Top

ബിന്ദു അമ്മിണിക്കെതിരെ മുളക് സ്പ്രേ പ്രയോഗിച്ച കേസില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം

ബിജെപി നേതാക്കളായ അഡ്വ. പ്രതീഷ് വിശ്വനാഥ്, സിജി രാജഗോപാൽ എന്നിവര്‍ക്കെതി രായ പരാതി ദുരുദ്ദേശ്യപരമാണെന്ന്​ വിലയിരുത്തിയാണ്​ ജസ്​റ്റിസ്​ ബി സുധീന്ദ്ര കുമാര്‍ ഉത്തരവിറക്കിയത്

MediaOne Logo

  • Updated:

    2021-03-04 15:50:54.0

Published:

4 March 2021 3:50 PM GMT

ബിന്ദു അമ്മിണിക്കെതിരെ മുളക് സ്പ്രേ പ്രയോഗിച്ച കേസില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം
X

ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധം നടക്കുന്നതിനിടെ ആക്​ടിവിസ്​റ്റ്​ ബിന്ദു അമ്മിണിക്ക്​ നേരെ മുളക് സ്​പ്രേ പ്രയോഗിച്ച കേസില്‍ രണ്ട്​ പ്രതികൾക്ക്​ ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ബി.ജെ.പി നേതാക്കളായ അഡ്വ. പ്രതീഷ് വിശ്വനാഥ്, സി.ജി. രാജഗോപാൽ എന്നിവര്‍ക്കാണ് കോടതി ജാമ്യമനുവദിച്ചത്. ഇരുവര്‍ക്കുമെതിരായ പരാതി ദുരുദ്ദേശ്യപരമാണെന്ന്​ വിലയിരുത്തിയാണ്​ ജസ്​റ്റിസ്​ ബി. സുധീന്ദ്ര കുമാര്‍ ഉത്തരവിറക്കിയത്​.

ഇവരെ അറസ്റ്റ് ചെയ്താലും 50,000 രൂപയുടെ ബോണ്ടി​​ന്‍റെയും തുല്യ തുകക്കുള്ള രണ്ട് ആൾജാമ്യത്തി​​ന്‍റെയും അടിസ്​ഥാനത്തിൽ വിടണമെന്നാണ്​ നിർദേശം. അറസ്​റ്റ്​ ചെയ്യാത്തപക്ഷം 15 ദിവസത്തിനകം കീഴടങ്ങി ജാമ്യമെടുക്ക​ണമെന്നും ഉത്തരവിൽ പറയുന്നു. മൊഴി നൽകിയതിൽ പ്രഥമദൃഷ്​ട്യാ ദുരുദ്ദേശ്യമുണ്ടെന്ന് വിലയിരുത്തിയാണ് സിംഗിൾ ബെഞ്ച് പ്രതികള്‍ക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്.

2019 നവംബർ 26നാണ് കേസിനാസ്പദമയ സംഭവം. ഭൂമാത ബ്രിഗേഡ്​ ആക്​ടിവിസ്​റ്റ്​ തൃപ്​തി ദേശായിക്കൊപ്പം ശബരിമലയിലേക്ക് പോകാൻ സംരക്ഷണമാവശ്യപ്പെട്ട് എറണാകുളം സിറ്റി പൊലീസ് കമീഷണർ ഓഫീസിലെത്തിയപ്പോഴാണ് ബിന്ദു അമ്മിണി​ അക്രമിക്കപ്പെട്ടത്.

കാറിൽ നിന്നും സുപ്രീംകോടതി വിധിയുടെ പകര്‍പ്പ് എടുക്കാനായി പോയപ്പോള്‍, പ്രതികൾ ശരണമന്ത്രങ്ങൾ ചൊല്ലിക്കൊണ്ടു തന്‍റെ സമീപത്തേക്ക് വന്നെന്നും ഇതിലൊരാള്‍ മുഖത്തേക്ക് മുളക് സ്പ്രേ പ്രയോഗിച്ചെന്നുമാണ് ബിന്ദു അമ്മിണിയുടെ പരാതിയിലുള്ളത്. ദേഹത്ത്​ പിടിച്ചെന്നും 'അർബൻ നക്​സൽ' എന്ന്​ വിളിച്ചെന്നും പരാതിയിലുണ്ടായിരുന്നു.

എന്നാൽ, ഹരജിക്കാരായ പ്രതികൾ ആക്രമണം നടക്കുന്ന സമയത്ത്​ സ്ഥലത്തുണ്ടായിരുന്നതിന് സാക്ഷി മൊഴികളോ ദൃശ്യങ്ങളോ ഇല്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. എന്നിട്ടും ഇവർക്കെതിരെ പരാതിയുന്നയിച്ചത് ദുരുദ്ദേശ്യപരമാണ്​. ഇവർ ഒരു ഭക്​തയായല്ല, ആക്ടിവിസ്​റ്റായാണ്​ ശബരിമലയിലേക്ക്​​ പോകാനെത്തിയതെന്ന്​ കോടതി നിരീക്ഷിച്ചു​. സംഭവം നടന്ന് 11 മാസം കഴിഞ്ഞാണ് ഹരജിക്കാരെ പ്രതിചേർത്തത്.

TAGS :
Next Story