'വാഷിങ്ടണ്‍ സുന്ദറിന് ടെസ്റ്റ് കിറ്റ് പോലുമുണ്ടായിരുന്നില്ല; കളി തുടങ്ങിയ ശേഷമാണ് അതു വാങ്ങിയത്'
ടി-20യ്ക്ക് വേണ്ടിയാണ് സുന്ദറിനെ ടീമിലെടുത്തിരുന്നത്.

മുംബൈ: ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി ടീം ഇന്ത്യയെ സംബന്ധിച്ച് എല്ലാ അര്‍ത്ഥത്തിലും വിസ്മയകരമായിരുന്നു. പ്രമുഖ കളിക്കാര്‍ പരിക്കേറ്റു പുറത്തു പോയിട്ടും കളത്തില്‍ വംശീയാധിക്ഷേപം നേരിട്ടിട്ടും ഇന്ത്യ നേടിയ ഐതിഹാസിക വിജയം എല്ലാ കാലത്തും ഓര്‍മിക്കപ്പെടും. യുവനിരയുടെ ചിറകേറിയാണ് ഇന്ത്യ ഓസീസിനെ അവരുടെ നാട്ടില്‍ കെട്ടുകെട്ടിച്ചത്. പല യുവതാരങ്ങളും ഓസീസിലേക്ക് വിമാനം കയറിയത് നെറ്റ് ബൗളര്‍മാരായാണ്. എന്നാല്‍ പ്രധാന താരങ്ങള്‍ പരിക്കേറ്റതോടെ അവര്‍ ടീമിന്റെ നെടുന്തൂണുകളായി മാറി.
യുവകളിക്കാരില്‍ പ്രധാനിയായ വാഷിങ്ടണ്‍ സുന്ദറിന്റെ പക്കല്‍ ടെസ്റ്റ് കിറ്റു പോലുമുണ്ടായിരുന്നില്ല എന്ന് വെളിപ്പെടുത്തുകയാണ് ഇപ്പോള്‍ ടീം ഇന്ത്യയുടെ ഫീല്‍ഡിങ് കോച്ച് ആര് ശ്രീധര്‍. നാലാം ടെസ്റ്റിനിറങ്ങിയ വാഷിങ്ടണ്‍ സുന്ദറിന് കിറ്റ് വാങ്ങിയത് കളി ആരംഭിച്ച ശേഷമായിരുന്നു എന്നും അദ്ദേഹം വെളിപ്പടുത്തി.
ടി-20യ്ക്ക് വേണ്ടിയാണ് സുന്ദറിനെ ടീമിലെടുത്തിരുന്നത്. അതു കൊണ്ടു തന്നെ കളര്‍ കിറ്റുകള്‍ മാത്രമാണ് താരത്തിന്റെ പക്കലുണ്ടായിരുന്നത്. ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ ബ്രിസ്ബെയ്ന്‍ നഗരത്തിലെ ഷോപ്പിലെത്തി അതു വാങ്ങുകയായിരുന്നു.
'കളി തുടങ്ങിയ ശേഷമാണ് സുന്ദറിന് വൈറ്റ് പാഡുകള്‍ വാങ്ങിയത്. ഒരുപാടെണ്ണം ശ്രമിച്ചു നോക്കി. എന്നാല്‍ ഉയരക്കൂടുതലുള്ള സുന്ദറിന് അവയെല്ലാം ചെറുതായിരുന്നു. കോവിഡ് കാരണം ഓസ്ട്രേലിയന്‍ താരങ്ങളുടെ പാഡുകളും കിട്ടാന്‍ വഴിയില്ലായിരുന്നു. ഒടുവില്‍ ടെസ്റ്റ് മാച്ച് തുടങ്ങിയ ശേഷം നഗരത്തില്‍ പോയി വാങ്ങുകയായിരുന്നു' - തെലങ്കാന ഡെയ്ലിക്ക് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം വെളിപ്പെടുത്തി.