരങ്ങള്‍ സഞ്ചരിച്ചിരുന്ന കാര്‍ മൂവാറ്റുപുഴയില്‍ വെച്ച് പോലീസ് തടഞ്ഞത്. ചിത്രത്തിലെ നായികമാരിലൊരാളെയടക്കം വാഹനത്തിന്റെ പുറത്തിറക്കി അധിക്ഷേപിച്ചെന്നും ഇക്കാര്യത്തില്‍ പോലീസിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് അണിയറ പ്രവര്‍ത്തകര്‍ പോലീസ് മേധാവി ലോക്നാഥ് ബഹ്റക്ക് പരാതി നല്‍കിയത്. എന്നാല്‍‌ മുഴുവന്‍ ജനല്‍ ചില്ലുകളും മറച്ച് വാഹനമോടിക്കുന്നത് നിയമ വിരുദ്ധമാണെന്നും പോലീസ് പരിശോധന നടത്തിയതില്‍ തെറ്റില്ലെന്നും എറണാകുളം റൂറല്‍ എസ് പി എ വി തോമസ് വ്യക്തമാക്കി. അങ്കമാലി ഡയറീസിന്റെ അണിയറ പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനം പിടിച്ചെടുക്കാത്തതില്‍ വീഴ്ച്ച സംഭവിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാഹനത്തില്‍ പരസ്യം പതിച്ചതാണ് തെറ്റെങ്കില്‍ തങ്ങളില്‍ നിന്ന് പോലീസ് പിഴ ഈടാക്കിയിട്ടില്ലെന്നും മറ്റ് കാര്യങ്ങള്‍ ഡി.ജി.പിയോട് നേരിട്ട് സംസാരിക്കുമെന്നും ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ഫ്രൈഡേ ഫിംലിംസ് വ്യക്തമാക്കി.