'അന്ന് ദ്രാവിഡ് ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തത് എത്രയോ നന്നായിപ്പോയി' സച്ചിന്റെ ട്വീറ്റിന് താഴെ വിമര്‍ശനവുമായി ആരാധകര്‍
രാജ്യത്തിന് പുറത്തുള്ളവര്‍ കര്‍ഷക പ്രക്ഷോഭത്തെപ്പറ്റി അഭിപ്രായം പറയുന്നതില്‍ എതിര്പ്പറിയിച്ചുകൊണ്ടായിരുന്നു സച്ചിന്റെ ട്വീറ്റ്

രാജ്യത്തെ കര്‍ഷക പ്രക്ഷോഭത്തിന് ആഗോള തലത്തില്‍ ലഭിക്കുന്ന പിന്തുണയെ എതിര്‍ത്ത് അഭിപ്രായ പ്രകടനം നടത്തിയ സച്ചിനെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ. രാജ്യത്തിന് പുറത്തുള്ളവര്‍ കര്‍ഷക പ്രക്ഷോഭത്തെപ്പറ്റി അഭിപ്രായം പറയുന്നതില്‍ എതിര്പ്പറിയിച്ചുകൊണ്ടായിരുന്നു സച്ചിന്റെ ട്വീറ്റ്
'ഇന്ത്യയുടെ പരമാധികാരത്തിൽ വിട്ടുവീഴ്ച ചെയ്യരുത്. പുറത്തുനിന്നുള്ളവർക്ക് കാഴ്ചക്കാരായി നിൽക്കാം, പക്ഷേ ഇന്ത്യയുടെ കാര്യത്തില്‍ ഇടപെടരുത്. ഇന്ത്യക്കാർക്ക് ഇന്ത്യയെ അറിയാം. ഇന്ത്യയ്ക്ക് വേണ്ടി തീരുമാനങ്ങളെടുക്കാനും. ഒരു രാജ്യം എന്ന നിലയിൽ നമുക്ക് ഐക്യത്തോടെ നിൽക്കാം'
കർഷക സമരത്തെ കുറിച്ച് നേരിട്ട് പരാമര്‍ശിക്കാതെയായിരുന്നു സച്ചിന്റെ ട്വീറ്റ്. എന്നിരുന്നാലും കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ആഗോള തലത്തില്‍ റിഹാന ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികളുടെ പിന്തുണ ലഭിക്കുന്നതിനിടെയായിരുന്നു സച്ചിന്റെ ട്വീറ്റ്. ഇതിനെത്തുടര്‍ന്ന് ആരാധകര്‍ സച്ചിന്റെ ട്വീറ്റിന് മറുപടിയായി പല തരത്തിലുള്ള കമന്റുകളാണ് ആരാധകര്‍ പാസ്സാക്കുന്നത്.
അതില്‍ ഒന്നിങ്ങനെയായിരുന്നു, പണ്ട് രാഹുല്‍ ദ്രാവിഡ് ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തത് എത്രയോ നന്നായിപ്പോയി. 2004ഇല് പാക്കിസ്ഥാനെതിരെ മുള്‍ട്ടാന്‍ ടെസ്റ്റില്‍ സച്ചിന് തെണ്ടുല്‍ക്കര്‍ 194 റണ്‍സ് നേടിനില്‍ക്കേ ക്യാപ്റ്റനായിരുന്ന ദ്രാവിഡ് ഇന്നിങ്സ് ഡിക്ലയര്‍ ചെയ്ത സംഭവം സൂചിപ്പിച്ചായിരുന്നു ആരാധകന്റെ കമന്റ്.
അന്ന് സച്ചിന് ഇരട്ട സെഞ്ച്വറി നേടുന്നതിന് മുമ്പ് ഇന്നിങ്സ് ഡിക്ലയര്‍ ചെയ്ത ദ്രാവിഡിന്റെ തീരുമാനം വളരെയധികം വിവാദമായിരുന്നു. പിന്നീട് സച്ചിന് തന്റെ ആത്മകഥയായ 'പ്ലേയിങ് ഇറ്റ് മൈ വേയ്'ല്‍ ഇക്കാര്യം പരാമര്‍ശിച്ചിരുന്നു