LiveTV

Live

Entertainment

'കുറച്ചു നേരത്തേക്കെന്റെ ശ്വാസം നിന്നു പോയി', വിജയ് സേതുപതിയുടെ ഫോണ്‍ കോളില്‍ കിളി പാറിയ രാജേഷ് ശര്‍മ്മ

 'കുറച്ചു നേരത്തേക്കെന്റെ ശ്വാസം നിന്നു പോയി', വിജയ് സേതുപതിയുടെ ഫോണ്‍ കോളില്‍ കിളി പാറിയ രാജേഷ് ശര്‍മ്മ
Summary
ഭാര്യ എന്റെ തമിഴിലുള്ള പേച്ചും വെപ്രാളവും കണ്ട് തുറിച്ചു നോക്കി

വിക്രം വേദ എന്ന ചിത്രത്തോടെ വിജയ് സേതുപതി എന്ന തമിഴ് താരത്തിന്റെ ഗ്രാഫ് കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. മാധവനെക്കാളും ഒരു പടി മുന്നിലായിരുന്നു ചിത്രത്തില്‍ വിജയയുടെ പ്രകടനമെന്നാണ് വിമര്‍ശകര്‍ പോലും പറയുന്നത്. മിതമായ അഭിനയ ശൈലിയാണ് താരത്തിന്റെ ഏറ്റവും വലിയ സവിശേഷത. വിക്രം വേദയുടെ വിജയത്തിളക്കത്തില്‍ മുങ്ങുമ്പോഴും മറ്റൊരു നടന്റെ അഭിനയത്തെ പ്രകീര്‍ത്തിക്കാനും സേതുപതിക്ക് മടിയില്ല. ആ അഭിനന്ദനത്തിന് പാത്രമായതോ നമ്മുടെ രാജേഷ് ശര്‍മ്മയും. രാജേഷിനെ അറിയില്ലേ...? അന്നയും റസൂലും, ഹോംലി മീല്‍സ്, ചാര്‍ലി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അതേ രാജേഷ് തന്നെ. സിഗൈയിലെ തന്റെ പ്രകടനം കണ്ട് വിജയ് സേതുപതി ഫോണില്‍ വിളിച്ച അനുഭവം പങ്കുവയ്ക്കുകയാണ് രാജേഷ് ശര്‍മ്മ.

 'കുറച്ചു നേരത്തേക്കെന്റെ ശ്വാസം നിന്നു പോയി', വിജയ് സേതുപതിയുടെ ഫോണ്‍ കോളില്‍ കിളി പാറിയ രാജേഷ് ശര്‍മ്മ

രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

ഒത്തിരി സന്തോഷമുള്ളൊരു കാര്യം കുറച്ചു മുൻപ് സംഭവിച്ചു.
"സിഗൈ" എന്ന എന്റെ ആദ്യത്തെ തമിഴ് സിനിമ കണ്ട് തമിഴിന്റെ പ്രിയനടൻ വിജയ് സേതുപതി വിളിച്ചു. "ബ്രദർ, നീങ്ക നല്ലാ നടിച്ചിരുക്ക്. എനക്ക് അന്ത ക്യാരക്ടറും ഉങ്കളെയും റൊമ്പ പുടിച്ചിരുക്ക്" കുറച്ചു നേരത്തേക്കെന്റെ ശ്വാസം നിന്നു പോയി. ഉച്ചമയക്കത്തിൽ കണ്ട സ്വപ്നമായിരുന്നോ അത്? മുന്നിൽ വന്നു നിന്ന ഭാര്യ എന്റെ തമിഴിലുള്ള പേച്ചും വെപ്രാളവും കണ്ട് തുറിച്ചു നോക്കി. ഞാൻ പറഞ്ഞു, "വിജയ് സേതുപതി". ഞാൻ അവളുടെ കയ്യിലേക്ക് ഫോൺ കൊടുത്തു. തമിഴറിയാത്ത അവൾ തമിഴിൽ കൈകാലിട്ടടിക്കുന്നതു കണ്ടു. അവളെന്തൊക്കെയോ പറഞ്ഞു. പിന്നെ ഫോൺ എന്റെ കയ്യിൽ തന്ന് വീടിനുള്ളിൽ ലക്ഷ്യമില്ലാതെ അന്തം വിട്ട് തെന്നിത്തെറിച്ചു നടന്നു.

ഒടുവിൽ ചെന്നൈയിൽ വെച്ച് കാണാമെന്ന ഉറപ്പിൽ അദ്ദേഹം "ബൈ" പറഞ്ഞു. കുറച്ചു നേരം എന്റെ തലയ്ക്കകത്ത് കിളി പറന്നു. പിന്നെ എന്റെ സ്ഥായീഭാവം "കിളിരസ"മായിരുന്നു (നവരസങ്ങളിൽ ഇല്ലാത്തത് )

ഞാനെന്റെ മോളോടു പറഞ്ഞു, "മോളേ, പപ്പയെ വിജയ് സേതുപതി വിളിച്ചു". "വാ പപ്പേ, നമുക്ക് ഷട്ടിൽ കളിക്കാം". തമിഴ് നടികർ ബോധമില്ലാത്ത പെണ്ണ്!

"സിഗൈ" കണ്ട് എന്നെ വിളിക്കാൻ തോന്നിയ ആ വലിയ മനസ്സിനോട് ഒത്തിരിയൊത്തിരി സ്നേഹം...