LiveTV

Live

Cricket

സൂപ്പര്‍ ഓവറിനിടെ കണ്ണുനിറഞ്ഞിരിക്കുന്ന ഇഷാന്‍; ആശ്വാസവുമായി സോഷ്യല്‍ മീഡിയ

ആദ്യ രണ്ട് മത്സരങ്ങളിലും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ ഇഷാന് അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ കളത്തിലിറങ്ങിയ മൂന്നാം മത്സരത്തില്‍ ഇഷാന്‍ ഏവരെയും ഞെട്ടിച്ചു

സൂപ്പര്‍ ഓവറിനിടെ കണ്ണുനിറഞ്ഞിരിക്കുന്ന ഇഷാന്‍; ആശ്വാസവുമായി സോഷ്യല്‍ മീഡിയ

ഐ.പി.എല്‍ 2020ലെ ഏറ്റവും മികച്ച മത്സരങ്ങളിലൊന്നായിരുന്നു തിങ്കളാഴ്ച നടന്ന റോയല്‍ ചലഞ്ചേഴ്സ ബാംഗ്ലൂര്‍ - മുംബൈ ഇന്ത്യന്‍സ് മത്സം. സൂപ്പര്‍ ഓവറിലേക്ക് നീണ്ട മത്സരം മുംബൈയുടെ കയ്യില്‍ നിന്നും കോഹ്‍ലിപ്പട കൈക്കലാക്കുകയായിരുന്നു. മത്സരത്തില്‍ ഏറ്റവും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചത് ഇഷാന്‍ കിഷന്‍ എന്ന 22 കാരന്‍റെയായിരുന്നു.

58 പന്തില്‍ നിന്നും 99 റണ്‍സാണ് ഈ വിക്കറ്റ്കീപ്പര്‍ ബാറ്റ്സ്മാന്‍ നേടിയത്. ഒരു ഫോറും ഒമ്പത് സിക്സറും അടങ്ങുന്ന ഇഷാന്‍റെ ഇന്നിങ്സാണ് മുംബൈയുടെ റണ്‍വേട്ടയില്‍ നട്ടെല്ലായി നിന്നത്. എന്നാല്‍ മത്സരത്തിന് ശേഷം ഏവരെയും വിഷമിപ്പിച്ച ഇഷാന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

കളിക്കളത്തില്‍ സൂപ്പര്‍ ഓവര്‍ നടന്നുകൊണ്ടിരിക്കെ, ടീമിന് സ്കോര്‍ ചെയ്യാന്‍ സാധിക്കാതെ വന്ന സമയത്ത് ഇഷാന്‍ കിഷന്‍ വികാരഭരിതനാവുന്ന ചിത്രമാണ് അത്. അത്രയും നേരം ക്രീസില്‍ ചെലവഴിക്കുകയും മുംബൈക്കായി സിക്സറുകള്‍ പറത്തുകയും ചെയ്ത ഇഷാന്‍ കണ്ണുനിറഞ്ഞിരിക്കുന്ന കാഴ്ച.

ആദ്യ രണ്ട് മത്സരങ്ങളിലും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ ഇഷാന് അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ കളത്തിലിറങ്ങിയ മൂന്നാം മത്സരത്തില്‍ ഇഷാന്‍ ഏവരെയും ഞെട്ടിച്ചു. മഹേന്ദ്രസിങ് ധോണി ഒഴിഞ്ഞുവെച്ച ഇന്ത്യന്‍ ടീമിലെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ സ്ഥാനത്തേക്ക് സഞ്ജു വി സാംസണിനൊപ്പം പരിഗണിക്കാവുന്ന പേരാണ് ഇഷാന്‍ കിഷന്‍റേതും.