LiveTV

Live

Entertainment

‘വൈറ്റ് ഹെല്‍മറ്റി’ന്റെ ഓസ്‍കാര്‍ സ്വപ്നങ്ങള്‍ക്ക് തിരിച്ചടിയായി ട്രംപിന്റെ മുസ്‌ലിം വിലക്ക്

‘വൈറ്റ് ഹെല്‍മറ്റി’ന്റെ ഓസ്‍കാര്‍ സ്വപ്നങ്ങള്‍ക്ക് തിരിച്ചടിയായി ട്രംപിന്റെ മുസ്‌ലിം വിലക്ക്
Summary
ആരും കൊതിക്കുന്ന ഓസ്കര്‍ നിശയില്‍ പങ്കെടുക്കാനുള്ള സുവര്‍ണാവസരമാണ് ട്രംപിന്റെ പുതിയ യാത്രാ നിബന്ധനകൊണ്ട് ഇവര്‍ക്ക് നഷ്ടമായത്.

ഡോണള്‍ഡ് ട്രംപിന്റെ മുസ്‌ലിം വിലക്ക് തിരിച്ചടിയായത് സിറിയയില്‍ നിന്ന് ഓസ്കര്‍ നോമിനേഷന്‍ നേടിയ വൈറ്റ് ഹെല്‍മെറ്റ് എന്ന ഡോക്യുമെന്‍ററിയുടെ നിര്‍മാതാക്കള്‍ക്ക് കൂടിയാണ്. സിറിയയില്‍ നിന്നുള്ള മുസ്‌ലിം യാത്രക്കാരെ വിലക്കിയതോടെ ഓസ്കര്‍ ചടങ്ങില്‍ പങ്കെടുക്കാനാകാത്തതിന്‍റെ നിരാശയിലാണ് ഇവര്‍.

ആരും കൊതിക്കുന്ന ഓസ്കര്‍ നിശയില്‍ പങ്കെടുക്കാനുള്ള സുവര്‍ണാവസരമാണ് ട്രംപിന്റെ പുതിയ യാത്രാ നിബന്ധനകൊണ്ട് ഇവര്‍ക്ക് നഷ്ടമായത്. സിറിയയിലെ മനുഷ്യാവകാശ സംഘടനയായ വൈറ്റ് ഹെല്‍മറ്റിന്‍റെ യുദ്ധഭൂമിയിലെ പ്രവര്‍ത്തനങ്ങള്‍ ചിത്രീകരിച്ച വൈറ്റ് ഹെല്‍മറ്റ്, ഷോര്‍ട് സബ്ജക്ട് ഡോക്യുമെന്ററി വിഭാഗത്തിലാണ് നോമിനേഷന്‍ നേടിയത്.. ഡോക്യുമെന്‍ററിക്കായുള്ള ദൃശ്യങ്ങള്‍ ചിത്രീകരിച്ച ഖാലിദ് ഖതീബിനും വൈറ്റ് ഹെല്‍മറ്റിന്‍റെ സ്ഥാപകന്‍ റയീദ് സാലിഹിനും ഫെബ്രുവരി 26ന് നടക്കുന്ന ഓസ്കര്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കില്ല.. സിറിയ ഉള്‍പ്പെടെ 7 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കയിലേക്ക് യാത്ര വിലക്ക് ഏര്‍പ്പെടുത്തിയതോടെയാണ് നോമിനേഷന്‍ നേടിയിട്ടും അണിയറപ്രവര്‍ത്തകര്‍ക്ക് ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കാതെ വന്നത്..

നെറ്റ്‌ഫ്ലിക്സില്‍ ലഭ്യമാക്കിയിരിക്കുന്ന വൈറ്റ്ഹെല്‍മറ്റ് എന്ന ഡോക്യുമെന്‍ററി പ്രതീക്ഷയുടെയും പ്രചോദനത്തിന്‍റെയും സഹകരണത്തിന്‍റെയും സന്ദേശമാണ് പങ്കുവെക്കുന്നത്.

സിറിയന്‍ രക്ഷാപ്രവര്‍ത്തനത്തെ അടിസ്ഥാനമാക്കി ഒരു സിനിമ നിര്‍മിക്കാനും അണിയറപ്രവര്‍ത്തകര്‍ക്ക് തീരുമാനിച്ചു. ഓസ്കര്‍ ജേതാവായ ജോര്‍ ക്ലൂണിയായിരിക്കും ചിത്രത്തില്‍ നായകന്‍. എന്നാല്‍ ചടങ്ങിനെത്തുന്ന കലാകാരന്മാരെ തടയില്ലെന്നാണ് അക്കാദമി തലവന്‍ അറിയിച്ചത്. ട്രംപിന്‍റെ നയത്തില്‍ പ്രതിഷേധിച്ച് ഇറാന്‍ ഡയറക്ടര്‍ അസ്ഗര്‍ ഫര്‍ഹാദി, നടി തരാണെ അലിദോസ്തി എന്നിവര്‍ ഓസ്കര്‍ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. ദ സെയില്‍സ്മാനിലൂടെ മികച്ച വിദേശ ഭാഷചിത്രത്തിനുള്ള നോമിനേഷന്‍ നേടിയവരാണ് ഇരുവരും.