LiveTV

Live

Cricket

''എന്ന് വരും ഹിറ്റ്മാന്‍ ?'' കോഹ്‍ലിക്ക് ബി.സി.സി.ഐയുടെ മറുപടി എത്തി

രോഹിത്ത് ശര്‍മയും ഇശാന്ത് ശര്‍മയും ഇല്ലാത്ത ടീം സന്തുലിതമായിരിക്കില്ലെന്ന് നേരത്തെ കോഹ്‍ലി പറഞ്ഞിരുന്നു.

''എന്ന് വരും ഹിറ്റ്മാന്‍ ?'' കോഹ്‍ലിക്ക് ബി.സി.സി.ഐയുടെ മറുപടി എത്തി

ആസ്‌ത്രേലിയക്കെതിരായ ഏകദിന പരമ്പര തോല്‍വിയോടെ തുടങ്ങിയതിന് പിന്നാലെ ടീമിലേക്കുള്ള വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ തിരിച്ചു വരവിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും ഉയരുന്നു. ഹിറ്റ്മാന്റെ ഫിറ്റ്നസിനെ കുറിച്ചോ ടീമിനോടൊപ്പം എന്ന് ചേരുമെന്നതിനെ കുറിച്ചോ വ്യക്തതയില്ലെന്ന നായകന്‍ കോഹ്‍ലിയുടെ പ്രസ്താവനക്ക് മറുപടിയുമായി ബി.സി.സി.ഐ രംഗത്തെത്തി.

ഐ.പി.എല്ലിന് പിറകെ ഇന്ത്യയിലേക്ക് വന്ന രോഹിത്ത്, അസുഖബാധിതനായ പിതാവിന്റെ കൂടെയാണ് എന്നാണ് ബി.സി.സി.ഐ അറിയിച്ചത്. ബംഗളുരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റനസ് വീണ്ടെടുക്കാനുള്ള പരിശീലനം തുടരുന്നുണ്ട് താരം. താരത്തിന്റെ അടുത്ത ഫിറ്റ്‌നസ് പരിശോധ ഡിസംബര്‍ പതിനൊന്നിനായിരിക്കുമെന്നും ബി.സി.സി.ഐ അറിയിച്ചു.

ആസ്‌ത്രേലിയയില്‍ വെച്ച് നടക്കുന്ന ബോര്‍ഡര്‍ - ഗവാസ്‌ക്കര്‍ ടെസ്റ്റ് പരമ്പരയില്‍ രോഹിത്ത് ഉണ്ടാകുമോ എന്ന കാര്യത്തില്‍ ഇതിന് ശേഷം തീരുമാനമാകും. ഡിസംബര്‍ 17 ന് അഡ്‌ലെയ്ഡിലാണ് ബോര്‍ഡര്‍ - ഗവാസ്‌ക്കര്‍ പരമ്പര തുടങ്ങുന്നത്. നിലവില്‍ ടെസ്റ്റ് ടീമില്‍ താരം ഇടം പിടിച്ചിട്ടുണ്ട്. രോഹിത്ത് ശര്‍മയും ഇശാന്ത് ശര്‍മയും ഇല്ലാത്ത ടീം സന്തുലിതമായിരിക്കില്ലെന്ന് നേരത്തെ കോഹ്‍ലി പറഞ്ഞിരുന്നു.

ആസ്‌ത്രേലിയന്‍ ചട്ടപ്രകാരം വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് പതിനാല് ദിവസത്തെ ക്വാറന്റെയിന്‍ നിര്‍ബന്ധമാണ്. ഡിസംബര്‍ പതിനൊന്നിനുള്ള ഫിറ്റനസ് പരിശോധനക്ക് ശേഷം ആസത്രേലിയയില്‍ എത്തിയാല്‍ തന്നെ, ഒരാഴ്ച്ചക്ക് ശേഷം മാത്രം തുടങ്ങുന്ന ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിയില്‍ രോഹിത്തിന് പങ്കെടുക്കണമെങ്കില്‍ കോവിഡ് നിയന്ത്രണത്തില്‍ ഇളവ് അനുവദിക്കേണ്ടി വരും.