LiveTV

Live

Education

ന്യൂകോളേജ് വിളിക്കുന്നു

1951ല്‍ മുസ്‍ലിം എഡ്യുക്കേഷന്‍ അസോസിയേഷന്‍ ഓഫ് സൌത്ത് ഇന്ത്യ(MEASI)യാണ് ദ ന്യൂകോളേജ് സ്ഥാപിക്കുന്നത്

ന്യൂകോളേജ് വിളിക്കുന്നു

വന്താരെയ് വാഴവെക്കും ചെന്നൈ എന്ന തമിഴ് പഴമൊഴി പ്രസിദ്ധമാണ്. ജീവിതം തേടിയെത്തുന്നവരെയൊന്നും നിരാശരാക്കാത്ത ചെന്നൈയുടെ കാര്യത്തിലെങ്കിലും പഴഞ്ചൊല്ലില്‍ പതിരില്ലെന്നത് ശരിയാണെന്ന് ചെന്നൈ വാസികള്‍ പറയും. ഗള്‍ഫ് ബൂമിനു മുമ്പ് മലയാളിയുടെ അന്നം തേടിയുള്ള യാത്ര പലപ്പോഴും അവസാനിച്ചത് മദ്രാസിലായിരുന്നു. ഇന്നും ചെന്നൈയിലും പരിസരപ്രദേശങ്ങളിലുമുള്ള നൂറുകണക്കിനു ടീസ്റ്റാളുകളും റസ്റ്റോറന്‍റുകളും മലയാളിയും മദ്രാസും തമ്മിലുള്ള ബന്ധത്തിന്‍റെ കഥ പറയും. പല ചായപ്പീടികകളും ഹോട്ടലുകളും 3 തലമുറയെങ്കിലും മുമ്പ് കേരളക്കരയില്‍ നിന്ന് കുടിയേറിയവര്‍ സ്ഥാപിച്ചതാണ്. സഫാരി, സൈതൂന്‍, പാംഷോര്‍, പാംജുമൈറ, സീഷെല്‍, മെജസ്റ്റിക് അങ്ങനെ നീളുന്നു ചെന്നൈയിലെ മലയാളി രുചിയിടങ്ങള്‍. ജോലിയാവശ്യാര്‍ത്ഥം മാത്രമല്ല മലയാളി ചെന്നൈയിലേക്ക് വണ്ടി കയറിയത്. വിദ്യ തേടിയും മലയാളി ചെന്നൈയിലെത്തി. ഐഐടി മദ്രാസ് അടക്കം ഇന്ത്യയിലെ തന്നെ പേരുകേട്ട പല വിദ്യാഭ്യാസ സ്ഥാപനങ്ങളും ചെന്നൈയിലാണുള്ളത്.

ദ ന്യൂ കോളേജ്, ചെന്നൈ

ചെന്നൈയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൂട്ടത്തില്‍ മുന്‍ നിരയിലുള്ള സ്ഥാപനമാണ് ന്യൂകോളേജ്. മലയാളിയും ന്യൂകോളേജും തമ്മിലുള്ള ബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ന്യൂകോളേജില്‍ നിന്ന് പഠിച്ചു പുറത്തിറങ്ങി സമൂഹത്തില്‍ ഉന്നത സ്ഥാനമലങ്കരിക്കുന്നവരില്‍ നിരവധി മലയാളികളുമുണ്ട്. ചിന്തയില്‍ ആത്മനാശനത്തിന്‍റെ അംശമുണ്ടെന്ന് മലയാളിയെ പഠിപ്പിച്ച പ്രൊഫസര്‍ എം.എന്‍ വിജയന്‍ ന്യൂകോളേജിലെ മലയാള വിഭാഗത്തില്‍ അധ്യാപകനായിരുന്നു. ന്യൂകോളേജുമായുള്ള ഹൃദയ ബന്ധത്തെ കുറിച്ച് തന്‍റെ ആത്മകഥയായ കാലിഡോസ്കോപ്പില്‍ അദ്ദേഹം പറയുന്നുണ്ട്.

1951ല്‍ മുസ്‍ലിം എഡ്യുക്കേഷന്‍ അസോസിയേഷന്‍ ഓഫ് സൌത്ത് ഇന്ത്യ(MEASI)യാണ് ദ ന്യൂകോളേജ് സ്ഥാപിക്കുന്നത്. ഖാഇദെ മില്ലത്ത് ഇസ്‍മാഈല്‍ സാഹിബ് അടക്കുമുള്ള മഹത്തുക്കളുടെ പ്രവര്‍ത്തനഫലമായാണ് ചെന്നൈ നഗരത്തിന്‍റെ ഹൃദയഭാഗത്ത് കോളേജ് സ്ഥാപിതമാവുന്നത്. അമേരിക്കന്‍ കോണ്‍ലുലേറ്റും, ബ്രിട്ടീഷ് കൌണ്‍സിലുമൊക്കെ കോളേജിന്‍റെ വിളിപ്പാടകലെയാണുള്ളത്. വാരാന്ത്യങ്ങളില്‍ ഇവിടെ നടക്കാറുള്ള വിവിധ പാഠ്യ-പാഠ്യേതര പ്രോഗ്രാമുകളില്‍ ന്യൂകോളേജ് വിദ്യാര്‍ഥികള്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ചവെക്കാറുണ്ട്. മുസ്‍ലിംകളടങ്ങുന്ന പിന്നാക്ക വിഭാഗങ്ങളുടെ വിഭ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് തുടങ്ങിയ സ്ഥാപനത്തില്‍ ഇന്ന് ജാതി മതഭേദമന്യേ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. ഡേ കോളേജിലും ഈവനിംഗ് കോളേജിലുമായി 5,000ത്തിലധികം വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നു. രാവിലെ 8.30ക്ക് ആരംഭിക്കുന്ന ഡേകോളേജ് ഉച്ചക്ക് 1.30ക്ക് അവസാനിക്കുന്നു. ഉച്ചക്ക് 2.15 ന് ആരംഭിക്കുന്ന ഈവനിംഗ് കോളേജ് വൈകുന്നേരം 6.30ക്ക് അവസാനിക്കുന്നു. ചെന്നൈ നഗരത്തില്‍ ഉപരിപഠനമാഗ്രഹിക്കുന്നവര്‍ക്ക് ഒരു മികച്ച ഓപ്ഷനാണ് ന്യൂകോളേജ്. അഡ്മിഷനും മറ്റു വിവരങ്ങള്‍ക്കുമായി ലിങ്ക് പരിശോധിക്കുക.