ഇതെല്ലാം പഠിച്ചത് ധോണിയില്‍ നിന്ന്... ആസ്ട്രേലിയക്കെതിരായ ഇന്നിങ്സിനെക്കുറിച്ച് ജഡേജ
മറുവശത്ത് കൂടെ ആരുമാകട്ടെ, ക്രീസില്‍ നിലയുറപ്പിക്കുകയും പിന്നീട് ബിഗ് ഷോട്ടുകള്‍ കളിക്കുകയുമാണ് അദ്ദേഹത്തിന്റെ പതിവ്

ക്രീസില്‍ നിലയുറപ്പിച്ചതിന് ശേഷം മത്സരം അവസാന ഓവറുകളിലേക്ക് എത്തിക്കാന്‍ പഠിച്ചത് മഹേന്ദ്രസിങ് ധോണിയില്‍ നിന്നെന്ന് ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജ. മൂന്നാം ഏകദിനത്തില്‍ ആസ്ട്രേലിയക്കെതിരെ ഹാര്‍ദ്ദിക് പാണ്ഡ്യക്കൊപ്പം ആറാം വിക്കറ്റില്‍ 150 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി ടീമിനെ വിജയത്തിലേക്ക് നയിച്ചതിന് പിന്നാലെയാണ് ജഡേജയുടെ വാക്കുകള്‍.
ഇന്ത്യക്ക് വേണ്ടിയും ഐപി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് വേണ്ടിയും ഒരുപാട് മത്സരങ്ങള്‍ കളിച്ച വ്യക്തിയാണ് എം.എസ് ധോണി. ക്രീസിലെത്തുന്ന ആരുമായും ധോണി കൂട്ടുകെട്ടുകള്‍ സൃഷ്ടിച്ചിരുന്നു. മറുവശത്ത് കൂടെ ആരുമാകട്ടെ, ക്രീസില്‍ നിലയുറപ്പിക്കുകയും പിന്നീട് ബിഗ് ഷോട്ടുകള്‍ കളിക്കുകയുമാണ് അദ്ദേഹത്തിന്റെ പതിവ്. ജഡേജ പറയുന്നു.
ഇത്തരം സാഹചര്യങ്ങളില്‍ ക്രീസില്‍ അവസാനം വരെ നിലയുറപ്പിക്കാന്‍ തീരുമാനിച്ചാല്‍ അവസാന അഞ്ച് ഓവറില്‍ കൂടുതല്‍ റണ്‍സ് കണ്ടെത്താന്‍ സാധിക്കും എന്നാണ് ധോണി പറഞ്ഞിട്ടുള്ളത്. താനും പാണ്ഡ്യയും അത്തരമൊരു സാഹചര്യത്തിലാണ് ബാറ്റ് ചെയ്യാനെത്തിയതെന്നും അത്തരമൊരു സാഹചര്യത്തെ തരണം ചെയ്തുകൊണ്ട് ടീമിന് വിജയം സമ്മാനിക്കാനായതില്‍ സന്തോഷമുണ്ടെന്നും ജഡേജ പറഞ്ഞു.