LiveTV

Live

Cricket

ഐ.പി.എല്‍; പ്ലേ ഓഫില്‍ ആരെല്ലാം? സാധ്യതകള്‍ ഇങ്ങനെ...

എട്ട് ടീമുകളും 13 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ മുംബൈ ഒമ്പത് വിജയങ്ങളും നാല് തോല്‍വികളും ഉള്‍പ്പടെ 18 പോയിന്‍റുമായി പ്ലേ ഓഫ് ഉറപ്പിച്ചുകഴിഞ്ഞു

ഐ.പി.എല്‍; പ്ലേ ഓഫില്‍ ആരെല്ലാം? സാധ്യതകള്‍ ഇങ്ങനെ...

ഐ.പി.എല്‍ 2020 അതിന്‍റെ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. പ്ലേ ഓഫിന് മുന്നോടിയായി ഇനി വെറും നാല് മത്സരങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. എല്ലാ ടീമുകളുടെയും അവസാന മത്സരം ബാക്കി നില്‍ക്കുമ്പോള്‍ മുംബൈ മാത്രമാണ് പ്ലേ ഓഫിലേക്ക് കടന്നിരിക്കുന്നത്. ചെന്നൈ മാത്രമാണ് പുറത്തായിരിക്കുന്നത്. ബാക്കിയുള്ള ആറ് ടീമുകള്‍ക്കും ഇപ്പോഴും പ്ലേ ഓഫ് സാധ്യതകള്‍ നിലനില്‍ക്കുന്നു എന്നത് ഐപിഎല്ലിനെ മറ്റൊരു ഫാന്‍റസി ലീഗാക്കുന്നു.

എട്ട് ടീമുകളും 13 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ മുംബൈ ഒമ്പത് വിജയങ്ങളും നാല് തോല്‍വികളും ഉള്‍പ്പടെ 18 പോയിന്‍റുമായി പ്ലേ ഓഫ് ഉറപ്പിച്ചുകഴിഞ്ഞു. നിലവില്‍ രണ്ടാം സ്ഥാനത്ത് വിരാട് കോഹ്‍ലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരാണ്. 13 മത്സരങ്ങളില്‍ നിന്ന് 7 ജയവും ആറ് തോല്‍വിയുമാണ് ബാഗ്ലൂരിനുള്ളത്.7 മത്സരങ്ങള്‍ വിജയിച്ച ഡല്‍ഹിയും ആറ് മത്സരങ്ങള്‍ വീതം വിജയിച്ച സണ്‍റൈസേഴ്സ് ഹൈദരാബാദ്, കിങ്സ് ഇലവന്‍ പഞ്ചാബ്, രാജസ്ഥാന്‍ റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് എന്നിവര്‍ മത്സരത്തില്‍ ഇപ്പോഴും സജീവമാണ്. ചെന്നൈ പുറത്താവുകയും ചെയ്തിരിക്കുന്നു. ഇവിടെയാണ് ഐ.പി.എല്ലിലെ കണക്കുകളിലെ കളി ആരംഭിക്കുന്നത്. മുംബൈയെയും ചെന്നൈയേയും മാറ്റിനിര്‍ത്തിയാല്‍ മറ്റു ടീമുകള്‍ക്കെല്ലാം ബാക്കിയുള്ള ഒരു മത്സരം നിര്‍ണായകമാകുന്നത് ഇങ്ങനെയാണ്.

ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ ഇന്നിറങ്ങുന്ന കിങ്സ് ഇലവന്‍ പഞ്ചാബില്‍ നിന്നു തന്നെ തുടങ്ങാം. ആദ്യ പകുതിയില്‍ കളിച്ച 7 മത്സരങ്ങളില്‍ ആറും തോറ്റ് അവസാന സ്ഥാനത്തായിരുന്ന പഞ്ചാബ് പിന്നീട് സ്വപ്ന തുല്യമായ തിരിച്ചുവരവാണ് നടത്തിയത്. തുടര്‍ച്ചയായ അഞ്ച് ജയങ്ങള്‍. 13 മത്സരങ്ങളില്‍ നിന്ന് ഏഴ് തോല്‍വിയും ആറ് ജയവും. അതുകൊണ്ടുതന്നെ, ചെന്നൈക്കെതിരായ ഇന്നത്തെ മത്സരം പഞ്ചാബിന് ജീവന്‍ മരണ പോരാട്ടമായിരിക്കും. ഭേദപ്പെട്ട റണ്‍റേറ്റുള്ളതിനാല്‍ നാലാം സ്ഥാനവുമായി പ്ലേ ഓഫിലേക്ക് കടക്കാന്‍ ഇന്നത്തെ ജയം പഞ്ചാബിനെ സഹായിച്ചേക്കാം. പക്ഷെ, അത് മറ്റു ടീമുകളുടെ പ്രകടനങ്ങളെക്കൂടി ആശ്രയിച്ചായിരിക്കും.

നിലവില്‍ രണ്ടും മൂന്നും സ്ഥാനത്തിരിക്കുന്ന ബാംഗ്ലൂരിനും ഡല്‍ഹിക്കും വരെ പുറത്താകാന്‍ സാധ്യതയുണ്ട് എന്നതാണ് മറ്റൊരു സാധ്യത. ഇരു ടീമുകളും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നതാണ് ഇരു ടീമുകളുടെയും അവസാന മത്സരം എന്നതും കൌതുകകരമാണ്. ഈ മത്സരത്തില്‍ ഒരു വലിയ പരാജയം അഭിമുഖീകരിക്കേണ്ടി വന്നാല്‍ ഈ ടീമുകളിലൊന്ന് പുറത്ത് പോകാനും സാധ്യതയുണ്ട്. പക്ഷെ, അതൊരു വിദൂര സാധ്യത മാത്രമാണ്.

ഈ ആറ് ടീമുകള്‍ക്ക് പ്ലേ ഓഫിലേക്ക് കടക്കുന്നതിനുള്ള സാധ്യതകള്‍ ഇതെല്ലാമാണ്...

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ - ഡല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പ്പിക്കണം.

ഡല്‍ഹി ക്യാപിറ്റല്‍സ് - ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെ തോല്‍പ്പിക്കണം.

സണ്‍റൈസേഴ്സ് ഹൈദരാബാദ് - മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിണം. മുംബൈക്കെതിരായ ജയത്തോടൊപ്പം ഡല്‍ഹിയോ ബാംഗ്ലൂരോ വലിയ മാര്‍ജിനില്‍ തോല്‍ക്കുകയാണെങ്കിലും സാധ്യതകള്‍ വര്‍ദ്ധിക്കും.

കിങ്സ് ഇലവന്‍ പഞ്ചാബ് - ചെന്നൈ സൂപ്പര്‍ കിങ്സിനെ തോല്‍പ്പിക്കുകയും മുംബൈ ഇന്ത്യന്‍സ് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ തോല്‍പ്പിക്കുകയും ചെയ്യണം. (മേല്‍പ്പറഞ്ഞ സാധ്യതകളോടൊപ്പം ഡല്‍ഹിയോ ബാംഗ്ലൂരോ വലിയ മാര്‍ജിനില്‍ തോല്‍ക്കുകയാണെങ്കിലും സാധ്യതകള്‍ വര്‍ദ്ധിക്കും.)

രാജസ്ഥാന്‍ റോയല്‍സ് - കിങ്സ് ഇലവന്‍ പഞ്ചാബ് ചെന്നൈക്കെതിരെയും സണ്‍റൈസേഴ്സ് മുംബൈക്കെതിരെയും തോല്‍ക്കുകയും മികച്ച റണ്‍റേറ്റില്‍ കൊല്‍ക്കത്തയെ തോല്‍പ്പിക്കുകയും ചെയ്യണം. (മേല്‍പ്പറഞ്ഞ സാധ്യതകളോടൊപ്പം ഡല്‍ഹിയോ ബാംഗ്ലൂരോ വലിയ മാര്‍ജിനില്‍ തോല്‍ക്കുകയാണെങ്കിലും സാധ്യതകള്‍ വര്‍ദ്ധിക്കും.)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് - പഞ്ചാബ് ചെന്നൈക്കെതിരെയും സണ്‍റൈസേഴ്സ് മുംബൈക്കെതിരെയും തോല്‍ക്കുകയും മികച്ച റണ്‍റേറ്റില്‍ രാജസ്ഥാനെ തോല്‍പ്പിക്കുകയും ചെയ്യണം‍. (മേല്‍പ്പറഞ്ഞ സാധ്യതകളോടൊപ്പം ഡല്‍ഹിയോ ബാംഗ്ലൂരോ വലിയ മാര്‍ജിനില്‍ തോല്‍ക്കുകയാണെങ്കിലും സാധ്യതകള്‍ വര്‍ദ്ധിക്കും.)