LiveTV

Live

Entertainment

ഗായകനും നടനുമായ അലി സഫറിനെതിരെ ലൈംഗിക ആരോപണവുമായി നടി മീഷ ഷാഫി

ഗായകനും നടനുമായ അലി സഫറിനെതിരെ ലൈംഗിക ആരോപണവുമായി നടി മീഷ ഷാഫി
Summary
മീ ടു കാംപയിനിന്റെ ഭാഗമായാണ് പാക് ഗായകൻ അലി സഫറിനെതിരെ 36കാരിയായ മീഷ ഷാഫി ലൈംഗിക ആരോപണം ഉന്നയിച്ചത്. പറയാതിരിക്കാന്‍ മന:സാക്ഷി അനുവദിക്കാത്തതുകൊണ്ടാണ്

നടനും ഗായകനുമായ അലി സഫറിനെതിരെ ഗുരുതര ആരോപണങ്ങളുമായി പാകിസ്താന്‍ നടിയും ഗായികയുമായ മീഷ ഷാഫി. അലി സഫറില്‍ നിന്ന് ലൈംഗിക അതിക്രമം ഉണ്ടായിട്ടുണ്ടെന്നും മറ്റൊരാള്‍ക്ക് കൂടി ഈ അനുഭവം ഉണ്ടാകാതിരിക്കാനാണ് ഈ തുറന്നുപറച്ചിലെന്നും മീഷ ഷാഫി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.

മീ ടു കാംപയിനിന്റെ ഭാഗമായാണ് പാക് ഗായകൻ അലി സഫറിനെതിരെ 36കാരിയായ മീഷ ഷാഫി ലൈംഗിക ആരോപണം ഉന്നയിച്ചത്. പറയാതിരിക്കാന്‍ മന:സാക്ഷി അനുവദിക്കാത്തതുകൊണ്ടാണ് ഇപ്പോള്‍ ഇതെല്ലാം വെളിപ്പെടുത്തുന്നതെന്ന് സൂചിപ്പിച്ചാണ് മീഷയുടെ കുറിപ്പ് ആരംഭിക്കുന്നത്. എന്റെ സഹപ്രവര്‍ത്തകൻ കൂടിയായ അലി സഫറില്‍ നിന്നും ഒന്നിലധികം തവണ എനിക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായിട്ടുണ്ട്. ചെറുപ്പത്തിലോ, കലാരംഗത്തേക്ക് കടന്നുവന്നപ്പോഴോ അല്ല ഇതുണ്ടായത്. തനിക്കും തന്റെ കുടുംബത്തിനും വളരെ ആഘാതം ഉണ്ടാക്കിയ സന്ദര്‍ഭമായിരുന്നു അത്.

ഒരുമിച്ച് പരിപാടികൾ ചെയ്യുകയും വര്‍ഷങ്ങളായി അറിയുകയും ചെയ്യുന്ന ആളാണ് അലി സഫര്‍. അലിയുടെ പെരുമാറ്റം തനിക്ക് നാണക്കേടുണ്ടാക്കി. പ്രശസ്തയും, എന്തും തുറന്നുപറയുന്ന പ്രകൃതവും അതിലുപരി രണ്ട് കുട്ടികളുടെ അമ്മയുമായ തനിക്ക് ഈ അനുഭവം ഉണ്ടായെങ്കില്‍ ഈ സമൂഹത്തിലെ ഒരു സ്ത്രീയും സുരക്ഷിതരല്ല എന്നതാണ് സത്യം. ലൈംഗിക അതിക്രമത്തെക്കുറിച്ച് തുറന്നുപറയാന്‍ സമൂഹം മടിക്കുകയാണ്. നിശബ്ദമായിരിക്കുന്ന ഈ സംസ്കാരം മാറ്റിയാല്‍ മാത്രമേ ഇവിടുത്തെ യുവതികൾ സുരക്ഷിതരാകൂ. തന്റെ രാജ്യത്തെ ഓരോ പെണ്‍കുട്ടിക്കും പ്രചോദനമാകാനാണ് ഈ തുറന്നുപറച്ചിലെന്നും മീഷ ഷാഫി ട്വീറ്റ് ചെയ്തു.

മീഷയുടെ ട്വീറ്റിന് പിന്നാലെ ആരോപണം നിഷേധിച്ച് അലി സഫര്‍ രംഗത്തെത്തി. മീ ടു ക്യാംപയിനിനെ ബഹുമാനിക്കുന്നുവെന്നും എന്നാല്‍ അടിസ്ഥാനരഹിതമായ ആരോപണമാണ് മീഷയുടെതെന്നും അലി സഫര്‍ ട്വീറ്റ് ചെയ്തു. ആരോപണത്തെ നിയമപരമായി നേരിടാനാണ് തീരുമാനം. മീഷക്കെതിരെ വ്യക്തിപരമായ ആരോപണങ്ങൾ ഉന്നയിക്കാന്‍ ആഗ്രഹിക്കുന്നില്ല. വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ മീ ടു കാംപയിനിനെ ദുരുപയോഗം ചെയ്യുന്നത് ശരിയല്ലെന്നും അലി സഫര്‍ ട്വീറ്റ് ചെയ്തു. ഗായികയായ മീഷ, മീര നായരുടെ ദ റിലക്ടന്‍ഡ് ഫണ്ടമെന്റലിസ്റ്റ് എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. ബോളിവുഡ് ചിത്രം ഭാഗ് മില്‍ക ഭാഗിലും അഭിനയിച്ചിട്ടുണ്ട്. തേരെ ബിൻലാദന്‍ എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് അലി സഫര്‍ സിനിമയില്‍ എത്തിയത്. മീഷ ഷാഫിയുടെ ട്വീറ്റിന് പിറകെ അലി സഫറിനെതിരെ ആരോപണവുമായി വേറെയും സ്ത്രീകള്‍ രംഗത്തെത്തിയിട്ടുണ്ട്.