'ലേലത്തിനില്ല, എന്നാലും നിങ്ങള്‍ക്ക് ഇപ്പോള്‍ എന്നെ വിലക്കെടുക്കാം'; പ്രീതി സിന്റയോട് ശ്രീശാന്ത്
'ലേലത്തിൽ ഞാൻ ഉൾപ്പെട്ടിട്ടില്ല. എന്നാലും എന്നെ ടീമിലെടുക്കാം'

ഐപിഎൽ 2021 എഡിഷനിലെ താരലേലം പൂർത്തിയായെങ്കിലും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മലയാളി താരം ശ്രീശാന്തിന്റെ കമന്റ്. പഞ്ചാബ് കിങ്സ് ഉടമയും നടിയുമായ പ്രീതി സിന്റയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിന് താഴെ താരം പങ്കുവെച്ച ഒരുകൂട്ടം കമന്റുകളാണ് വൈറലായത്.
ഐ.പി.എല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട വിവാദങ്ങളും കേസുകളും അവസാനിച്ച് മുഷ്താഖ് അലി ട്രോഫിക്കുള്ള കേരള ടീമിലൂടെയാണ് ശ്രീശാന്ത് ക്രിക്കറ്റ് മൈതാനത്ത് മടങ്ങിയെത്തിയത്. എന്നാല്‍ തിരിച്ചുവരവില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് സാധിച്ചിരുന്നില്ല.
ഇതിനിടെയാണ് പ്രീതി സിന്റയുടെ പോസ്റ്റിന് താഴെ ശ്രീശാന്ത് ഐ.പി.എല്ലില്‍ കളിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്. 'ചെന്നൈയില്‍ ഐ.പി.എല്‍ ലേലത്തിനായെത്തി, ഏതൊക്കെ കളിക്കാരെയാണ് പഞ്ചാബ് കിങ്സില്‍ കാണേണ്ടതെന്ന് പറയൂ', എന്നായിരുന്നു പ്രീതി സിന്റയുടെ പോസ്റ്റ്. എയര്‍പോര്‍ട്ടില്‍ നിന്നുള്ള ഫോട്ടോയും പ്രീതി സിന്റ പങ്കുവെച്ചു. ഇതിന് താഴെയാണ് ശ്രീശാന്ത് തന്റെ തന്നെ പേര് കുറിക്കുകയും ഒരുകൂട്ടം പ്രതികരണം എഴുതുകയും ചെയ്തത്.
'ലേലത്തിൽ ഞാൻ ഉൾപ്പെട്ടിട്ടില്ല. എന്നാലും എന്നെ ടീമിലെടുക്കാം', 'എല്ലാവര്ക്കും ആശംസകള്‍ ദൈവം അനുഗ്രഹിക്കട്ടെ' എന്നിങ്ങനെയായിരുന്നു ശ്രീശാന്തിന്റെ കമന്റുകള്‍. ശ്രീശാന്തിന്റെ കമന്റുകള്‍ക്ക് പ്രീതി സിന്റ മറുപടിയൊന്നും നൽകിയിട്ടില്ല.

നേരത്തേ കിങ്സ് ഇലവൻ പഞ്ചാബിന് വേണ്ടി കളിച്ചിട്ടുള്ള ശ്രീശാന്ത് വിവിധ ഐ.പി.എൽ ടീമുകൾക്കായി 44 മത്സരങ്ങളിൽ കളത്തിലിറങ്ങിയിട്ടുണ്ട്. 40 വിക്കറ്റുകളും താരത്തിന്റെ പേരിലുണ്ട്. ഇത്തവണ ലേലത്തിനുള്ള പട്ടികയില്‍ ശ്രീശാന്തിന്റെ പേരുണ്ടായിരുന്നില്ല.