LiveTV

Live

Entertainment

100 കോടി ബജറ്റിൽ മോഹൻലാലിന്റെ കുഞ്ഞാലി മരക്കാർ പ്രഖ്യാപിച്ചു

100 കോടി ബജറ്റിൽ മോഹൻലാലിന്റെ കുഞ്ഞാലി മരക്കാർ പ്രഖ്യാപിച്ചു
Summary
ഇതോടെ സന്തോഷ് ശിവന്‍ മമ്മൂട്ടിയെ നായകനാക്കി ചെയ്യാനിരുന്ന കുഞ്ഞാലി മരക്കാര്‍ ഉപേക്ഷിച്ചുവെന്നാണ് സൂചന

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മലയാള സിനിമയിലെ ഏറ്റവും വലിയ ബിഗ്ബജറ്റ് സിനിമ പ്രഖ്യാപിച്ചു. മലയാളത്തിലെ ഏറ്റവും വലിയ മുടക്കുമുതലായ 100 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന് 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ഇതോടെ സന്തോഷ് ശിവന്‍ മമ്മൂട്ടിയെ നായകനാക്കി ചെയ്യാനിരുന്ന കുഞ്ഞാലി മരക്കാര്‍ ഉപേക്ഷിച്ചുവെന്നാണ് സൂചന. സിന്‍ എന്ന ബഹുഭാഷാ ചിത്രമായിരിക്കും സന്തോഷ് ശിവന്‍ അടുത്തതായി ചെയ്യുക. മുന്നണിയിലും പിന്നണിയിലും പ്രമുഖ നടന്‍മാരും ടെക്‍നീഷ്യന്‍സും അണിനിരക്കുന്ന ചിത്രമായിരിക്കും മരക്കാര്‍. നാവിക തലവനായ കുഞ്ഞാലി മരയ്ക്കാര്‍ നാലാമന്റെ ഇതിഹാസ ജീവിതമാണ് ചിത്രത്തിലെന്ന് പ്രിയദര്‍ശന്‍ വ്യക്തമാക്കി. മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവന്‍ ചെയ്യാനൊരുങ്ങിയ കുഞ്ഞാലിമരയ്ക്കാര്‍ ചിത്രത്തെപ്പറ്റിയുള്ള ചോദ്യത്തിന് മറുപടിയായി നാല് കുഞ്ഞാലി മരയ്ക്കാറുണ്ടല്ലോ. അതില്‍ ഓരോരുത്തരെ സിനിമയാക്കാമല്ലോ എന്ന് പ്രിയദര്‍ശന്‍ പറഞ്ഞു.

കൃത്യമായ ഒരു ബജറ്റിലൊതുക്കാന്‍ സാധിക്കുന്ന സിനിമ അല്ല ഇതെങ്കിലും നൂറു കോടിയ്ക്കുള്ളില്‍ നില്‍ക്കുന്ന തരത്തില്‍ നിര്‍മ്മിക്കണമെന്നാണ് ആഗ്രഹമെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. വലിയ പോസ്റ്റ് പ്രൊഡക്ഷന്‍ ടൈം ആവശ്യമുള്ള സിനിമയാണിത്. മലയാളത്തില്‍ നിന്ന് കൂടാതെ തെലുങ്ക് ഹിന്ദി, തമിഴ് എന്നീ ഭാഷകളിലെ താരങ്ങളും ബ്രിട്ടീഷ് അഭിനേതാക്കളും ചിത്രത്തിന്റെ ഭാഗമാകും. പ്രിയദര്‍ശന്‍ പറഞ്ഞു.