LiveTV

Live

Entertainment

ഓസ്കര്‍ നോമിനേഷനുകള്‍ പ്രഖ്യാപിച്ചു

ഓസ്കര്‍ നോമിനേഷനുകള്‍ പ്രഖ്യാപിച്ചു
Summary
ഗില്ലെര്‍മോ ഡെല്‍ ടോറോ സംവിധാനം ചെയ്ത 'ഷേപ് ഓഫ് വാട്ടര്‍' 13 നോമിനേഷനുകള്‍ നേടി.

90മത് ഓസ്കര്‍ നോമിനേഷന്‍ പ്രഖ്യാപിച്ചു. അന്തിമ പട്ടികയില്‍ ഷേപ് ഓഫ് വാട്ടര്‍ മികച്ച ചിത്രമുള്‍പ്പെടെ 13 നോമിനേഷനുകള്‍ നേടി മിന്നും ചിത്രമായി. മികച്ച ചിത്രം , സംവിധായകന്‍ , നടി തുടങ്ങി 13 നോമിനേഷനുകളാണ് ദ ഷേപ് ഓഫ് വാട്ടര്‍ നേടിയത്. ഗിലര്‍മോ ടെല്‍ ടൊറോ സംവിധാനം ചെയ്ത ചിത്രം ഗോള്‍ഡന്‍ ഗ്ലോബിലും തിളങ്ങിയിരുന്നു. മാര്‍ച്ച് നാലിനാണ് ഓസ്കര്‍ പ്രഖ്യാപനം.

രണ്ടാം ലോക മഹായുദ്ധ കാലത്തെ പ്രശസ്ത ഡന്‍കിര്‍ക്ക് കുടിയൊഴിപ്പിക്കലിന്റെ പശ്ചാത്തലത്തിലൊരുക്കിയ ക്രിസ്റ്റഫര്‍ നോളന്റെ ഡന്‍കിര്‍ക്ക് മികച്ച ചിത്രം, സവിധായകന്‍ തുടങ്ങി എട്ട് നോമിനേഷനുകള്‍ നേടി. ത്രീ ബില്‍ബോര്‍ഡ്സ് ഔട്ട്സൈഡ് എബ്ബിങ് മിസോറി മികച്ച ചിത്രമുള്‍പ്പെടെ 7 നോമിനേഷന്‍ നേടി.

കാള്‍ മി ബൈ യുവര്‍ നെയിം, ഡാര്‍ക്കസ്റ്റ് ഹവര്‍, ഗെറ്റ് ഔട്ട്, ലേഡി ബേര്‍ഡ്, സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ ദ പോസ്റ്റ്, എന്നിവയാണ് മികച്ച ചിത്രത്തിനായി മത്സരിക്കുന്ന മറ്റ് ചിത്രങ്ങള്‍. തിമോത്തി ഷാല്‍മെറ്റ്, ഡാനിയല്‍ ഡെ ലൂയിസ്, ഡാനിയല്‍ കലൂയ, ഗാരി ഓള്‍ഡ് മാന്‍, ഡെന്‍സല്‍ വാഷിങ്ടണ്‍ തുടങ്ങിയവരാണ് നടന്‍മാര്‍ക്കുള്ള ഓസ്കറിനായി മത്സരിക്കുന്നത്. മെറില്‍ സ്ട്രീപ്പ്, സയോറൈസ് റോനന്‍, മാര്‍ഗറ്റ് റോബി,ഫ്രാന്‍സസ് മക് ഡോര്‍മാന്‍ഡ്, സാലി ഹോക്കിങ്സ് തുടങ്ങിയര്‍ നടിമാര്‍ക്കുള്ള പട്ടികയില്‍ ഇടംപിടിച്ചു.

ദ ബോസ് ബേബി, ബ്രഡ് വിന്നര്‍, കൊകോ, ഫെര്‍ഡിനാന്‍ഡ്, ലവിങ് വിന്‍സെന്റ് എന്നിവയാണ് അനിമേറ്റഡ് ചിത്രങ്ങളുടെ പട്ടികയിലുള്ളത്. എ ഫന്റാസ്റ്റിക് വുമണ്‍,ദ ഇന്‍സള്‍ട്ട്, ലവ്‌ലെസ് , ബോഡി ആന്‍ഡ് സോള്‍, ദ സ്ക്വയര്‍ തുടങ്ങിയ ചിത്രങ്ങള്‍ വിദേശ ഭാഷാ വിഭാഗത്തില്‍ ഇടംപിടിച്ചു.

ഓസ്കര്‍ ചരിത്രത്തിലാദ്യമായി ഒരു വനിത ഛായാഗ്രാഹക പുരസ്കാരത്തിനുള്ള നോമിനേഷന്‍ നേടി. മഡ്ബോണ്ടിലൂടെ റേച്ചല്‍ മോറിസണാണ് ഈ നേട്ടം സ്വന്തം പേരിലാക്കിയത്. മാര്‍ച്ച് നാലിന് ഡോള്‍ബി തിയേറ്ററിലാണ് ഓസ്കര്‍ പ്രഖ്യാപനം.