LiveTV

Live

Entertainment

കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ക ബോഡിസ്‍കേപ്‍സിന്റെ പ്രദര്‍ശനം തടസ്സപ്പെട്ടേക്കും

കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ക ബോഡിസ്‍കേപ്‍സിന്റെ പ്രദര്‍ശനം തടസ്സപ്പെട്ടേക്കും
Summary
സ്വര്‍ഗപ്രണയം പ്രമേയമായ മലയാള ഫീച്ചര്‍ ചിത്രമാണ് ക ബോഡിസ്‍കേപ്‍സ്

കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മലയാള ഫീച്ചര്‍ ഫിലിം ക ബോഡിസ്‍കേപ്‍സിന്റെ പ്രദര്‍ശനം തടസ്സപ്പെട്ടേക്കും. ചിത്രത്തിന് സര്‍ട്ടിഫിക്കേഷന്‍ നിഷേധിച്ചതിന് പിന്നാലെ ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കാനുള്ള ഇളവും സെന്‍സര്‍ ബോര്‍ഡ് അനുവദിച്ചില്ല. ഇളവ് ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ചലച്ചിത്ര അകാദമി സംവിധായകന്‍ ജയന്‍ ചെറിയാനയച്ച കത്തിന്റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു. ചിത്രം പ്രദര്‍ശിപ്പിക്കണമെങ്കില്‍ നവംബര്‍ 25ന് മുമ്പായി സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കേഷന്‍ ഹാജരാക്കണമെന്നും അകാദമി കത്തില്‍ ആവശ്യപ്പെട്ടു.

സ്വര്‍ഗപ്രണയം പ്രമേയമായ മലയാള ഫീച്ചര്‍ ചിത്രമാണ് ക ബോഡിസ്‍കേപ്‍സ്. കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ചിത്രം തെരഞ്ഞെടുക്കപ്പെട്ടെങ്കിലും പ്രദര്‍ശനം തടസപ്പെട്ടേക്കും. ജയന്‍ ചെറിയാന്‍ സംവിധാനം ചെയ്ത ചിത്രം ഹിന്ദു മതവികാരത്തെ വൃണപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് സെന്‍സര്‍ ബോര്‍ഡ് നേരത്തെ സര്‍ട്ടിഫിക്കേഷന്‍ നിഷേധിച്ചിരുന്നു. ഈ സാഹചര്യത്തില്‍ മേളയില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ സെന്‍സര്‍ ബോര്‍ഡിന്റെ പ്രത്യേക ഇളവ് ആവശ്യമാണ്. ഇതിനായി സെന്‍സര്‍ ബോഡിനെ സമീപിച്ചെങ്കിലും അനുകൂല പ്രതികരണമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് നവംബര്‍ 25ന് മുമ്പേ സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കണമെന്ന് കാണിച്ച് അകാദമി സംവിധായകന്‍ ജയന്‍ ചെറിയാന് കത്തയച്ചിരിക്കുന്നത്.

സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കേഷന്‍ നിഷേധിച്ച നടപടിക്കെതിരെ സംവിധായകന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഒരു മാസത്തിനകം സര്‍ട്ടിഫിക്കേഷന്‍ നല്‍കണമെന്ന കോടതി ഉത്തരവ് പക്ഷെ ഇതുവരെ സെന്‍സര്‍ ബോര്‍ഡ് നടപ്പാക്കിയിട്ടില്ലെന്നും സംവിധായകന്‍‌ കുറ്റപ്പെടുത്തുന്നു.