സമീറയും സുജാതയും കുറെ പെണ്ണുങ്ങളും
നായകന്റെ നിഴലില്‍ ചുറ്റിപ്പറ്റുന്ന ചില പെണ്‍രൂപങ്ങള്‍...മലയാള സിനിമയില്‍ നായിക എന്നാല്‍ അതായിരുന്നു. നായകനൊപ്പം ആടാനും പാടാനും തല്ല് വാങ്ങാനും മാത്രം വിധിക്കപ്പെട്ടവര്‍. അതിനിടയില്‍ പ്രതീക്ഷയുടെ പച്ചത്തുരുത്ത് പോലെ ചില വ്യക്തിത്വമുള്ള നായികമാര്‍ പ്രത്യക്ഷപ്പെട്ടെങ്കിലും അവര്‍ക്കൊന്നും അധികനാളത്തെ ആയുസുണ്ടായില്ല. പക്ഷേ കുറച്ചു നാളുകളായി മലയാള സിനിമ മാറ്റത്തിന്റെ പാതയിലാണ്. പുതുമയുള്ള പ്രമേയങ്ങള്‍ മാത്രമല്ല, പെണ്ണിന് ഐഡന്റിറ്റി കൊടുത്തുകൊണ്ടുള്ള ചിത്രങ്ങളും വെള്ളിത്തിരയില്‍ വന്നു. 2017ലെ സിനിമകള്‍ നോക്കിയാല്‍ ഈ മാറ്റത്തെ വ്യക്തമായി വരച്ചിടുന്നു. നായകനെക്കാള്‍ ഒരു പടി മുന്നില്‍ നില്ക്കുന്ന നായികമാര്‍. ചില ചിത്രങ്ങളില്‍ ഇവരുടെ മികവാര്‍ന്ന പ്രകടനം കൊണ്ട് നായകന്മാര് നായികമാരുടെ നിഴലായി മാറുന്നു.

1. പാര്‍വ്വതി
വളരെ കുറച്ചു ചിത്രങ്ങള്‍ കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റേതായ ഇടം രേഖപ്പെടുത്തിയ നടിയാണ് പാര്‍വ്വതി. ജീവിതത്തില്‍ മാത്രമല്ല, സിനിമ തെരഞ്ഞെടുക്കുന്ന കാര്യത്തിലും അവര്‍ മറ്റ് നടിമാരില്‍ നിന്നും വ്യത്യസ്തമായിരുന്നു. എണ്ണത്തിലല്ല, അഭിനയത്തിലാണ് കാര്യമെന്ന് പാര്‍വ്വതി പല സിനിമകളിലൂടെയും കാണിച്ചു തന്നു. ടേക്ക് ഓഫ് എന്ന ചിത്രമാണ് മലയാളത്തില്‍ പാര്‍വ്വതിയുടെതായി പുറത്തിറങ്ങിയ ഒരേയൊരു ചിത്രം. സമീറ എന്ന നഴ്സായി താരം അത്ഭുതപ്പെടുത്തുന്ന പ്രകടനം കാഴ്ച വച്ചു. സമീറയെ അല്ലാതെ പാര്‍വ്വതി എന്ന നടിയെ ആ ചിത്രത്തില്‍ കാണാന്‍ സാധിക്കില്ല. മകളുടെയും ഭാര്യയുടെയും അമ്മയുടെയും ആത്മസംഘര്‍ഷങ്ങള്‍ അവതരിപ്പിക്കുന്നതില്‍ പാര്‍വ്വതി വിജയിച്ചു. ആസിഫ് അലി, കുഞ്ചാക്കോ ബോബന്, ഫഹദ് ഫാസില്‍ എന്നീ മൂന്നു നടന്മാരുടെ സാന്നിധ്യം ഉണ്ടായിരുന്നിട്ടു കൂടി ടേക്ക് ഓഫ് മുഴുവനായി പാര്‍വ്വതി പിടിച്ചെടുത്തു. ചിത്രത്തിലെ അഭിനയത്തിന് ഗോവ രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച നടിക്കുള്ള പുരസ്കാരവും പാര്‍വ്വതിയെ തേടിയെത്തി.

2. മഞ്ജു വാര്യര്‍
മലയാളത്തിന്റെ ലേഡീ സൂപ്പര്‍സ്റ്റാറിന് ഈ വര്‍ഷവും കൈ നിറയെ ചിത്രങ്ങളായിരുന്നു. കരിങ്കുന്നം സിക്സസ്, കെയര്‍ ഓഫ് സൈറാ ബാനു, വില്ലന്‍, ഉദാഹരണം സുജാത എന്നിവയായിരുന്നു മഞ്ജുവിന്റെ ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങള്‍. നാല് ചിത്രങ്ങളിലും വ്യത്യസ്തമായ വേഷങ്ങള്‍. ഉദാഹരണം സുജാതയിലെ സുജാത കൃഷ്ണനാണ് ഇതില്‍ എടുത്തു പറയേണ്ട കഥാപാത്രം. കോളനിയില്‍ താമസിക്കുന്ന സുജാത ചിലപ്പോഴൊക്കെ കന്മദത്തിലെ ഭാനുവിനെ ഓര്‍മ്മിപ്പിച്ചു. മകള്‍ക്ക് വേണ്ടി ജീവിക്കുന്ന വിധവയായ സുജാത മഞ്ജുവിന്റെ കയ്യില്‍ ഭദ്രമായിരുന്നു. മകന് വേണ്ടിയുള്ള ഒരു അമ്മയുടെ പോരാട്ടത്തിന്റെ കഥയായിരുന്നു കെയര്‍ ഓഫ് സൈറാ ബാനു പറഞ്ഞത്. സൈറാ ബാനുവായി മഞ്ജു മികവാര്‍ന്ന പ്രകടനം കാഴ്ച വച്ചു.

3. സുരഭി ലക്ഷ്മി
മിന്നാമിനുങ്ങിലെ പ്രകടനത്തിനായിരുന്നു സുരഭി ലക്ഷ്മിക്ക് മികച്ച നടിക്കുള്ള ഉര്‍വ്വശി പുരസ്കാരം ലഭിച്ചത്. സ്വന്തം മകള്‍ക്കും അച്ഛനും വേണ്ടി രാപ്പകലില്ലാതെ കഷ്ടപ്പെടുന്ന കഥാപാത്രത്തെയാണ് സുരഭി അവതരിപ്പിച്ചത്.സുരഭിയുടെ മിന്നുന്ന പ്രകടനത്തിനാണ് ചിത്രം സാക്ഷ്യം വഹിച്ചത്.

4. ഐശ്വര്യലക്ഷ്മി
ഞണ്ടുകള്‍ നാട്ടില്‍ ഒരിടവേളയിലൂടെ മലയാള സിനിമക്ക് ലഭിച്ച അഭിനേത്രിയാണ് ഐശ്വര്യ ലക്ഷ്മി. കുറച്ചു രംഗങ്ങളേ ഉള്ളുവെങ്കിലും ആ ഒറ്റ ചിത്രം കൊണ്ട് തന്നെ ഐശ്വര്യ തന്നിലെ നടിയെ രേഖപ്പെടുത്തിയിരുന്നു. ക്രിസ്മസ് റിലീസായി പുറത്തിറങ്ങിയ മായാനദിയിലെ അപര്‍ണയിലൂടെ ഐശ്വര്യ വീണ്ടും അതിശയിപ്പിച്ചു.

5. അനു സിത്താര
രാമന്റെ ഏദന്‍തോട്ടത്തിലെ മാലിനിയായി അനു സിത്താര മികച്ച പ്രകടനം കാഴ്ച വച്ചു. ഫുക്ര, അച്ചായന്‍സ്, സര്‍വ്വോപരി പാലാക്കാരന്, നവല്‍ ദ ജ്യൂവല്‍, ആന അലറോലടറല് എന്നിവയാണ് അനുവിന്റെ ഈ വര്‍ഷം പുറത്തിറങ്ങിയ സിനിമകള്‍.