LiveTV

Live

Entertainment

ശ്രീവിദ്യയുടെ ഓര്‍മകള്‍ക്ക് ഒരു പതിറ്റാണ്ട്

ശ്രീവിദ്യയുടെ ഓര്‍മകള്‍ക്ക് ഒരു പതിറ്റാണ്ട്
Summary
മനോഹരമായ രണ്ട് കണ്ണുകള്‍, അതില്‍ വിഷാദച്ഛായ, നിഷ്കളങ്കമായ ചിരി..

നടി ശ്രീവിദ്യയുടെ ഓര്‍മകള്‍ക്ക് ഒരു പതിറ്റാണ്ട്. 2006 ഒക്ടോബര്‍ പത്തൊമ്പതിനാണ് ക്യാന്‍സര്‍ രോഗബാധിതയായി ശ്രീവിദ്യ വിടവാങ്ങിയത്. മണ്‍മറഞ്ഞ് പത്ത് വര്‍ഷം കഴിഞ്ഞെങ്കിലും കഥാപാത്രങ്ങളിലൂടെ‍ അവരിന്നും മരണത്തെ അതിജയിക്കുന്നു.

മനോഹരമായ രണ്ട് കണ്ണുകള്‍, അതില്‍ വിഷാദച്ഛായ, നിഷ്കളങ്കമായ ചിരി.. ശ്രീവിദ്യയെക്കുറിച്ചോര്‍ക്കുമ്പോള്‍ സിനിമാസ്വാദകരുടെ മനസില്‍ തെളിഞ്ഞ് വരുന്നത് ഇതാണ്. തമിഴ് ഹാസ്യനടന്‍ കൃഷ്ണമൂര്‍ത്തിയുടെയും ഗായിക എല്‍ വസന്തകുരമാരിയുടെയും മകളായി ജനിച്ച ശ്രീവിദ്യ തീരെ ചെറുപ്പത്തിലേ സിനിമയിലഭിനയിക്കാന്‍ തുടങ്ങി. തുടക്കം തമിഴിലായിരുന്നു. അപൂര്‍വരാഗങ്ങളില്‍ കമല്‍ഹാസന്‍റെ നായികയായാണ് ശ്രീവിദ്യ ശ്രദ്ധേയയാവുന്നത്. മലയാളത്തിലും തമിഴിലും നൂറ് കണക്കിന് ചിത്രങ്ങളില്‍ അഭിനയിച്ചു. മെലോഡ്രാമകള്‍ മലയാളത്തിലും തമിഴിലും ധാരാളമായി സിനിമകളായപ്പോള്‍ ശ്രീവിദ്യ അതിലെ കഥാപാത്രങ്ങളെ അനശ്വരമാക്കി.

ആദാമിന്‍റെ വാരിയെല്ല്. എന്‍റെ സൂര്യപുത്രിക്ക്, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, ദൈവത്തിന്‍റെ വികൃതികള്‍ തുടങ്ങിയ സിനിമകളിലെ ശ്രീവിദ്യയുടെ കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. അഭിനയത്തോടൊപ്പം ഗായിക എന്ന നിലയിലും ശ്രീവിദ്യ പേരെടുത്തു. ഇടവഴിയിലെ പൂച്ച, ദൈവത്തിന്‍റെ വികൃതികള്‍, രചന എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടി. മധുരഗീതം എന്ന ചിത്രത്തിന് തമിഴ്നാട് സര്‍ക്കാര്‍ അവാര്‍ഡും എംജിആര്‍ അവാര്‍ഡും നേടി. മലയാളികളുടെ പരമ്പരാഗത സൌന്ദര്യസങ്കല്‍പങ്ങളുടെ മൂര്‍ത്തീഭാവമായിട്ടായിരിക്കും ശ്രീവിദ്യ ഓര്‍മിക്കപ്പെടുന്നത്.