LiveTV

Live

Cricket

കോവിഡ് നിയന്ത്രണങ്ങള്‍ പോലും പ്രഹരമേല്‍പിച്ചില്ല, പക്ഷെ...; അമ്പയറിനെതിരെ പ്രീതി സിന്‍റ

ഇത്രയധികം സാങ്കേതിക വിദ്യ ലഭ്യമായ ഇക്കാലത്തും മത്സരഫലത്തെ സ്വാധീനിക്കുന്ന വിധത്തിൽ ഇത്തരമൊരു പിഴവ് സംഭവിച്ചത് സ്വീകാര്യമല്ലെന്ന് പറഞ്ഞ് ഒരുപാട് പ്രമുഖരും രംഗത്തെത്തിയിരുന്നു

കോവിഡ് നിയന്ത്രണങ്ങള്‍ പോലും പ്രഹരമേല്‍പിച്ചില്ല, പക്ഷെ...; അമ്പയറിനെതിരെ പ്രീതി സിന്‍റ

ഐ.പി.എല്ലില്‍ പല നാടകീയതകള്‍ക്കൊടുവില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനെ ഡല്‍ഹി ക്യാപിറ്റല്‍സ് സൂപ്പര്‍ ഓവറില്‍ പരാജയപ്പെടുത്തിയിരുന്നു. ഒരു റണ്ണിന് പോലും വലിയ വില നല്‍കേണ്ടിയിരുന്ന മത്സരത്തില്‍ അംപയറുടെ പിഴവ് മൂലം കിങ്സ് ഇലവന് ഒരു റണ്‍സ് നഷ്ടമായതിനെ വിമര്‍ശിച്ച് നടിയും ടീം ഉടമയുമായ പ്രീതി സിന്‍റ. കോവിഡ് വ്യാപനം സൃഷ്ടിച്ച നിയന്ത്രണങ്ങളില്‍ പോലും ഇത്രയും പ്രഹരം നേരിട്ടിട്ടില്ലെന്ന് നടി ട്വിറ്ററില്‍ കുറിച്ചു.

വിരേന്ദര്‍ സെവാഗിന്‍റെ ട്വീറ്റിന് റീ ട്വീറ്റ് ചെയ്യുകയായിരുന്നു സിന്‍റ. മത്സരഫലത്തെപോലും സ്വാധീനിച്ച പിഴവിനു കാരണക്കാരനായ അമ്പയറിനാണ് ‘മാൻ ഓഫ് ദ് മാച്ച്’ പുരസ്കാരം നൽകേണ്ടതെന്ന് പരിഹസിച്ചായിരുന്നു സെവാഗിന്‍റെ ട്വീറ്റ്.

ഇത്രയധികം സാങ്കേതിക വിദ്യ ലഭ്യമായ ഇക്കാലത്തും മത്സരഫലത്തെ സ്വാധീനിക്കുന്ന വിധത്തിൽ ഇത്തരമൊരു പിഴവ് സംഭവിച്ചത് സ്വീകാര്യമല്ലെന്ന് പറഞ്ഞ് ഒരുപാട് പ്രമുഖരും രംഗത്തെത്തിയിരുന്നു. ഇത്തരമൊരു പിഴവ് ശ്രദ്ധയിൽപ്പെട്ട അവസരത്തിൽത്തന്നെ സ്കോർ തിരുത്തേണ്ടിയിരുന്നുവെന്ന് പ്രശസ്ത കമന്റേറ്റർ ഹർഷ ഭോഗ്‍ലെ ചൂണ്ടിക്കാട്ടി. രാജ്യാന്തര ക്രിക്കറ്റിൽപ്പോലും പിഴവു പരിഹരിക്കാൻ ഇത്തരത്തിൽ സ്കോർ തിരുത്തിയ സംഭവമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതിനിടെ അമ്പയറുടെ പിഴവിൽ വിജയം നഷ്ടമായ സാഹചര്യത്തിൽ കിങ്സ് ഇലവൻ പഞ്ചാബ് മാച്ച് റഫറിക്ക് പരാതി നൽകി. കിങ്സ് ഇലവൻ സിഇഒ സതീഷ് മേനോനാണ് ഇക്കാര്യം അറിയിച്ചത്. ‘മനുഷ്യ സഹജമായ തെറ്റുകൾ മനസ്സിലാക്കാവുന്നതേയുള്ളൂ. എങ്കിലും ഐപിഎൽ പോലുള്ളൊരു ലോകോത്തര ടൂർണമെന്റിൽ ഇത്തരം മാനുഷിക പിഴവുകൾക്ക് സ്ഥാനമില്ല. ആ ഒരു റൺ ഞങ്ങൾക്ക് പ്ലേ ഓഫ് സ്ഥാനം നഷ്ടമാക്കിയെങ്കിലോ?’ – സതീഷ് ചോദിച്ചു.