LiveTV

Live

Entertainment

മലയാള സിനിമ മേഖല വീണ്ടും സമരത്തിലേക്ക്

മലയാള സിനിമ മേഖല വീണ്ടും സമരത്തിലേക്ക്
Summary
മാളുകളുമായുള്ള വ്യവസ്ഥകള്‍ തങ്ങള്‍ക്കും ബാധകമാക്കണമെന്നാണ് തീയറ്റര്‍ ഉടമകളുടെ ആവശ്യം

മലയാള സിനിമ മേഖല വീണ്ടും സമരത്തിലേക്ക്. തിയേറ്റര്‍ വരുമാനം പങ്കിടുന്നതിലെ തര്‍ക്കത്തെ തുടര്‍ന്ന് സിനിമാ ഷൂട്ടിങ്ങും റിലീസും നിര്‍ത്തിവെക്കാനാണ് തീരുമാനം. ഡിസംബര്‍ 16 മുതല്‍ പുതിയ സിനിമകളുടെ ഷൂട്ടിങ്ങും റിലീസും നിര്‍ത്താനാണ് തീരുമാനം. തിയേറ്റര്‍ വിഹിതത്തിന്റെ പകുതി വേണമെന്ന എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ നിലപാടാണ് പുതിയ പ്രശ്‌നങ്ങള്‍ക്ക് കാരണം. ഒരു കാരണവശാലും ഈ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്ന് നിര്‍മ്മാതാക്കളും വിതരണക്കാരും പറയുന്നു.

നാളെ തിരുവനന്തപുരത്ത് ചേരുന്ന തീയറ്ററുടമകളുടെ യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും. മാളുകളുമായുള്ള വ്യവസ്ഥകള്‍ തങ്ങള്‍ക്കും ബാധകമാക്കണമെന്നാണ് തീയറ്റര്‍ ഉടമകളുടെ ആവശ്യം. മാളുകള്‍ക്ക് ടിക്കറ്റ് നിരക്കിന്റെ അമ്പത് ശതമാനം നല്‍കുമ്പോള്‍ തീയറ്ററുകള്‍ക്ക് 40 ശതമാനം മാത്രമാണ് നല്‍കുന്നത്. തീയറ്ററുകള്‍ 10 മുതല്‍ 40 ലക്ഷം രൂപവരെ വിതരക്കാര്‍ക്ക് അഡ്വാന്‍സ് നല്‍കുന്നുണ്ട്. എന്നാല്‍ മാളുകള്‍ക്ക് നാല് മാസത്തെ ഇളവ് നല്‍കുന്നു. പ്രചാരണത്തിനായും തീയറ്ററുകള്‍ പണം മുടക്കേണ്ടി വരുന്നു. ഇത് അംഗീകരിക്കാനാകില്ലെന്നാണ് തീയറ്ററുടമകളുടെ നിലപാട്.

മുന്‍ ധാരണകള്‍ ഫെഡറേഷന്‍ അട്ടിമറിച്ചുവെന്ന് നിര്‍മ്മാതാക്കളും വിതരണക്കാരും കുറ്റപ്പെടുത്തുന്നു. ഡിസംബര്‍ 16ന് ശേഷം റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന 20 ചിത്രങ്ങളുടെ റിലീസ് മുടങ്ങും. ക്രിസ്മസ് റിലീസുകളെയും തര്‍ക്കം ബാധിച്ചേക്കും. മോഹന്‍ലാല്‍, മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, ദിലീപ്, പൃഥ്വിരാജ് തുടങ്ങിയ പ്രമുഖരുടെ എല്ലാം ചിത്രങ്ങള്‍ ക്രിസ്മസ് റിലീസിനായി കാത്തിരിക്കുന്നതിനിടെയാണ് സംഘടനകള്‍ തമ്മിലുള്ള തര്‍ക്കം. ഓണചിത്രങ്ങളും പിന്നാലെ വന്ന പുലിമുരുകനും മികച്ച കളക്ഷന്‍ നേടി മുന്നേറുന്നതിനിടെയാണ് പ്രതിസന്ധി വന്നിരിക്കുന്നത്.