LiveTV

Live

Cricket

ബോള്‍ ചെയ്ത ശേഷം പന്ത് തടയാന്‍ ബൌണ്ടറിയിലേക്കുള്ള ആ ഓട്ടം... ഇത് ബെന്‍ സ്റ്റോക്സ് സ്റ്റൈല്‍; വീഡിയോ വൈറല്‍

ഐസിസി റാങ്കിങ്ങിൽ ഓൾറൗണ്ടർമാരുടെ പട്ടികയിൽ സ്റ്റോക്സ് ഒന്നാമതുമെത്തിയിരുന്നു

ബോള്‍ ചെയ്ത ശേഷം പന്ത് തടയാന്‍ ബൌണ്ടറിയിലേക്കുള്ള ആ ഓട്ടം... ഇത് ബെന്‍ സ്റ്റോക്സ് സ്റ്റൈല്‍; വീഡിയോ വൈറല്‍

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ തകർപ്പൻ ഓൾറൗണ്ട് പ്രകടനവുമായി ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ച ബെൻ സ്റ്റോക്സിന്റെ അർപ്പണബോധം വെളിവാക്കുന്ന ഫീൽഡിങ് വിഡിയോ വൈറലാകുന്നു. വിന്‍ഡീസിനെതിരായ മത്സരത്തിനിടെ ബോൾ ചെയ്തശേഷം ബൗണ്ടറി വരെ ഓടി സ്റ്റോക്സ് ഫോർ തടയുന്നതിന്റെ വിഡിയോയാണ് വൈറലാകുന്നത്. കളിയോടുള്ള അർപ്പണ മനോഭാവവും സ്റ്റോക്സിന്റെ കായികക്ഷമതയുമാണ് ഇതിലൂടെ പ്രകടമാകുന്നതെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു.

വെസ്റ്റ് ഇൻഡീസിന്റെ രണ്ടാം ഇന്നിങ്സിൽ 43–ാം ഓവറിലാണ് സംഭവം. 312 റൺസ് വിജയലക്ഷ്യവുമായി അവസാന ദിനം ബാറ്റിങ്ങിന് ഇറങ്ങിയ വിൻഡീസ് ഒരു ഘട്ടത്തിൽ നാലിന് 37 റൺസ് എന്ന നിലയിൽ തകർന്നു. എന്നാൽ, അർധസെഞ്ചുറി നേടിയ ഷമർ ബ്രൂക്സും (62), ജെർമൻ ബ്ലാക്ക്‌വുഡും (55) ചേർന്ന് അഞ്ചാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് തീർത്ത് കരീബിയന്‍ പടക്ക് ആശ്വാസം പകര്‍ന്നു. ഇതിനിടെയാണ് സ്വന്തം ബോളിങ്ങിൽ ബൗണ്ടറി തടയാൻ സ്റ്റോക്സ് കുതിച്ചുപാഞ്ഞത്.

മിഡ് ഓഫ് ഉൾപ്പെടെ ഒഴിച്ചിട്ട് വിൻഡീസിനെ പ്രതിരോധത്തിലാക്കുന്ന വിധത്തിലാണ് നായകന്‍ ജോ റൂട്ട് ഫീൽഡ് സെറ്റ് ചെയ്തത്. ഇതിനിടെ സ്റ്റോക്സിന്റെ ഒരു പന്ത് ബ്ലാക്ക്‌വുഡ് മിഡ് ഓഫിലൂടെ ബൗണ്ടറിയിലേക്ക് പായിക്കുകയായിരുന്നു. അത്ര വേഗത്തിലല്ലാതെ പന്ത് ബൗണ്ടറിയിലേക്ക് നീങ്ങുന്നതിനിടെ ബോൾ ചെയ്തശേഷം ഓടിയെത്തിയ സ്റ്റോക്സ് ലോങ് ഓഫിൽവച്ച് പന്ത് തടയുകയായിരുന്നു. പിന്നീട് ഇതേ ഓവറിൽ ബ്ലാക്ക്‌വുഡിനെ പുറത്താക്കി സ്റ്റോക്സ് കൂട്ടുകെട്ട് പൊളിക്കുകയും ചെയ്തു.

മത്സരത്തിന്റെ ഒന്നാം ഇന്നിങ്സിൽ സെഞ്ചുറിയും രണ്ടാം ഇന്നിങ്സിൽ അർധസെഞ്ചുറിയും നേടിയ സ്റ്റോക്സ്, മൂന്നു വിക്കറ്റുകളും വീഴ്ത്തി കളിയിലെ താരമായിരുന്നു. ഇതിനു പിന്നാലെ ഐസിസി റാങ്കിങ്ങിൽ ഓൾറൗണ്ടർമാരുടെ പട്ടികയിൽ സ്റ്റോക്സ് ഒന്നാമതുമെത്തിയിരുന്നു.