LiveTV

Live

Cricket

നാലു വർഷത്തിന് ശേഷം ഇന്ത്യ നാട്ടിൽ വീണു; ഇംഗ്ലണ്ടിനെതിരെയുള്ള തോൽവിയുടെ അഞ്ചു കാരണങ്ങൾ

2017 ഫെബ്രുവരിയിൽ ഓസീസിനെതിരെയായിരുന്നു ഇതിന് മുമ്പ് ഇന്ത്യ നാട്ടിൽ തോറ്റത്‌

നാലു വർഷത്തിന് ശേഷം ഇന്ത്യ നാട്ടിൽ വീണു; ഇംഗ്ലണ്ടിനെതിരെയുള്ള തോൽവിയുടെ അഞ്ചു കാരണങ്ങൾ

ഓസ്‌ട്രേലിയയ്‌ക്കെതിരെ അവരുടെ നാട്ടിൽ നേടിയ വീരോചിത പരമ്പരയ്ക്ക് ശേഷമാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യ കളത്തിലിറങ്ങിയത്. എന്നാൽ ഒന്നാം ടെസ്റ്റിൽ തന്നെ ടീം ഇന്ത്യയെ കാത്തിരുന്നത് ഞെട്ടിക്കുന്ന തോൽവി. 227 റൺസിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ കെട്ടുകെട്ടിച്ചത്. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ 420 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ അഞ്ചാം ദിനം 192 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു.

നാലു വർഷത്തിന് ശേഷമാണ് ഇന്ത്യ ഹോം ഗ്രൗണ്ടിൽ തോൽക്കുന്നത്. 2017 ഫെബ്രുവരിയിൽ ഓസീസിനെതിരെയായിരുന്നു ഇതിന് മുമ്പുള്ള തോൽവി. ഇതോടെ നാലു ടെസ്റ്റുകളടങ്ങുന്ന പരമ്പരയിൽ ഇന്ത്യ പിന്നിലായി. ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് പിഴച്ചതെവിടെ?

1- ആദ്യ ഇന്നിങ്‌സ് നൽകിയ കരുത്ത്

ഒന്നാം ഇന്നിങ്‌സിൽ ഇംഗ്ലണ്ട് നേടിയ 578 റൺസാണ് കളിയിൽ നിർണായകമായത്. നാനൂറിന് മുകളിലെങ്കിലും റൺസ് നേടുക എന്നതായിരുന്നു സന്ദർശകരുടെ ഗെയിംപ്ലാൻ. അത് കൃത്യമായി നടപ്പിലാകുകയും ചെയ്തു. കൂറ്റൻ സ്‌കോർ കണ്ടെത്താൻ ഇംഗ്ലണ്ടിനെ പ്രാപ്തമാക്കിയത് നായകൻ ജോ റൂട്ടിന്റെ ഇരട്ടസെഞ്ച്വറിയും. റൂട്ടിന് പുറമേ, ഓപണർ ഡോം സിബ്ലെ (87), ബെൻ സ്‌റ്റോക്‌സ് (82) എന്നിവരുടെ ഇന്നിങ്‌സുകളും ടീമിന് കരുത്തായി. ഓപണർമാരായ റോറി ബേൺസും ഡോം സിബ്ലെയും ആദ്യ വിക്കറ്റിൽ 63 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. 24-ാം ഓവറിലാണ് സഖ്യം വീണത്.

നാലു വർഷത്തിന് ശേഷം ഇന്ത്യ നാട്ടിൽ വീണു; ഇംഗ്ലണ്ടിനെതിരെയുള്ള തോൽവിയുടെ അഞ്ചു കാരണങ്ങൾ

ഇരുപത്തിയഞ്ച് ഓവറോളം ഓപണർമാർ പിടിച്ചുനിന്നത് മറ്റു ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്മാർക്ക് ആത്മവിശ്വാസമേകുകയും ചെയ്തു. വൺ ഡൗൺ ആയി വന്ന ഡാൻ ലോറൻസിനെ പൂജ്യത്തിന് പുറത്താക്കിയിട്ടും അതിന്റെ മേൽക്കൈ ഇന്ത്യയ്ക്ക് നേടാനായുമില്ല. ആദ്യ പാതിയിൽ പന്തു കൊണ്ട് ഇംഗ്ലണ്ടിന് മേൽ സമ്മർദമുണ്ടാക്കാനായില്ല എന്ന് കളിക്കു ശേഷം മാധ്യമങ്ങളുമായി സംസാരിക്കവെ ക്യാപ്റ്റൻ വിരാട്‌ കോലി തുറന്നു സമ്മതിക്കുകയും ചെയ്തു,

2- വഴിവെട്ടിയ റൂട്ട്

അക്ഷരാർത്ഥത്തിൽ വിജയത്തിലേക്കുള്ള 'റൂട്ട്മാർച്ച്' തന്നെയായിരുന്നു നായകൻ ജോ റൂട്ടിന്റെ ഇന്നിങ്‌സ്. 377 പന്തുകൾ നേരിട്ട് 19 ഫോറുകളുടെയും രണ്ട് സിക്‌സറുകളുടെയും അകമ്പടിയോടെയാണ് റൂട്ട് 218 റൺസ് സ്വന്തമാക്കിയത്. അതും നൂറാം ടെസ്റ്റിൽ. നൂറാം ടെസ്റ്റിൽ ഇരട്ടശതകം നേടുന്ന ആദ്യത്തെ കളിക്കാരനായി റൂട്ട് മാറുകയും ചെയ്തു.

നാലു വർഷത്തിന് ശേഷം ഇന്ത്യ നാട്ടിൽ വീണു; ഇംഗ്ലണ്ടിനെതിരെയുള്ള തോൽവിയുടെ അഞ്ചു കാരണങ്ങൾ

2005ൽ ഇന്ത്യക്കെതിരെ പാകിസ്ഥാൻ താരം ഇൻസമാമുൽ ഹഖ് ബെംഗളൂരുവിൽ നേടിയ 184 റൺസായിരുന്നു ഇതിന് മുൻപ് നൂറാം ടെസ്റ്റിൽ ഒരു താരത്തിൻറെ ഏറ്റവും ഉയർന്ന സ്‌കോർ. രണ്ടാം ഇന്നിങ്‌സിൽ 40 റൺസും റൂട്ട് അടിച്ചു കൂട്ടി. 32 പന്തിൽനിന്ന് ഏകദിന ശൈലിയിലാണ് റൂട്ട് നാൽപ്പതിലെത്തിയത്.

3- ഒന്നാം ഇന്നിങ്‌സിലെ തകർച്ച

ആദ്യ ഇന്നിങ്‌സിൽ 337 റൺസാണ് ഇന്ത്യ സ്വന്തമാക്കിയത്. നാനൂറ് റൺസിന് മുകളിലെങ്കിലും സ്‌കോർ ചെയ്യാൻ സാധിച്ചിരുന്നെങ്കിൽ കൂടുതൽ ആത്മവിശ്വാസത്തോടെ കളിക്കാൻ ഇന്ത്യയ്ക്ക് ആയേനെ. 88 പന്തിൽ നിന്ന് അഞ്ചു സിക്‌സറുകളുടെയും ഒമ്പത് ബൗണ്ടറികളുടെയും സഹായത്തോടെ 91 റൺസ് എടുത്ത വിക്കറ്റ് കീപ്പർ റിഷഭ് പന്താണ് ഒന്നാം ഇന്നിങ്‌സിലെ ടോപ് സ്‌കോറർ. ചേതേശ്വർ പുജാര 73 ഉം ഓസ്‌ട്രേലിയയിലെ മികവ് തുടർന്ന വാഷിങ്ടൺ സുന്ദർ 85 റൺസും നേടി. അഞ്ചു പേരാണ് ഒന്നാം ഇന്നിങ്‌സിൽ രണ്ടക്കം തികയ്ക്കാതെ കൂടാരം കയറിയത്.

നാലു വർഷത്തിന് ശേഷം ഇന്ത്യ നാട്ടിൽ വീണു; ഇംഗ്ലണ്ടിനെതിരെയുള്ള തോൽവിയുടെ അഞ്ചു കാരണങ്ങൾ

4- കൈവിട്ട മേൽക്കൈ

രണ്ടാം ഇന്നിങ്‌സിൽ 178 റൺസിന് ചുരുട്ടിക്കൂട്ടിയിട്ടും 420 റൺസിന്റെ ലീഡാണ് ഇംഗ്ലണ്ടിന് ഉണ്ടായിരുന്നത്. വിജയം അപ്രാപ്യമായിരുന്നെങ്കിലും അവസാന ദിവസം പിടിച്ചു നിന്നാൽ ഇന്ത്യയ്ക്ക് തോൽവി ഒഴിവാക്കാനാകുമായിരുന്നു. എന്നാൽ 58.1 ഓവറിൽ 192 റൺസിന് ഇന്ത്യ കീഴടങ്ങി. നാലു വിക്കറ്റു വീഴ്ത്തിയ ജാക്ക് ലീച്ചും മൂന്നു വിക്കറ്റു വീഴ്ത്തിയ ജെയിംസ് ആൻഡേഴ്‌സണുമാണ് ആതിഥേയ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്.

നാലു വർഷത്തിന് ശേഷം ഇന്ത്യ നാട്ടിൽ വീണു; ഇംഗ്ലണ്ടിനെതിരെയുള്ള തോൽവിയുടെ അഞ്ചു കാരണങ്ങൾ

72 റൺസെടുത്ത ക്യാപറ്റൻ വിരാട് കോലി, അമ്പത് റൺസെടുത്ത ഓപണർ ശുഭ്മാൻ ഗിൽ എന്നിവർ മാത്രമാണ് ഇന്ത്യൻ നിരയിൽ പിടിച്ചു നിന്നത്. ഒന്നാം ഇന്നിങ്‌സിൽ അഞ്ചു പേർ രണ്ടക്കം തികച്ചില്ല എങ്കിൽ രണ്ടാം ഇന്നിങ്‌സിൽ അത് ആറായി. വൈസ് ക്യാപ്റ്റൻ അജിൻക്യ രഹാനെ രണ്ട് ഇന്നിങ്‌സിലും (1,0) നിരാശപ്പെടുത്തി. രോഹിത് ശർമ്മയ്ക്കും (6,12) കാര്യമായി ഒന്നും ചെയ്യാനായില്ല.

5- അശ്വിന്റെ സ്പിൻ മികവ്

റൂട്ടിന്റെ ബാറ്റിങ്ങാണ് ഇംഗ്ലണ്ടിന്റെ ഹൈലൈറ്റ് എങ്കിൽ ഇന്ത്യയ്ക്കത് രവിചന്ദ്രൻ അശ്വിന്റെ ബൗളിങ്ങാണ്. രണ്ടാം വിക്കറ്റിൽ 178 റൺസിന് ഇംഗ്ലണ്ടിനെ പുറത്താക്കിയതിന് പിന്നിൽ ആറു വിക്കറ്റ് വീഴ്ത്തിയ അശ്വിന്റെ മികവായിരുന്നു.

നാലു വർഷത്തിന് ശേഷം ഇന്ത്യ നാട്ടിൽ വീണു; ഇംഗ്ലണ്ടിനെതിരെയുള്ള തോൽവിയുടെ അഞ്ചു കാരണങ്ങൾ

17.3 ഓവറിൽ 61 റൺസ് വിട്ടു കൊടുത്തായിരുന്നു താരത്തിന്റെ നേട്ടം. ആദ്യ ഇന്നിങ്‌സിൽ മൂന്നു വിക്കറ്റും അശ്വിൻ നേടിയിരുന്നു. മൊത്തം ഒമ്പത് വിക്കറ്റ്. മൊത്തം 73 ഓവറുകളാണ് രണ്ട് ഇന്നിങ്‌സിലും കൂടി അശ്വിൻ എറിഞ്ഞത്.