ഷാറൂഖിനെ കിട്ടിയ വേളയിൽ ആര്യനെ ആഹ്ലാദമറിയിച്ച് പ്രീതി സിന്റ
5.25 കോടി മുടക്കിയാണ് തമിഴ്നാട്ടുകാരനായ ഷാറൂഖിനെ പ്രീതി സിന്റയുടെ ടീം സ്വന്തമാക്കിയത്.

ആരാണീ ഷാറൂഖ് ഖാൻ? ഐപിഎൽ ലേലത്തിൽ പഞ്ചാബ് കിങ്സ് വിളിച്ചെടുത്ത താരത്തെ കുറിച്ച് ഏറെ അന്വേഷണങ്ങളായിരുന്നു ഇന്നലെ കായിക ലോകത്ത്. 5.25 കോടി മുടക്കിയാണ് തമിഴ്നാട്ടുകാരനായ ഷാറൂഖിനെ പ്രീതി സിന്റയുടെ ടീം സ്വന്തമാക്കിയത്.
താരത്തെ വിളിച്ചെടുത്ത വേളയിൽ ബോളിവുഡ് നടി കൂടിയായ പ്രീതി സിന്റ നടത്തിയ ഒരു ആഹ്ലാദമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ. 'ഞങ്ങൾക്ക് ഷാറൂഖിനെ കിട്ടി' എന്നാണ് ഇവർ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ടേബിളിലേക്ക് നോക്കി വിളിച്ചു പറഞ്ഞത്. കൊൽക്കത്തയുടെ ടേബിളിന് അടുത്തുണ്ടായിരുന്ന ഷാറൂഖിന്റെ മകൻ ആര്യനെ നോക്കിയായിരുന്നു പ്രീതിയുടെ കമന്റ്. ഇതിന്റെ വീഡിയോ ഐപിഎൽ അവരുടെ ട്വിറ്റർ ഹാൻഡ്ലിൽ ട്വീറ്റ് ചെയ്തു.
20 ലക്ഷമായിരുന്നു ഷാറൂഖിന്റെ അടിസ്ഥാന വില. പവർഹിറ്റിങ് ശേഷിയുള്ള കളിക്കാരനാണ് ഈ മധ്യനിര ബാറ്റ്സ്മാൻ. പഞ്ചാബിന് പുറമേ, ഡൽഹി ക്യാപിറ്റൽസും തമിഴ്നാട്ടുകാരന് വേണ്ടി രംഗത്തുണ്ടായിരുന്നു.
ഐപിഎല്ലിന്റെ പുതിയ സീസണിൽ 53.20 കോടി രൂപയാണ് പഞ്ചാബ് മുടക്കിയത്. ഓസീസ് പേസ് ബൗളർമാരായ ജെയ് റിച്ചാഡ്സൺ, റിലി മെറെഡിത്ത് എന്നിവരെ പൊന്നും വില കൊടുത്താണ് ടീം സ്വന്തമാക്കിയത്. റിച്ചാഡ്സണ് 14 കോടിയും മെറെഡിത്തിന് എട്ടു കോടിയുമാണ് പഞ്ചാബ് മുടക്കിയത്.