LiveTV

Live

Entertainment

അന്നും ഇന്നും എന്നും ഒപ്പമുണ്ട് അവര്‍; സൌഹൃദക്കിലുക്കവുമായി ലാലും പ്രിയനും

അന്നും ഇന്നും എന്നും ഒപ്പമുണ്ട് അവര്‍; സൌഹൃദക്കിലുക്കവുമായി ലാലും പ്രിയനും
Summary
പ്രിയദര്‍ശന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട വീഡിയോ അവരുടെ സൌഹൃദത്തില്‍ ഓര്‍മ്മപ്പെടുത്തല്‍ കൂടിയായിരുന്നു
അന്നും ഇന്നും എന്നും ഒപ്പമുണ്ട് അവര്‍; സൌഹൃദക്കിലുക്കവുമായി ലാലും പ്രിയനും

മലയാളിയുടെ സിനിമാകാഴ്ചകളില്‍ എത്രയോ നാളുകളായി അവര്‍ ഒപ്പമുണ്ട്. പ്രിയന്‍-ലാല്‍ സൂപ്പര്‍ഹിറ്റ് കൂട്ടുകെട്ട് ആവര്‍ത്തിക്കുമ്പോള്‍ പ്രേക്ഷകര്‍ അത്ഭുതങ്ങള്‍ പ്രതീക്ഷിച്ചു. ചിലപ്പോഴെല്ലാം നിരാശപ്പെടുത്തിയെങ്കിലും വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്ത കേള്‍ക്കുമ്പോഴെല്ലാം പൊട്ടിച്ചിരിയുടെ മറ്റൊരു കിലുക്കത്തിനാണ് കാത്തിരിക്കുന്നത്. ഒരു സംവിധായകനും നടനും എന്നതിലുപരി വേര്‍പിരിയാത്ത ഒരു കൂട്ടുകെട്ടിന്റെ മായ്ക്കാനാവാത്ത ഉദാഹരണം കൂടിയാണ് പ്രിയദര്‍ശനും ലാലും. പ്രിയദര്‍ശന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട വീഡിയോ അവരുടെ സൌഹൃദത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയായിരുന്നു. ഒപ്പം മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ താളവട്ടത്തിലേക്ക് ഒരു തിരിച്ചുപോക്കും.

ക്ലൈമാക്സില്‍ താളവട്ടം ഒരു നൊമ്പരമായി മാറുമ്പോഴും അതിലെ പാട്ടുകളും ഹാസ്യരംഗങ്ങളും ആരും ഒരിക്കലും മറക്കില്ല. അതിലെ ഓരോ രംഗങ്ങളും മിക്കവര്‍ക്കും കാണാപ്പാഠമാണ്. പൊന്‍വീണേ എന്നുള്ളില്‍ എന്ന ഗാനവും പുല്‍മേടുകളിലൂടെ ഓടിക്കയറി വരുന്ന ലാലിനെയും എങ്ങിനെ മറക്കാനാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം പുല്‍മേട് കയറി വരുന്ന ആ പഴയ ലാലിനെ വീണ്ടും കാണാം ഒപ്പമെന്ന ചിത്രത്തിലൂടെ. ചിത്രത്തിലെ മിനുങ്ങും മിന്നാമിനുങ്ങേ എന്നു തുടങ്ങുന്ന ഗാനവും ചിത്രീകരിച്ചിരിക്കുന്നതും അതേ ലൊക്കേഷനിലാണ്. പ്രിയര്‍ദര്‍ശന്‍ തന്നെ അത് സമ്മതിക്കുന്നുണ്ട്. ഒപ്പം ആ പുല്‍മേട്ടിലൂടെ കയറി വരുന്ന ലാലിനെയും പ്രിയനെയും വീഡിയോയില്‍ കാണാം. ഞങ്ങള്‍ എന്നും ഒപ്പമുണ്ടെന്ന കള്ളച്ചിരിയുമായി.