LiveTV

Live

Entertainment

''ഞങ്ങള്‍ താടി വളര്‍ത്തും, മീശ വളര്‍ത്തും, മുട്ടോളം മുട്ടറ്റം മുടിയും വളര്‍ത്തും, അത് ഞങ്ങടെയിഷ്ടം ഞങ്ങടെയിഷ്ടം ഞങ്ങളത് ചെയ്യും''

Summary
ഫാഷിസത്തോടും ഭരണകൂടത്തോടും ജനതയ്ക്ക് പറയാനുള്ളതെല്ലാം ഈ പാട്ടിലുണ്ട്

ഫാഷിസവും ഭരണകൂടവും ജനങ്ങള്‍ക്കുമേല്‍ പിടിമുറുക്കുമ്പോള്‍, അവരുടെ ഇഷ്ടങ്ങള്‍ക്ക് പരിധികള്‍ നിശ്ചയിക്കുമ്പോള്‍ പുതുതലമുറയ്ക്ക് പറയാനുള്ളത് എന്തായിരിക്കും. അതാണ് ഒരു മെക്സിക്കന്‍ അപാരതയിലെ 'ഏമാന്മാരേ ഏമാന്മാരേ ഞങ്ങളുമുണ്ടേ ഇവന്റെ കൂടെ' എന്ന് തുടങ്ങുന്ന ഗാനം. കാക്കനാട് പൊലീസ് സ്റ്റേഷന് മുന്നിലായാണ് ഗാനത്തിന്റെ ചിത്രീകരണം.

മാവോയിസ്റ്റ് അറസ്റ്റും ഫാഷിസത്തിന്റെ പിടിമുറുക്കലും സദാചാര പൊലീസിംഗും അടക്കം, സമീപ കാലത്ത് സമൂഹം അനുഭവിക്കുന്ന എല്ലാതരത്തിലുമുള്ള സാഹചര്യങ്ങള്‍ക്കുമുള്ള മറുപടിയാണ് വിപ്ലവം തുടിക്കുന്ന ഈ ഗാനം.

ഞങ്ങള്‍ റോഡിലിറങ്ങി നടക്കും, ഞങ്ങള്‍ പാടത്തിരുന്ന് ചിരിക്കും, ഞങ്ങള്‍ പെരുമഴത്ത് നനയും, പാതിരാ മഞ്ഞത്തിറങ്ങി നടക്കും, ഞങ്ങള്‍ താടി വളര്‍ത്തും, മീശ വളര്‍ത്തും, മുട്ടോളം മുട്ടറ്റം മുടിയും വളര്‍ത്തും.. അത് ഞങ്ങളെയിഷ്ടം ഞങ്ങളെയിഷ്ടം ഞങ്ങളത് ചെയ്യുമെന്നാണ് വരികള്‍..

''ഞങ്ങളെ മേലിലെ രോമവും നിങ്ങള്‍ക്ക് തീറെഴുതി തരണോ,ഏമാനേ
അപ്പനപ്പുപ്പമാര്‍ വെട്ടിയ റോഡുകള്‍ നിനക്കെഴുതി തരണോ, ഏമാനേ

വെള്ളപുതച്ച നടക്കുന്ന കോലങ്ങള്‍ കോടികള്‍ കട്ടാലെന്താ
നേരമ്പോക്കെന്ന പോല്‍ കേറിയിറങ്ങുവാന്‍ ഞങ്ങടെ നെഞ്ചുണ്ടല്ലോ

നിന്റെ അറയ്ക്കണ കയ്യിലിരിക്കണ ഫാഷിസ കോലുണ്ടല്ലോ
അത് ഞങ്ങളെ നാട്ടിലെ ഞങ്ങടെ സ്വാതന്ത്ര്യം തല്ലിക്കെടുത്താനല്ല

ഇത് ഞങ്ങടെ നാട്, ഞങ്ങളെ റോഡ്, ഞങ്ങടെ പൂവരമ്പ്
അതില്‍ എങ്ങനെയെങ്ങനെയെങ്ങനെ പോണം
എന്ന് ഞങ്ങള്‍ക്കറിയാം"

എന്നുള്ള വരികള്‍ ഇന്നത്തെ യുവതയുടെ മനസ്സല്ലെങ്കില്‍ പിന്നെ എന്താണ്.

വരികള്‍ എഴുതി, സംഗീതം നല്‍കിയിരിക്കുന്നത് രഞ്ജിത് ചിറ്റാടെയാണ്. ഷെബിന്‍ മാത്യുവാണ് ഗായകന്‍. ടോവിനോ തോമസിനെ നായകനാക്കി ടോം ഇമ്മട്ടിയാണ് ഒരു മെക്സിക്കന്‍ അപാരത ഒരുക്കുന്നത്. അനൂപ് കണ്ണനാണ് നിര്‍മ്മാണം. കേരളത്തിന്റെ വിദ്യാര്‍ത്ഥി രാഷ്ട്രീയമാണ് ചിത്രത്തിന്റെ പ്രമേയം. യൂട്യൂബില്‍ റിലീസ് ചെയ്ത് രണ്ടുദിവസത്തിനകം വ്യൂവേഴ്സ് 3 ലക്ഷം കടന്നു.