അപരാജിത 73 റൺസ്; കോലി റെക്കോർഡുകൾക്ക് നടുവിൽ
കഴിഞ്ഞ മത്സരത്തിലെ പ്രകടനത്തിന് പിന്നാലെ കോലിയെ തേടിയെത്തിയത് നാലു റെക്കോര്‍ഡുകള്‍.

റൺ മെഷീൻ തകരാറിലോയെന്ന് ചോദിച്ച വിമർശകരുടെ വായടപ്പിച്ച പ്രകടനവുമായി ഇന്ത്യൻ നായകൻ വിരാട് കോലി. ഇംഗ്ലണ്ടുമായി നടന്ന രണ്ടാം ട്വന്റി-20യിൽ പുറത്താകാതെ നേടിയ 73 റൺസ് നേട്ടത്തിന് പിന്നാലെ കോലിയെ തേടിയെത്തിയത് നിരവധി റെക്കോർഡുകളും. കോലിയെ തേടിയെത്തിയ റെക്കോർഡുകൾ ഇവയാണ്.
ട്വന്റി-20യിൽ 3000 റൺസ് നേടുന്ന ആദ്യ അന്താരാഷ്ട്ര താരമായി കോലി മാറി. 3001 റൺസാണ് കോലിയുടെ അക്കൗണ്ടിൽ ഇപ്പോഴുള്ളത്. 87 മത്സരങ്ങളിൽ നിന്ന് 50.86 ആവറേജോട് കൂടിയാണ് കോലി ഈ നേട്ടത്തിലെത്തിയത്. നിലവിൽ കോലി തന്നെയാണ് ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും. 2839 റൺസുമായി ന്യൂസിലൻഡ് താരം മാർട്ടിൻ ഗുപ്റ്റിലാണ് കോലിയുടെ പിറകിൽ.
അന്താരാഷ്ട്ര ക്രിക്കറ്റിൽ 12,000 റൺസ് തികയ്ക്കുന്ന മൂന്നാമത്തെ താരമായി കോലി മാറി. ഓസ്ട്രേലിയൻ മുൻ ക്യാപ്റ്റൻ റി്ക്കി പോണ്ടിങ്, ദക്ഷിണാഫ്രിക്കയുടെ മുൻ ക്യാപ്റ്റൻ ഗ്രെയിം സ്മിത്ത് എന്നിവരടങ്ങിയ നിരയിലേക്കാണ് കോലി അടിച്ചു കയറിയത്.
ട്വന്റി-20യിൽ ഏറ്റവും കൂടുതൽ അർധ സെഞ്ച്വറി സ്വന്തം അക്കൗണ്ടിലുള്ള താരമായി കോലി മാറി. രോഹിത്ത് ശർമയുടെ റെക്കോർഡാണ് കോലി മറികടന്നത്. 26 അർധ സെഞ്ച്വറിയാണ് കോലി നേടിയത്.
ട്വന്റി-20യിൽ ഏറ്റവും കൂടുതൽ അർധ സെഞ്ച്വറി നേടിയ നായകന്മാരുടെ നിലയിൽ കെയിൻ വില്യംസണിനു പിറകിൽ രണ്ടാം സ്ഥാനത്തെത്താനും കോലിക്ക് കഴിഞ്ഞു.
കോലിയുടേയും ഇഷാൻ കിഷന്റെയും മികച്ച പ്രകടനത്തിലൂടെ ഇന്ത്യ പരമ്പരയിൽ 1-1 എന്ന രീതിയിൽ സമനിലയും പിടിച്ചിരുന്നു.