കോലി വന്നു, നാലാം മത്സരത്തിലും ഇന്ത്യ തോറ്റു; ക്യാപ്റ്റനായി വരുമോ രഹാനെ?
ഓസീസിനെതിരെ അജിൻക്യ രഹാനെയ്ക്ക് കീഴിൽ പരമ്പര ജയിച്ച ശേഷമാണ് ഇന്ത്യ വീണ്ടും തോൽവിയിലേക്ക് വീഴുന്നത്

ഇംഗ്ലണ്ടിനെതിരെയുള്ള ഒന്നാം ടെസ്റ്റിലെ തോൽവി ടീം ഇന്ത്യയ്ക്ക് മാത്രമല്ല, ക്യാപ്റ്റൻ വിരാട് കോലിയുടെ ക്യാപ്റ്റൻസി കരിയറിനും വെല്ലുവിളി ഉയർത്തിയതാണ്. കോലി ക്യാപ്റ്റനായ തുടർച്ചയായ നാലാം ടെസ്റ്റിലാണ് ഇന്ത്യ തോൽവി വഴങ്ങുന്നത്. ഓസീസിനെതിരെ അജിൻക്യ രഹാനെയ്ക്ക് കീഴിൽ ടെസ്റ്റ് പരമ്പര ജയിച്ച ശേഷമാണ് ഇന്ത്യ വീണ്ടും തോൽവിയിലേക്ക് വീഴുന്നത്.
ന്യൂസിലാൻഡിൽ നിന്ന് തുടങ്ങിയത്
ന്യൂസിലാൻഡിനെതിരെ അവരുടെ നാട്ടിൽ 2-0ത്തിന് തോറ്റ ശേഷമാണ് കോലി ഓസ്ട്രേലിയയിലെത്തിയത്. അഡലൈഡിലെ ഒന്നാം ടെസ്റ്റിൽ ഓസീസിനെതിരെയും തോറ്റു. പിന്നീട് ഭാര്യ അനുഷ്ക ശർമ്മയുടെ പ്രസവവുമായി ബന്ധപ്പെട്ട് നായകൻ ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്നു.

രഹാനെയുടെ കീഴിൽ
ഓസ്ട്രേലിയയിൽ ആദ്യ തോൽവിയുടെ നാണക്കേടിൽ നിന്ന് ഫീനിക്സ് പക്ഷിയെ പോലെയാണ് ഇന്ത്യ ഉയർത്തെഴുന്നേറ്റത്. ഒന്നാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ 36 റൺസിന് എല്ലാവരും പുറത്തായതിന്റെ ഓർമകളിൽ നിന്നാണ് ഇന്ത്യ സ്വപ്നതുല്യമായ തിരിച്ചുവരവ് നടത്തിയത്.
മെൽബണിൽ നടന്ന രണ്ടാം ടെസ്റ്റിലും ബ്രിസ്ബെയ്നിൽ നടന്ന നാലാം ടെസ്റ്റിലുമായിരുന്നു രഹാനെയ്ക്ക് കീഴിൽ ഇന്ത്യ ജയിച്ചത്. സിഡ്നിയിൽ നടന്ന മൂന്നാം ടെസ്റ്റിൽ വീരോചിത സമനിലയും സ്വന്തമാക്കി. ഇന്ത്യൻ താരങ്ങൾക്കെതിരെയുണ്ടായ വംശീയാധിക്ഷേപം കൊണ്ട് ശ്രദ്ധിക്കപ്പെട്ട ടെസ്റ്റായിരുന്നു സിഡ്നിയിലേത്. പരിക്കു മൂലം മുൻനിര താരങ്ങളുടെ സേവനം നഷ്ടമായതൊന്നും ടീം ഇന്ത്യയെ ബാധിച്ചില്ല.

വരുമോ രഹാനെ?
ഓസീസിനെതിരെ രഹാനെ ടീമിനെ നയിച്ച രീതി ഏറെ പ്രകീർത്തിക്കപ്പെട്ടിരുന്നു. ടെസ്റ്റിലെ സ്ഥിരം ക്യാപ്റ്റനായി രഹാനെയെ തന്നെ നിയോഗിക്കണമെന്ന മുറവിളിയും ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇംഗ്ലണ്ടിനെതിരെ കോലി വീണ്ടും ക്യാപ്റ്റൻ സ്ഥാനത്തേക്ക് വരുന്നതും തോൽക്കുന്നതും.
ആദ്യ ടെസ്റ്റിലെ തോൽവി രഹാനെക്കു വേണ്ടിയുള്ള മുറവിളി ശക്തമാക്കുമെന്നാണ് കരുതപ്പെടുന്നത്. അടുത്ത ടെസ്റ്റുകളിൽ ടീമിന്റെ പ്രകടനം എങ്ങനെ എന്നതിനെ ആശ്രയിച്ചിരിക്കും കോലിയുടെ ക്യാപ്റ്റൻസിയുടെ ഭാവിയും. എന്നാൽ ആദ്യ ടെസ്റ്റിൽ രഹാനെയുടെ മോശം ഫോം ആശങ്കയുണ്ടാക്കുന്നതാണ്. 1,0 എന്നിങ്ങനെയാണ് രഹാനെ രണ്ട് ഇന്നിങ്സുകളിലുമായി കണ്ടെത്തിയത്.