ഇന്ത്യ 329ന് പുറത്ത്; ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടം
അവസാന അഞ്ചു ബാറ്റ്സ്മാന്മാർക്കും കാര്യമായി ഒന്നും ചെയ്യാനായില്ല

ചെന്നൈ: ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 329 റൺസിന് എല്ലാവരും പുറത്തായി. ആറു വിക്കറ്റിന് 300 എന്ന നിലയിൽ രണ്ടാം ദിനം കളിയാരംഭിച്ച ഇന്ത്യയ്ക്ക് 29 റൺസെടുക്കുന്നതിനിടെ ശേഷിച്ച വിക്കറ്റുകളും നഷ്ടമായി. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്ത് അർധ സെഞ്ച്വറി നേടി.
അവസാന അഞ്ചു ബാറ്റ്സ്മാന്മാർക്കും കാര്യമായി ഒന്നും ചെയ്യാനായില്ല. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിന് ഓപണർ റോറി ബേൺസിനെ തുടക്കത്തിൽ തന്നെ നഷ്ടമായി. ആദ്യ ഓവറിൽ ഇശാന്ത് ശർമ്മ ബേൺസിനെ വിക്കറ്റിന് മുമ്പിൽ കുരുക്കുകയായിരുന്നു.
രണ്ടാം ദിനത്തിലെ ആദ്യ ഓവറിൽ തന്നെ ഇന്ത്യയ്ക്ക് അക്സർ പട്ടേലിനെയും ഇഷാന്ത് ശർമ്മയെയും നഷ്ടപ്പെട്ടു. അക്സർ പട്ടേൽ നാലു റൺസെടുത്തപ്പോൾ ഇശാന്തിന് അക്കൗണ്ട് തുറക്കാനായില്ല. മുയീൻ അലിക്കായിരുന്നു വിക്കറ്റ്.
തൊട്ടടുത്ത ഓവർ എറിയാനെത്തിയ ജോ റൂട്ടിനെ സിക്സർ പായിച്ച് പന്ത് സ്കോറിങ്ങിന് വേഗം കൂട്ടി. തൊട്ടടുത്ത ഓവറിൽ അലിയെ തുടർച്ചയായി രണ്ട് ബൗണ്ടറികൾ പായിച്ച് പന്ത് അർധ സെഞ്ച്വറി കടന്നു. 65 പന്തിൽ നിന്നായിരുന്നു പന്തിന്റെ നേട്ടം. തൊണ്ണൂറ്റിയാറാം ഓവറിൽ 15 പന്തിൽ നിന്ന് റണ്ണൊന്നുമെടുക്കാതെ കുൽദീപ് യാദവ് പുറത്തായി. സ്റ്റോൺ എറിഞ്ഞ ഇതേ ഓവറിൽ തന്നെ നാലു റൺസെടുത്ത സിറാജും പുറത്തായി.
നാലു ഡെക്കുകൾ, ഒരു സെഞ്ച്വറി
329 എന്ന താരതമ്യേന മികച്ച സ്കോറിൽ നാലു ബാറ്റ്സ്മാന്മാർ മടങ്ങിയത് സംപൂജ്യരായി. ഓപണർ ശുഭ്മാൻ ഗിൽ, ക്യാപ്റ്റൻ വിരാട് കോലി, ഇശാന്ത് ശർമ്മ, കുൽദീപ് യാദവ് എന്നിവരാണ് പൂജ്യത്തിന് പുറത്തായത്.
161 റൺസ് നേടിയ രോഹിത് ശർമ്മയുടെ മികച്ച പ്രകടനമാണ് ഇന്ത്യൻ ഇന്നിങ്സിന് കരുത്തായത്. വൈസ് ക്യാപ്റ്റൻ അജിൻക്യ രഹാനെ 67 ഉം റിഷഭ് പന്ത് 58 ഉം റൺസ് നേടി.
കളം നിറഞ്ഞ് മുയീൻഅലി
ക്യാപ്റ്റൻ വിരാട് കോലിയുടേത് ഉൾപ്പെടെ നാലു വിക്കറ്റ് നേടിയ സ്പിന്നർ മുയീൻ അലിയുടെ പ്രകടനമാണ് ഇംഗ്ലണ്ട് നിരയിൽ എടുത്തു പറയേണ്ടത്. 29 ഓവറിൽ 128 റൺസ് വഴങ്ങിയാണ് അലിയുടെ നേട്ടം. ഒല്ലി സ്റ്റോൺ 15.5 ഓവറിൽ 47 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ജാക് ലീച്ച് രണ്ടും ജോ റൂട്ടും ഒരു വിക്കറ്റും വീഴ്ത്തി.