LiveTV

Live

Cricket

'കഴിവുണ്ട്, പക്ഷേ....' നടരാജന്റെ ടെസ്റ്റ് ക്രിക്കറ്റ് സാധ്യതകളെപ്പറ്റി വാർണർ പറയുന്നതിങ്ങനെ

മൂന്നാം ടെസ്റ്റിനു മുമ്പ് തനിക്ക് ഫിറ്റ്‌നസ് വീണ്ടെടുക്കാൻ കഴിയുമോ എന്ന കാര്യത്തിൽ സംശയമാണെന്ന് ഡേവിഡ് വാര്‍ണര്‍

'കഴിവുണ്ട്, പക്ഷേ....' നടരാജന്റെ ടെസ്റ്റ് ക്രിക്കറ്റ് സാധ്യതകളെപ്പറ്റി വാർണർ പറയുന്നതിങ്ങനെ

പരിക്കേറ്റ പേസ് ബൗളർ ഉമേഷ് യാദവിനു പകരക്കാരനായി ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഇടംപിടിച്ചിരിക്കുകയാണ് തമിഴ്‌നാട്ടുകാരനായ ഇടങ്കയ്യൻ സീമർ തങ്കരസു നടരാജൻ. കഴിഞ്ഞ ഐ.പി.എല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച 29-കാരൻ ഇന്ത്യൻ ടീമിന്റെ ഓസ്‌ട്രേലിയൻ പര്യടനത്തിനിടെ ദേശീയ ടീമിലും അരങ്ങേറിയിരുന്നു. എന്നാൽ, ട്വന്റി 20 ക്രിക്കറ്റിലെ മികവ് നടരാജന് ദീർഘ ഫോർമാറ്റിൽ തുടരാൻ കഴിയുമോ എന്ന കാര്യത്തിൽ സംശയം പ്രകടിപ്പിക്കുകയാണ് ഐ.പി.എല്ലിൽ നടരാജൻ കളിക്കുന്ന ടീമിന്റെ ക്യാപ്ടനായ ഡേവിഡ് വാർണർ.

'ടെസ്റ്റിൽ പന്തെറിയാനുള്ള ലൈനും ലെങ്തും നടരാജനുണ്ടെന്ന് എനിക്കറിയാം. പക്ഷേ, തുടർച്ചയായി ഓവറുകൾ എറിയാനുള്ള ശേഷി അവനുണ്ടോ? അക്കാര്യത്തിൽ എനിക്ക് സംശയമാണ്. അവന്റെ രഞ്ജി ട്രോഫിയിലെ പ്രകടനത്തെപ്പറ്റി എന്നേക്കാളറിയുന്നത് നിങ്ങൾക്കാണ്.' - ഇന്ത്യൻ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി വാർണർ പറഞ്ഞു.

അതേസമയം, മുഹമ്മദ് സിറാജ് ടെസ്റ്റിൽ പ്രകടിപ്പിച്ച മികവ് പുറത്തെടുക്കാൻ നടരാജ് കഴിയുമെന്ന പ്രത്യാശയും വാർണർ പ്രകടിപ്പിച്ചു.

'രഞ്ജി ട്രോഫിയിൽ മുഹമ്മദ് സിറാജ് എങ്ങനെയാണ് കളിച്ചിരുന്നത് എന്നും കൂടെക്കൂടെയുള്ള ഓവറുകളിൽ പന്തെറിഞ്ഞിരുന്നത് എന്നും എനിക്കറിയാം. സിറാജിന്റെ അരങ്ങേറ്റം വെച്ചുനോക്കുമ്പോൾ നട്ടുവിനും ആ മികവ് പുലർത്താനാവുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.'
ഡേവിഡ് വാര്‍ണര്‍

'വളരെ വളരെ മികച്ച ബൗളറാണ് നടരാജൻ. സൺറൈസേഴ്‌സിൽ ക്യാപ്ടനെന്ന നിലയിൽ അവനെ അടുത്തുനിന്ന് കാണാൻ കഴിഞ്ഞു. മകന്റെ ജനനം പോലും മിസ് ചെയ്താണ് അവൻ ഞങ്ങളുടെ നെറ്റ്‌സിൽ പന്തെറിയാൻ വന്നിരുന്നത്. അവിടെ പുലർത്തിയ മികവാണ് ടീമിലേക്കുള്ള വഴി തുറന്നത്.' - വാർണർ പറഞ്ഞു.

മൂന്നാം ടെസ്റ്റിനു മുമ്പ് തനിക്ക് ഫിറ്റ്‌നസ് വീണ്ടെടുക്കാൻ കഴിയുമോ എന്ന കാര്യത്തിൽ സംശയമാണെന്നും വാർണർ പറഞ്ഞു. ഇന്ത്യക്കെതിരായ രണഅടാം ഏകദിനത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. ടീം മാനേജ്‌മെന്റ് വിളിക്കുകയാണെങ്കിൽ പോസിറ്റീവായി പ്രതികരിക്കാനാണ് ആഗ്രഹമെങ്കിലും ആരോഗ്യം വീണ്ടെടുക്കാനാവുമോ എന്ന കാര്യത്തിൽ സംശയമാണ്. - ഓപ്പണിങ് ബാറ്റ്‌സ്മാനായ താരം പറഞ്ഞു. ജനുവരി ഏഴിനാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്.