കേക്കിന് മുകളില്‍ കംഗാരു; മുറിക്കാന്‍ വിസമ്മതിച്ച് രഹാനെ- വീഡിയോ വൈറല്‍
സ്ഥിരം ക്യാപ്റ്റന്‍ വിരാട് കോലിയുടെ അസാന്നിധ്യത്തിലാണ് രഹാനെ ടീമിനെ ഓസ്ട്രേലിയയ്ക്കെതിരെ നയിച്ചത്

ഓസീസിനെതിരെയുള്ള പരമ്പര വിജയത്തിന് ശേഷം അതിഗംഭീര സ്വീകരണമാണ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയ്ക്ക് നാട്ടില്‍ ലഭിച്ചത്. സ്വീകരണത്തിനിടെ അയല്‍ക്കാരും ബന്ധുക്കളും തയ്യാറാക്കിയ കേക്ക് മുറിക്കാന്‍ താരം വിസമ്മതിച്ചതാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. കേക്കില്‍ കങ്കാരുവിന്റെ രൂപം ഉണ്ടായതാണ് താരത്തിന്റെ വിസമ്മതത്തിന്റെ കാരണം.
ഓസീസിനെ തോല്‍പ്പിച്ചു എന്ന അര്‍ത്ഥത്തിലാണ് കങ്കാരുവിന്റെ രൂപം കേക്കിന് മുകളില്‍ വച്ചിരുന്നത്. കളിയില്‍ ആസ്ട്രേലിയയെ കങ്കാരുക്കള്‍ എന്നു വിളിക്കാറുണ്ട്. ആസ്ട്രേലിയയുടെ ദേശീയ മൃഗം കൂടിയാണ് കങ്കാരു. ഇതുമായി ബന്ധപ്പെട്ട വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സ്ഥിരം ക്യാപ്റ്റന്‍ വിരാട് കോലിയുടെ അസാന്നിധ്യത്തിലാണ് രഹാനെ ടീമിനെ ഓസ്ട്രേലിയയ്ക്കെതിരെ നയിച്ചത്. 2-1നായിരുന്നു ഇന്ത്യയുടെ ജയം. വിദേശമണ്ണില്‍ സമീപ കാലത്ത് ഇന്ത്യ നേടിയ മികച്ച പരമ്പര ജയങ്ങളിലൊന്നു കൂടിയായിരുന്നു ഓസീസിലേത്. പ്രധാന താരങ്ങളെല്ലാം പരിക്കു മൂലം പുറത്തായ പര്യടനത്തിലായിരുന്നു ടീം ഇന്ത്യയുടെ ജയം.
പരമ്പരയില്‍ ഉടനീളം രഹാനെയുടെ ക്യാപ്റ്റന്‍സി ശ്രദ്ധിക്കപ്പെട്ടിരുന്നു. മൂന്നാം ടെസ്റ്റില്‍ പേസര്‍ മുഹമ്മദ് സിറാജിന് വംശീയാധിക്ഷേപം നേരിട്ടപ്പോഴും നൂറാം മത്സരം കളിക്കുന്ന നഥാന്‍ ലിയോണിന് ഇന്ത്യന്‍ താരങ്ങള്‍ ഒപ്പിട്ട ജഴ്സി സമ്മാനിച്ചപ്പോഴും ആ മികവ് പ്രകടമായിരുന്നു.