LiveTV

Live

Entertainment

മാധ്യമങ്ങളെ കാണാതിരുന്നതിനും ഇനി കാണുന്നതിനും വിനായകന് കാരണമുണ്ട്

മാധ്യമങ്ങളെ കാണാതിരുന്നതിനും ഇനി കാണുന്നതിനും വിനായകന് കാരണമുണ്ട്
Summary
വിനായകന്‍ സ്വന്തം ജീവിതാനുഭവങ്ങളും സിനിമാ മോഹവും കൃത്യമായ രാഷ്ട്രീയവും പങ്കുവെക്കുന്നു.

ഇത്രകാലം മാധ്യമങ്ങളെ കാണാതിരിക്കാനും ഇപ്പോള്‍ കാണാനും ഇനിമുതല്‍ മാധ്യമങ്ങളെ കാണുമെന്ന് പറയുന്നതിനും വിനായകന് വ്യക്തമായ കാരണമുണ്ട്, അവാര്‍ഡ് സന്തോഷത്തിനായി മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വെച്ച് ജിലേബി നീട്ടിയ അമ്മയുടെ കൈ തട്ടി മാറ്റിയതെന്തുകൊണ്ടാണെന്ന് വിനായകന്‍ പറയുന്നു. 2016ലെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ വിനായകന്‍ സ്വന്തം ജീവിതാനുഭവങ്ങളും സിനിമാ മോഹവും തന്‍റെ കൃത്യമായ രാഷ്ട്രീയവും പങ്കുവെക്കുന്നു. വിനായകന്റെ വാര്‍ത്താസമ്മേളനത്തിന്റെ പൂര്‍ണ്ണ രൂപം.


രാജീവ് ഈ പ്രൊജക്ട് പറഞ്ഞപ്പോള്‍ ആദ്യം പറഞ്ഞത് എനിക്കൊരു പാട്ട് ചെയ്താല്‍ കൊള്ളാമെന്നായിരുന്നു. അപ്പൊ രാജീവ് എനിക്കൊരു റഫറന്‍സ് തരികയും ഞാനൊരു ഹമ്മിംങ് ക്രിയേറ്റ് ചെയ്യുകയും അന്‍വറേട്ടന്‍ അതിന് ലിറിക്‌സ് എഴുതുകയും ചെയ്തു. കമ്മട്ടിപ്പാടത്തിലെ ഗംഗ ക്യാരക്ടര്‍ പോലെ ആ പാട്ടും എല്ലാം കൊണ്ടും മാച്ചായിരുന്നു. ആദ്യമായി ചെയ്ത കൊംപോസിഷനാണ്. സംഗീതവും ഡാന്‍സും ചേരുകയെന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം.

ഏറ്റവും ഫ്രീഡമുള്ള റോളുകളാണ് വില്ലന്റേത്. എങ്ങനെ വേണമെങ്കിലും അങ്ങോട്ടും ഇങ്ങോട്ടും തിരിയാനാകും. അതിനൊരു ഫ്രീഡമുണ്ട്. ഫിസിക്കലി ഉണ്ടാകുന്ന ആക്‌സിഡന്റ്‌സ് മൂലമാണ് അങ്ങനെയുള്ള പടത്തില്‍ പലതില്‍ നിന്നും മാറുന്നത്. തെലുങ്കില്‍ ഇപ്പോള്‍ പോകാറില്ല. ആറ് ദിവസമാണ് ഷൂട്ടെങ്കില്‍ ആറ് ദിവസവും കെട്ടിത്തൂക്കിയിട്ട് ഇടിയാണ്. അപ്പൊആ പരിപാടി നിര്‍ത്തി.

'പ്രമുഖ' മുഖ്യന്‍, ബഹുമാന്യനായ മുഖ്യന്‍ വിളിച്ചിരുന്നു. ഒറക്കത്തീന്നാണ് വിളി വന്നത്.

ലാലേട്ടന്‍ വിളിച്ചിരുന്നു. ലാലേട്ടന്‍ വിളിച്ചപ്പോള്‍ സന്തോഷം തോന്നി. 'പ്രമുഖ' ആള് വിളിച്ചപ്പൊ പേടി തോന്നി.
ലാലേട്ടനൊക്കെ എതിരാളിയോ... ദൈവമേ...

ഞാന്‍ എന്നെ വിലയിരുത്താറുണ്ട്. ഞാന്‍ അഭിനയിച്ച പടങ്ങളും വിലയിരുത്തും. അപ്പൊ ആധികാരികമായിട്ട് ജനത്തിന് മുന്നില്‍ വന്നിരുന്ന് നടനാണെന്ന് പറയാനുള്ള അധികാരം എനിക്കില്ലെന്ന് ഞാന്‍ തന്നെ വിലയിരുത്തിയാണ് ഞാന്‍ മീഡിയയില്‍ വരാതിരുന്നത്. അതാണ് അതിന്റെ യഥാര്‍ഥ സത്യം

ഒരു അംഗീകാരം ആദ്യം ലഭിക്കട്ടെ എന്നിട്ട് വരാമെന്നായിരുന്നു. സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയ അന്ന് മുതല്‍ ആലോചിക്കുന്നുണ്ട് ഇനി മീഡിയയില്‍ വന്നു തുടങ്ങുമെന്ന്.

വ്യവസ്ഥയോട് താല്‍പര്യമില്ലെന്ന് പറഞ്ഞിരുന്നു. ഞാന്‍ ഉദ്ദേശിച്ച വ്യവസ്ഥ സന്തോഷമാണെങ്കിലും ഷുഗറുള്ള ഒരാള്‍ക്ക് മധുരം നല്‍കുന്നത് മോശമായിട്ടാണ് തോന്നിയത്. അതുകൊണ്ടാണ് തട്ടിക്കളഞ്ഞത്. എന്നെ സപ്പോര്‍ട്ട് ചെയ്ത മീഡിയയില്‍ നിന്നു തന്നെ കുറേ പേര്‍ വിളിച്ചുപറയുന്നുണ്ട്. എന്നാല്‍ എനിക്കതില്‍ നിന്നും മാറാന്‍ പറ്റില്‍ ഞാന്‍ വിനായകന്‍ തന്നെയാണ് ഇന്നും.

പ്രയത്‌നിച്ചാല്‍ നടക്കും. എന്റെ വീട് പലരും കണ്ടതല്ലേ. ആ വീട്ടില്‍ നിന്നും ഞാനിറങ്ങി വന്നത് റെയില്‍വെ ട്രാക്കിലോട്ടാ. ട്രാക്കിലൂടെ നടന്ന് കാനയും കടന്നെത്തുന്നത് ബസ് സ്റ്റാന്റിലോട്ടാ. അവിടെ എന്റെ സുഹൃത്തുക്കള്‍. അവര്‍ക്ക് വീടില്ല, കുടിയില്ല, ഒന്നുമില്ല. അപ്പൊപിന്നെ ഞാനെങ്ങനെ എന്റെ സങ്കടം പറയും. എനിക്ക് കൂരയെങ്കിലും ഉണ്ട്. അവര്‍ക്ക് കുടിക്കാന്‍ വെള്ളമില്ല. മഴവന്നാ പുതച്ചു മൂടാന്‍ തുണിയില്ല. അപ്പൊപിന്നെ ഞാനെന്റെ സങ്കടം പറയുന്നതിലെന്താണ് കാര്യം.

സെലക്ടീവാവില്ല. അത്രേം പടമില്ല. അതാണ് റിയാലിറ്റി. ഒന്നാലോചിച്ചേ 15 കൊല്ലം എത്ര പടം വന്ന്. നല്ല പടം വന്നാലല്ലേ ചെയ്യാന്‍ പറ്റൂ. ഞാന്‍ വിചാരിച്ചാ നടക്കില്ലല്ലോ. അത്ര ക്വാളിറ്റി സിനിമകള്‍ ഇല്ല. ഇപ്പൊഴാണ് കുറച്ചൊക്കെ മാറി വരുന്നത്. വരും. മാറി വരും.

എന്നും സിനിമ ഡയറക്ടറുടേതാണ്. മമ്മൂട്ടി സാറിന്റേയും മോഹന്‍ലാല്‍ സാറിന്റേയും പഴയ പടങ്ങളും പുതിയതും വെച്ച് നോക്കുമ്പോള്‍ വ്യത്യാസം മനസിലാകുന്നുണ്ട്. തുണി പോലും കറക്ടല്ല. ഇടുന്ന ഡ്രസ് പോലും കറക്ടല്ല.

എന്റെ ലൈഫില്‍ മൂന്ന് കൊല്ലം മുമ്പാണ് ഞാനെന്ത് ജാതിക്കാരനാണെന്ന് ചിന്തിച്ചത്. അത് ചിന്തിച്ചപ്പോള്‍ എന്റെ മനസില്‍ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. അത് ചിന്തിക്കാതിരിക്കുക ഫൈറ്റ് ചെയ്യുക എന്നതാണ് ഞാന്‍ പഠിച്ച വേറൊരു പാഠം.

ലോകത്തെല്ലായിടത്തും വേര്‍തിരിവുണ്ടാകും. മലയാള സിനിമയില്‍ മാത്രമല്ല. കറുത്തവരുണ്ടാകും വെളുത്തവരുണ്ടാകും ചുരുണ്ട മുടിക്കാരുണ്ടാകും. പത്രക്കാരില്‍ വേര്‍തിരിവില്ലേ? ഉണ്ട്.

വേര്‍തിരിവുണ്ടാകും വാര്‍ ഉണ്ടാകും. പരമമായ സത്യമാണത്. ലോകം നില്‍ക്കുന്നത് തന്നെ വാറിലാണ്. ഇതെല്ലാം എന്നുമുള്ളതാണ്. പ്രണയമുണ്ടാകും ലോകം നില്‍ക്കുന്നത് പ്രണയത്തിലാണ്. ശാന്തി എന്ന് വെറുതേ പറയുന്നതാണ്. വാര്‍ മസ്റ്റാണ് ലോകം നിലനില്‍ക്കാന്‍.

ഞാന്‍ കഥ കേള്‍ക്കാറില്ല. സ്‌ക്രിപ്റ്റ് കേള്‍ക്കില്ല. എനിക്കതില്‍ വിശ്വാസമില്ല. എന്തുകൊണ്ടാണെന്ന് ചോദിച്ചാല്‍ ഷൂട്ട് ചെയ്ത് അഭിനയിച്ച് എല്ലാം കഴിഞ്ഞ് എഡിറ്റ് സ്യൂട്ടില്‍ വരുമ്പൊ കട്ട്‌ചെയ്ത് പോയിട്ടുണ്ടാകും. നമ്മള്‍ വെറുതേ വെയിലത്തിരുന്ന് അഭിനയിക്കുകയെന്നതാണ്. അങ്ങനെ വിശ്വാസമില്ലാതായി.

കമ്മട്ടിപ്പാടത്തിനായി വയറ് വെക്കാനാണ് ആദ്യം കുറേ കാലം നടന്നത്. അലമ്പായിരുന്നു കുറച്ച് കാലം. നല്ല തീറ്റേം മദ്യപാനവുമായിരുന്നു. മുഖത്തെല്ലാം അതിന്റെ മാറ്റം വന്നിരുന്നു. പണി നല്ലോണം എടുത്തു. പിന്നെ 40 ദിവസം കൊണ്ട് വീണ്ടും 62 കിലോയിലേക്ക് വന്നു. അത് എനിക്ക് വലിയ ഹാര്‍ഡ് വര്‍ക്കായിരുന്നു. രാത്രി ഒമ്പത് മണിക്ക് ഓടും. രാവിലെ അഞ്ച് മണിക്ക് സൈക്ലിംങ് ചെയ്യും. ഭക്ഷണം കട്ടായിരുന്നു. എങ്കിലും സന്തോഷമായിരുന്നു.

എന്റെ ടാര്‍ഗറ്റ് അവാര്‍ഡല്ലായിരുന്നു. എനിക്കിങ്ങനെ മീഡിയയുടെ മുന്നില്‍ വന്നിരുന്ന് സംസാരിക്കണമായിരുന്നു. മൂന്ന് നാല് കൊല്ലമായിട്ടേ ഉള്ളൂ ഇങ്ങനെ കൊള്ളാവുന്ന സിനിമകള്‍ വന്നിട്ട്. ബാക്കി 15 കൊല്ലം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നിരിക്കാവുന്ന ഒരു പടം ഞാന്‍ ചെയ്തിട്ടില്ല.

പത്തൊമ്പത് ഇരുപത് വയസില്‍ തെറിച്ച് നടക്കുന്ന പയ്യനായിരുന്നു. നേരത്തെ പറഞ്ഞ മതം ജാതി ചിന്തയില്ല. ഒന്ന് പോസ്റ്ററില്‍ വരിക വലിയ ആഗ്രഹമായിരുന്നു. ബിഗ് ബി വരെ എത്തേണ്ടി വന്നു. ഏകദേശം 18 വര്‍ഷത്തോളം എടുത്തു അതിന്. അപ്പോഴും ഞാന്‍ മാധ്യമങ്ങളെ ശ്രദ്ധിച്ചിട്ടില്ല. ശ്രദ്ധിച്ചിട്ടില്ലെന്ന് പറഞ്ഞാ അതി ഗംഭീരമായിട്ടുള്ള ഒന്നും ഞാന്‍ ചെയ്തിട്ടില്ല. അതാണതിന്റെ സത്യം.

ഇന്നലെ റോട്ടില് പിള്ളേരെയൊക്കെ തല്ലിക്കൊണ്ട് പോകുന്നത് കണ്ട്. വെറുതേ കൊറേ പേര് കൊടിയുമായി വന്ന് നാട്ടിലുള്ള പിള്ളേര തല്ലുക. ലോകം നില്‍ക്കുന്നത് തന്നെ പ്രേമത്തിലും പ്രണയത്തിലുമാണ്. അതിനെ തല്ലിപ്പൊളിക്കാന്‍ പോവുകയെന്ന് പറഞ്ഞാല്‍ പിന്നെ ലോകം എന്തിനാണ്. പ്രണയമില്ലെങ്കില്‍ പിന്നെന്തിനാണ് ലോകം.

ഇവിടുത്തെ എല്ലാ പ്രശ്‌നവും പ്രണയമില്ലാത്തതല്ലേ. ഡല്‍ഹിയിലെ പെങ്കൊച്ചിന്റേം ഇതു തന്നെയായിരുന്നു പ്രശ്‌നം. ജിഷയുടെ കേസിലും അതാണ്, ട്രയിനില്‍ നിന്ന് തള്ളിയിട്ടതും അതാണ് ഇപ്പോള്‍ അടുത്ത് സഹോദരിക്കുണ്ടായ ദുരനുഭവവും അതാണ്. പ്രശ്‌നം അതാണ്. എന്നിട്ടിത് പിന്നേം ചെയ്‌തോണ്ടിരുന്നാ. എല്ലാവരും ചിന്തിക്കേണ്ടതാണ്. പ്രണയമില്ലെങ്കില്‍ പിന്നെന്തിനാണ് ജീവിക്കുന്നത്.

എനിക്ക് കണ്ടമാനം പ്രണയമുണ്ടായിരുന്നു. ഇങ്ങനൊന്നുമല്ല. ആരെ വേണേലും പ്രണയിക്കാം. നമുക്ക് വെറുതേ പറയാം. എന്നാല്‍ നമ്മള്‍ നില്‍ക്കുന്നത് അതിന് വേണ്ടിയാണ്. ഇടുന്ന ഷര്‍ട്ടും എഴുതുന്ന എഴുത്തുമെല്ലാം അതിന് വേണ്ടിയാണ്.

വിവാഹം.. ഇനീം കെട്ടിയാ ഭാര്യ തല്ലും. അവിടുന്ന് എന്നെ വിട്ടത് തന്നെ ആള്‍ക്കാരുമായിട്ടാണ്. ഒരു ഗേംങ് തന്നെ വന്നിട്ടുണ്ട്. എന്നേക്കാ കൂടുതല്‍ ഭാര്യയാണ് അവരുടെ ആള്.

രാജീവ് രവി 94, 95, 96 കാലത്ത് പറഞ്ഞ ബേസ് ലൈനാണ് കമ്മട്ടിപ്പാടം. ഇത്രേം നാളും ഇരുപത് കൊല്ലത്തോളം രാജീവ് ഇതിന് വേണ്ടി കഷ്ടപ്പെട്ടു എന്ന് പറയാവുന്ന പടമാണ് കമ്മട്ടിപ്പാടം. ഞാനതിനെ വേറെ രീതിയില്‍ കാണുന്നത് ഇത്രേം കാലം രാജീവ് രവി എനിക്ക് വേണ്ടി വര്‍ക്ക് ചെയ്യുകയായിരുന്നു. പ്രൊഡ്യൂസര്‍ പ്രേം സാറും എനിക്ക് വേണ്ടി കാശുണ്ടാക്കുകയായിരുന്നു. ഇതിലോട്ട് വരാന്‍ ഞാനും വര്‍ക്ക് ചെയ്യുകയായിരുന്നു. ഞാനൊരു 20 ശതമാനമേ ഉള്ളൂ. രാജീവും സാറും അതിലും കൂടുതല്‍ ചെയ്തിട്ടുണ്ട്.

എറണാകുളത്ത് ഏറ്റവും കൂടുതല്‍ അഴുക്കും വന്നു കൂടുന്നത് എന്റെ വീട്ടിലാണ്. ഏറ്റവും അവസാനം അഴുക്ക് ഇറങ്ങിപ്പോകുന്നതും എന്റെ വീട്ടില്‍ നിന്നാണ്. ആറ് മാസക്കാലത്തോളം എന്റെ വീട്ടില്‍ വെള്ളമാണ്.

മഴപെയ്താല്‍ ആറ് മാസം മഴയാണെന്ന് പറയുന്ന അതേ സമയം തന്നെ മറ്റൊരു കാര്യം പറയാം. ഞങ്ങള്‍ക്കന്ന് ഉത്സവമാണ്. ആരും പണിക്ക് പോകാതെ റെയില്‍വേ ട്രാക്കില്‍ കേറി നില്‍ക്കുക. അങ്ങോട്ടും ഇങ്ങോട്ടും വായില്‍ നോക്കി നില്‍ക്കുക. അയ്യപ്പന്റെ ചായക്കടയില്‍ പോയി ചായകുടിക്കുക. എന്റെ ബന്ധുക്കാരും മൂത്ത ആള്‍ക്കാരും മരിച്ചപ്പൊ ആ റെയില്‍വേ ട്രാക്കിലൂടെയാണ് ശവം ചുമന്ന് പുല്ലേപ്പടി ശ്മശാനത്തിലേക്ക് പോയിട്ടുള്ളത്. എന്നെ സംബന്ധിച്ച് എനിക്കൊരു കൂരയുണ്ട്. അത് പോലുമില്ലാത്തവരുണ്ട്. അതുകൊണ്ട് വിഷമമായി പറഞ്ഞതല്ല. ഞാന്‍ ഇവിടെയെത്തിയതില്‍ സന്തോഷിക്കുന്നവനാണ്.

ഞാന്‍ കണ്ടിട്ടുള്ള ആത്മഹത്യകള്‍. മോശം കാര്യങ്ങള്‍... അതൊക്കെ ഞാന്‍ പഠിച്ച കാര്യങ്ങളാണ്. അതുകൊണ്ട് ഗംഗയായി മാറാനോ ഒരു ബാലന്‍ചേട്ടനെ അറിയാനോ എനിക്കത്ര സമയം വേണ്ടി വന്നില്ല. കാരണം ഞാന്‍ കണ്ടിട്ടുണ്ട് അത്തരം കണ്ടമാനം ആളുകളെ. കണ്ടിട്ടുണ്ട് എന്റെ ലൈഫില്‍

ഗംഗയുടെ ശവശരീരം കൊണ്ടുപോകുന്ന വഴി ഇത്ര ചെറുതാക്കിയത് ആരാണെന്ന് നേരത്തെയും ഞാന്‍ ചോദിച്ചിട്ടുണ്ട്. അവിടെ പത്ത് പതിനഞ്ച് വീട്ടുകാര് 60 വര്‍ഷത്തിലേറെയായി താമസിക്കുന്നവരാണ്. അതുപോലെ കണ്ടമാനം കോളനികള്‍ ഉണ്ടാക്കപ്പെട്ടിട്ടുണ്ട്. ആദ്യം ഉണ്ടായിരുന്ന ആളുകളൊക്കെ കോളനിയായി മാറുന്നു. അതാണ് ഞാന്‍ കണ്ടിരിക്കുന്നത്. രാത്രിയാവുമ്പൊ പൊലീസുകാര് അങ്ങോട്ടാണ് വരുന്നത്. ഞാന്‍ ചെയ്തതല്ല അത്. ആരാണതിന്റെ ഉത്തരം പറയേണ്ടതെന്ന് അന്നും ചോദിച്ചതാണ്.