LiveTV

Live

Entertainment

കായംകുളം കൊച്ചുണ്ണിയുടെ ശ്രീലങ്കയിലെ ചിത്രീകരണം തടസ്സപ്പെട്ടു

കായംകുളം കൊച്ചുണ്ണിയുടെ ശ്രീലങ്കയിലെ ചിത്രീകരണം തടസ്സപ്പെട്ടു
Summary
സിനിമയുടെ ശ്രീലങ്കയിലെ ചിത്രീകരണം തല്‍കാലം മാറ്റി വെച്ചിരിക്കുകയാണെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

നിവിന്‍ പോളിയെ കേന്ദ്ര കഥാപാത്രമാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയുടെ ശ്രീലങ്കയിലെ ചിത്രീകരണം വര്‍ഗീയ കലാപത്തെ തുടർന്ന് തടസ്സപ്പെട്ടു. സിനിമയുടെ ശ്രീലങ്കയിലെ ചിത്രീകരണം തല്‍കാലം മാറ്റി വെച്ചിരിക്കുകയാണെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. അതിനിടെ ഗോവയിലെ ചിത്രീകരണത്തിനിടെ പരിക്കേറ്റതിനെ തുടർന്ന് നിവിന്‍ പോളി വിശ്രമത്തിലാണ്.

കായംകുളം കൊച്ചുണ്ണിയുടെ ജീവിതം സിനിമയാക്കുമ്പോള്‍ ചിത്രീകരണത്തിനായി കണ്ടെത്തിയ ലൊക്കേഷനുകളിലൊന്ന് നിലവില്‍ കലാപം പൊട്ടിപ്പുറപ്പെട്ട ശ്രീലങ്കയിലെ കാന്‍ഡിയായിരുന്നു. സിനിമയുടെ അവസാനത്തെ ഷെഡ്യൂൾ ആയിരുന്നു ശ്രീലങ്കയിൽ നടക്കേണ്ടിയിരുന്നത്. വൈദ്യുതി ബന്ധം പോലുമില്ലാത്ത പ്രദേശങ്ങളും ശ്രീലങ്കയിലെ പഴയ ജയിലുകള്‍ അടക്കമുള്ള ലൊക്കെഷനുകളും സിനിമയ്ക്ക് അനുയോജ്യമായതിനാലാണ് ചിത്രീകരണത്തിനായി കാന്‍ഡി തെരഞ്ഞെടുത്തത്. സംഘര്‍ഷം ശ്രീലങ്കയുടെ പല ഭാഗങ്ങളിലേക്കും വ്യാപിച്ചതിനെ തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം തല്‍കാലം മാറ്റിവെക്കേണ്ടി വന്നുവെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. ഗോവയിലെ ചില സ്ഥലങ്ങളിലാണ്‌ ഇപ്പോള്‍ കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണം നടക്കുന്നത്. ശ്രീലങ്കയില്‍ ഏപ്രില്‍ രണ്ടോടെ ചിത്രീകരണം പുനഃരാരംഭിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ പദ്ധതി.

സിനിമയില്‍ നിവിന്‍ പോളി കായംകുളം കൊച്ചുണ്ണിയാകുമ്പോള്‍ ഇത്തിക്കര പക്കിയായി മോഹന്‍ലാൽ എത്തുന്നു. 30 കോടിയോളം ചെലവ് വരുന്ന സിനിമയാവും കായംകുളം കൊച്ചുണ്ണി എന്നാണ് റിപ്പോര്‍ട്ടുകള്‍. എസ്രക്ക് ശേഷം പ്രിയ ആനന്ദ്‌ അഭിനയിക്കുന്ന മലയാളം ചിത്രം കൂടിയാണ്‌ കായംകുളം കൊച്ചുണ്ണി. സണ്ണി വെയിന്‍, ബാബു ആന്റണി, സുധീര്‍ കരമന, തെസ്നി ഖാന്‍ തുടങ്ങിയവരും മുഖ്യ വേഷത്തിലുണ്ട്. ബാങ്കോക്ക്, സൗത്ത്‌ ആഫ്രിക്ക, ജര്‍മനി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെത്തിയ വിദഗ്ധ സംഘമാണ് കൊച്ചുണ്ണിയിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത്.

കഴിഞ്ഞ ദിവസം ഗോവയിലെ ചിത്രീകരണത്തിനിടെ നിവിന്‍ പോളിയുടെ ഇടത് കൈയ്ക്ക് പരുക്കേറ്റിരുന്നു. എല്ലിന് പൊട്ടലുണ്ടെന്നാണ് സൂചന. തുടര്‍ന്ന് നിവിന്‍ 15 ദിവസത്തെ വിശ്രമത്തിനായി കേരളത്തിലെത്തി. കായംകുളം കൊച്ചുണ്ണി ഓണത്തിന് തിയേറ്ററുകളിലെത്തിയേക്കും.