LiveTV

Live

Entertainment

രാമലീലയുടെ ജയപരാജയങ്ങള്‍ നീതിയുടെ അളവുകോലല്ലെന്ന് ജോയ് മാത്യു

രാമലീലയുടെ ജയപരാജയങ്ങള്‍ നീതിയുടെ അളവുകോലല്ലെന്ന്  ജോയ് മാത്യു
Summary
ഹോട്ടൽ സ്ഥാപിച്ചയാൾ കൊലക്കുറ്റത്തിനു ശിക്ഷിക്കപ്പെട്ട്‌ ജയിലിൽ ആണെന്നതിനാൽ ആരും സരവണഭവനിൽ നിന്നും മസാല ദോശ കഴിക്കാതിരിക്കുന്നില്ല

രാമലീലയുടെ ജയപരാജയങ്ങള്‍ നീതിയുടെ അളവ്കോലല്ലെന്ന് സംവിധായകനും നടനുമായ ജോയ് മാത്യു. താന്‍ അവളോടൊപ്പവും അതേസമയം നല്ല സിനിമക്കൊപ്പവുമാണെന്ന് അദ്ദേഹം കുറിച്ചു.

രാമലീലയുടെ ജയപരാജയങ്ങള്‍ നീതിയുടെ അളവുകോലല്ലെന്ന്  ജോയ് മാത്യു

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

നിലപാടുകളിൽ വേണ്ടത്‌ ഒറ്റത്താപ്പ്‌

കുറ്റാരോപിതനായി‌ റിമാന്റിൽ കഴിയുന്ന ദിലീപ്‌ എന്ന നടൻ അഭിനയിച്ച "രാമലീല" എന്ന സിനിമ പ്രേക്ഷകർ ബഹിഷകരിക്കണം എന്ന് പറയാൻ ഒരു കൂട്ടർക്ക്‌ അവകാശമുണ്ട്‌- എന്നാൽ ആ സിനിമ കാണണം എന്നാഗ്രഹിക്കാൻ മറ്റൊരുകൂട്ടർക്കും അവകാശമുണ്ട്‌‌-അത്‌ ജനാധിപത്യത്തിന്റെ രീതി- നമ്മുടെ നാട്ടിൽ ചുരുക്കം ചില സംവിധായകർക്ക്‌ മാത്രമെ തങ്ങൾ എടുക്കുന്ന സിനിമകളിൽ അവരുടേതായ കയ്യൊപ്പുള്ളൂ ,അവരുടെ പേരിലേ ആ സിനിമകൾ അറിയപ്പെടൂ- എന്നാൾ ചില സംവിധായകരുടെ പേരു കേട്ടാൽ ഓടിരക്ഷപ്പെടുന്ന അവസ്‌ഥയുമുണ്ട്‌-

ആണധികാരം നിലനിൽക്കുന്ന ഒരു സാമൂഹ്യാന്തരീക്ഷത്തിൽ സിനിമകളും താരകേന്ദ്രീക്രതമായിരിക്കുക സ്വാഭാവികം- നല്ല സിനിമക്കാരുടെ വക്താക്കളായ അടൂർ മുതൽ ആ ജനസ്സിൽപ്പെട്ട പലരുമിക്കര്യത്തിൽ മോശക്കാരല്ല ,ആദ്യം താരത്തിന്റെ ഡേറ്റ്‌ നോക്കിത്തന്നെയാണു ഇവരിൽ പലരും സിനിമ പ്ലാൻ ചെയ്യുന്നത്‌ - അതുകൊണ്ടൊക്കെത്തന്നെയാണ് സിനിമയുടെ സ്രഷ്ടാവിനേക്കാൾ നായകന്റെ പേരിൽ സിനിമയെന്ന ഉൽപ്പന്നം അറിയപ്പെടുന്നത്‌- കേരളത്തിലെ നടികളിൽ മഞ്ജുവാര്യർക്ക്‌ മാത്രമെ ആ തരത്തിലുള്ള ഒരു സ്റ്റാർഡം പ്രേക്ഷകർ കൽപ്പിച്ചുകൊടുത്തിട്ടുള്ളൂ- രാമലീലയുടെ സംവിധായകന് ഇതിനു മുബ്‌ ഒരു സിനിമ ചെയ്ത്‌ തന്റെ കയ്യൊപ്പ്‌ ചാർത്തുവാൻ അവസരം കിട്ടിയിട്ടില്ല എന്നതിനാൽ "രാമലീല" തിയറ്ററിൽ എത്തുന്നതുവരെ ഇത്‌ ദിലീപ്‌ ചിത്രം എന്ന പേരിൽതന്നെയാണറിയപ്പെടുക- അത്‌ സംവിധായകന്റെ കുറ്റമല്ലല്ലൊ- തന്റെ സിനിമയിൽ പങ്കെടുക്കുന്നവർ ഭാവിയിൽ ഏത്‌ ക്രൈമിലാണു ഉൾപ്പെടുകയെന്ന് ഒരു സംവിധായകനും പ്രവചിക്കാനാവില്ല.

നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റാരോപിതനായ ആൾ നായകനായി വരുന്ന ചിത്രം തിയറ്ററിൽ വിജയിച്ചാൽ, ജയിലിൽ കിടക്കുന്ന കുറ്റാരോപിതൻ
നിരപരാധിയാണെന്ന് കോടതി വിധികൽപ്പിക്കുമെന്ന് വിശ്വസിക്കാൻ മാത്രം മൂഡരാണോ മലയാളികൾ? ഇനി തിരിച്ചാണെങ്കിലൊ ? "രാമലീല " പ്രേക്ഷകർ തിരസ്കരിച്ചെന്നിരിക്കട്ടെ, കോടതി മറിച്ചുചിന്തിക്കുമെന്നും കുറ്റാരോപിതനെ കുറ്റവാളിയായി പ്രഖ്യാപിക്കുമെന്നും കരുതുന്നതിനെ വങ്കത്തം എന്നാണു പറയുക- കോടതിക്ക്‌ അതിന്റേതായ രീതികളും കീഴ്‌വഴക്കങ്ങളുമുണ്ട്‌- കാരുണ്യത്തേക്കാൾ തെളിവുകൾക്ക്‌ മുൻതൂക്കം കൊടുക്കുന്ന നീതിന്യായ സംവിധാനമാണല്ലോ
കോടതി- അതിനാൽ രാമലീലയുടെ ജയപരാജയങ്ങൾ കോടതിയുടെ തീരുമാനങ്ങളെ ഒരർഥത്തിലും സ്വാധീനിക്കുകയില്ലതന്നെ- രാമലീല ബഹിഷകരിക്കണം എന്ന് പറയുന്ന അവാർഡ്‌ സിനിമാക്കരോട്‌ ഒരു ചോദ്യം. ലോക പ്രശസ്ത പോളിഷ്‌ സംവിധായകനായ റോമൻ പോളാൻസ്കി പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ പീഡിപ്പിച്ചതിനു ജയിൽ ശിക്ഷക്ക്‌ വിധിക്കപ്പെട്ട ആളാണ് .എന്നിട്ടും അദ്ദേഹം സംവിധാനം ചെയ്ത" ദി പിയാനിസ്റ്റ്‌ "എന്ന ചിത്രം നല്ല സിനിമയെ ഇഷ്ടപ്പെടുന്നവരും ഫാസിസ്റ്റ്‌ വിരുദ്ധരുമായ സിനിമാക്കാർ ഇപ്പോഴും ക്ലാസ്സിക്‌ ആയി കൊണ്ടാടുന്ന ചിത്രമാണു-

ഇനി "രാമലീല "കാണരുത്‌ എന്ന് പറയുന്ന മുഖ്യധാരാ സിനിമാക്കരോട്‌ ഒരു ചോദ്യം.1993 ൽ 250 പേർ കൊല്ലപ്പെട്ട മുംബൈ സ്ഫോടനക്കേസിൽ
യാക്കൂബ്‌ മേമന്റെ ആൾക്കാർക്ക്‌ വേണ്ടി ആയുധം ഒളിപ്പിച്ചുവെച്ച രാജ്യദ്രോഹക്കുറ്റത്തിനു ജയിലിൽ ആറുവർഷം ശിക്ഷ അനുഭവിച്ച സഞ്ജയ്‌ ദത്തിന്റെ സിനിമകൾ ആരെങ്കിലും ബഹിഷകരിച്ചൊ? പകരം "മുന്നാഭായ്""‌ പോലുള്ള പടങ്ങൾ കൊണ്ടാടപ്പെടുകയാണു ചെയ്തത്‌- (ലിസ്റ്റ്‌ അപൂർണ്ണം)
ഇനി സിനിമ വിട്ട്‌ രാഷ്ട്രീയത്തിലേക്ക്‌ വന്നാലോ ക്രിമിനൽ കേസുകളിൽ പ്രതികളല്ലാത്ത നേതാക്കൾ നമുക്ക്‌ എത്രയുണ്ട്‌? കുറ്റാരോപിതരായി രാഷ്ട്രീയ ജീവിതത്തിൽ നിന്നും ജനങ്ങളാൽ എഴുതിത്തള്ളിയ പലരും അതേ ജനങ്ങളാൽ തെരഞെടുക്കപ്പെട്ട്‌ മന്ത്രിമാരും എംപി മാരുമായത് നമ്മുടെ നാട്ടിൽ ഒരു കേട്ടുകേൾവിയല്ലതന്നെ-

അതുകൊണ്ടു "രാമലീല " യുടെ ജയപരാജയങ്ങൾ നീതിയുടെ അളവുകോലല്ല എന്ന് മനസ്സിലാക്കുക- ഇത്രയും പറയുമ്പോൾ സ്വാഭാവികമായും ഉയരുന്ന ഒരു ചോദ്യമുണ്ട്‌ : താങ്കൾ ഏത്‌ പക്ഷത്താണ്? തീർച്ചയായും ഞാൻ അവളോടൊപ്പം തന്നെ. എന്നാൽ അതേ സമയം ഞാൻ സിനിമയോടൊപ്പവുമാണ്. രാമലീല നല്ലതാണെങ്കിൽ കാണും-ഹോട്ടൽ സ്ഥാപിച്ചയാൾ കൊലക്കുറ്റത്തിനു ശിക്ഷിക്കപ്പെട്ട്‌ ജയിലിൽ ആണെന്നതിനാൽ ആരും സരവണഭവനിൽ നിന്നും മസാല ദോശ കഴിക്കാതിരിക്കുന്നില്ല- ക്രിമിനലുകൾ മന്ത്രിമാരായി പുതിയ നിയമങ്ങൾ നടപ്പാക്കുമ്പോൾ നാം ഒരെതിർപ്പുമില്ലാതെ അനുസരിക്കാതിരിക്കുന്നുമില്ല.
അതിനർഥം ഉൽപന്നം തന്നെയാണു മുഖ്യം- ഉൽപ്പന്നം നന്നായാൽ ആവശ്യക്കാരൻ വാങ്ങും. അതുകൊണ്ട്‌ ദിലീപാണോ സഞ്ജയ്‌ ദത്താണോ എന്നതല്ല നോക്കേണ്ടത്‌. ആത്യന്തികമായി സിനിമ നല്ലതാണോ എന്നതാണ്.അപ്പോൾ മാത്രമെ നല്ല സിനിമകളും അതിനു സംവിധായകന്റെ കയ്യൊപ്പും കാണാനാവൂ.ഇത്രയും പറാഞ്ഞതിന്റെ അർഥം മനസ്സിലാക്കാതെ ഇത്‌ ഇരട്ടത്താപ്പാണെന്ന് ട്രോളുന്നവരുടെ ശ്രദ്ധക്ക്‌ ഒരു കാര്യം
പറയട്ടെ ;
ഇതാണു ഒറ്റത്താപ്പ്‌-